തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന കേസില്‍ ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമയെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ തൈക്കാട് ആശുപത്രിക്ക് സമീപത്തെ സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണയെയാണ് പൊലീസ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. കാനഡയില്‍ നിന്നും ബംഗളൂരുവിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പോലീസ് നീക്കമാണ് നിര്‍ണ്ണായകമായത്. അതിനിടെ പുതിയൊരു എഫ് ഐ ആറും കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20 ലക്ഷം നഷ്ടമായെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കൊച്ചിലെ പല പ്രമുഖരിലേക്കും കേസ് അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.

തട്ടിപ്പില്‍ രണ്ടാം പ്രതി എറണാകുളം കടവന്ത്ര എ.ബി.എം ടവേഴ്സില്‍ കെ.ടി.തോമസിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്നു തിരുവനന്തപുരം ഡിസിപി ടി.ഫറാഷ് അറിയിച്ചു. ഗോള്‍ഡന്‍വാലി നിധി എന്ന പേരില്‍ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ സ്ഥാപനം നടത്തിയിരുന്നത്. സ്വര്‍ണവായ്പയും സ്ഥിര അക്കൗണ്ടുകളും വഴി പണം സമാഹരിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാത്ത അവസ്ഥയുണ്ടായി. നിക്ഷേപകര്‍ സമീപിച്ചപ്പോള്‍ സമയം നീട്ടിവാങ്ങി താരയും തോമസും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി.

താരയും ഭര്‍ത്താവ് രാധാകൃഷ്ണനും ചേര്‍ന്നായിരുന്നു തട്ടിപ്പെന്നാണ് ആരോപണം. എന്നാല്‍ കമ്പനിയില്‍ ഭര്‍ത്താവ് ഡയറക്ടറായിരുന്നു. തുടക്കത്തില്‍ തുഷാര്‍ എന്നൊരാളും കമ്പനിയിലുണ്ടായിരുന്നു. പിന്നീട് ഇയാളെ പുറത്താക്കി. പിന്നീട് തോമസും താരയുമായിരുന്നു ഡയറക്ടര്‍മാര്‍. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനെ പോലും പോലീസ് അറസ്റ്റു ചെയ്യാത്തത്. താരയുടെ അറസ്റ്റ് കണ്ട് ഭര്‍ത്താവിന് അന്ധാളിച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. താരയുടെ മകന്‍ കാനഡയിലാണ് പഠിച്ചിരുന്നത്. തട്ടിപ്പ് നടത്തിയ പണവുമായി താര മുങ്ങിയത കാനഡയിലേക്കാണ്. ഇതിനിടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ അറസ്റ്റുണ്ടാകുമെന്ന് കരുതി അവര്‍ ബംഗ്ലൂരുവിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് കുടുക്കായി. ഇവര്‍ കാനഡയിലുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് നിര്‍ണ്ണായകമായത്.

താരയും, ഭര്‍ത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബെംഗളൂരുവില്‍ എത്തിയത് കേരളാ പോലീസിനെ എമിഗ്രേഷന്‍ അറിയിച്ചു. ഇതോടെ പ്രത്യേക അനുമതിയോടെ തമ്പാനൂര്‍ സിഐയും സംഘവും ബംഗളൂരുവിലേക്ക് പോയി. അവിടെ വച്ചാണ് പൊലീസ് സംഘം താരയെ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ തിരുമല, പട്ടം, ഹരിപ്പാട് ശാഖകള്‍ പൂട്ടിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. തൈയ്ക്കാട്, കാട്ടാക്കട, ആര്യനാട് ശാഖകളില്‍നിന്നു നിരവധി പേര്‍ക്ക് തുക തിരികെ നല്‍കാനുള്ളതായി പരാതികളും ഉണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് ആറു മാസം മുന്‍പ് മരവിപ്പിച്ചിരുന്നു. പ്രതിക്കെതിരെ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചതായി കാട്ടക്കട എസ്.എച്ച്.ഒ അറിയിച്ചു.

തോമസിനേയും പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ മുന്‍ ഡയറക്ടര്‍ തുഷാറിനെ തിരിച്ചറിയാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാപക തട്ടിപ്പ് ഈ മൂന്ന് പേരും ചേര്‍ന്ന് നടത്തിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള ഫാഷന്‍ പരിപാടി നടത്തിയതോടെയാണ് ഇവരുടെ തട്ടിപ്പ് വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ഡയറക്ടര്‍മാര്‍ ധൂര്‍ത്ത് നടത്തുകയും, മറ്റു അനധികൃത പരിപാടികള്‍ നടത്തുകയും ചെയ്തതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍മാരായ താര, തോമസ് ഉള്‍പ്പെടെയുള്ളവര്‍ പല തീയതികള്‍ പറഞ്ഞു നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങാന്‍ ഒരു വര്‍ഷം മുന്‍പെ ശ്രമം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി താരയുടെ പേരില്‍ ഉള്ള വീടും വസ്തുവും അവരുടെ അകന്ന ബന്ധുവിന്റെ പേരില്‍ വിറ്റതായി രേഖ ഉണ്ടാക്കി മാറ്റിയിരുന്നു. താരയുടെ പേരില്‍ ഉള്ള വസ്തു വകകള്‍ എല്ലാം ബന്ധുക്കളുടെ പേരിലേക്ക് മാറ്റി കാനഡയിലേക്ക് ഭര്‍ത്താവുമൊത്ത് മുങ്ങുകയായിരുന്നു. രണ്ടാം പ്രതി തോമസ് കേസ് വന്നതോടെ കുവൈറ്റിലേക്കും മുങ്ങി. ഗോള്‍ഡന്‍ വാലി നിധിയിലേക്ക് ലഭിച്ച നിക്ഷേപ തുകയ്ക്ക് പുറമെ, അവിടെ ലഭിച്ച സ്വര്‍ണ്ണ പണയം ഉള്‍പ്പെടെ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഉയര്‍ന്ന് തുകയ്ക്ക് നിക്ഷേപിച്ചും ഇവര്‍ തട്ടിപ്പ് നടത്തി. അതോടെ കോടിക്കണക്കിന് തുകയുമാണ് ഈ സംഘം മുങ്ങിയത്.