ലണ്ടന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കഴിയേണ്ടത് 19 മണിക്കൂറോളം സമയം. ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ചാംഗിയിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ യാത്രയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വ്വീസ്.

9537 മൈല്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 18 മണിക്കൂറും 50 മിനിറ്റും സമയമെടുക്കും. 2018 ല്‍ കമ്പനി ഇത് ആരംഭിച്ചു. സിംഗപ്പൂര്‍ എയര്‍ലൈനിന്റെ ഏറ്റവും പുതിയ എ.350 വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. നിര്‍ത്താതെ 20 മണിക്കൂറിലധികം പറക്കാന്‍ ഇവയ്ക്ക് കഴിയും. പരിഷ്‌കരിച്ച ഇന്ധന സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിമാനത്തിന് ഇത്രയും നേരം പറക്കാന്‍ കഴിയും. വിമാനത്തിന്റെ മൊത്തം ഇന്ധന ശേഷി 24,000 ലിറ്ററായി ഉയര്‍ത്താനുള്ള കഴിവ് ഇതിനുണ്ട്.

എന്നിരുന്നാലും, ഈ യാത്ര സാധാരണക്കാരെ സംബന്ധിച്ച് അത്ര സുഖകരമല്ല. ഇതിന്റെ പ്രധാന കാരണം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ റൂട്ടില്‍ ഇക്കണോമി ക്ലാസ് വാഗ്ദാനം ചെയ്യുന്നില്ല. പകരം കമ്പനി് 67 ബിസിനസ് ക്ലാസ് സീറ്റുകളും 94 പ്രീമിയം ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഇതില്‍ സജ്ജീകരിച്ചിട്ടുള്ളത്. പ്രീമിയം ഇക്കണോമിയില്‍, യാത്രക്കാര്‍ക്ക് അധിക ലെഗ്‌റൂം, ഒരു ഫുട്‌റെസ്റ്റ്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ് എന്നിവ ലഭിക്കും. കൂടാതെ ഹെഡ്‌ഫോണുകളും വൈഫൈയും പ്രയോജനപ്പെടുത്താം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പരമാവധി സ്വകാര്യത ആസ്വദിക്കാം. അവരുടെ സീറ്റുകള്‍ പൂര്‍ണ്ണമായും പരന്ന കിടക്കകളായി മാറ്റാം.

യാത്ര ചെയ്യുമ്പോള്‍ സുഖകരമായി ഉറങ്ങാന്‍ യാത്രക്കാര്‍ക്ക് കഴിയും. അങ്ങേയറ്റം സുഖകരമായ യാത്രയാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് അവകാശപ്പെടുന്നത്. ഉയര്‍ന്ന മേല്‍ത്തട്ട്, വലിയ ജനാലകള്‍, ജെറ്റ്ലാഗ് കുറയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ലൈറ്റിംഗ് എന്നിവ പോലുള്ള നിരവധി അധിക സവിശേഷതകള്‍ വിമാനത്തിലുണ്ട്. വിമാനത്തിന്റെ പുതിയ കാര്‍ബണ്‍ കോമ്പോസിറ്റ് എയര്‍ഫ്രെയിം മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കുമെന്ന് എയര്‍ലൈന്‍ അവകാശപ്പെടുന്നു.

സാധാരണയായി വളരെ സമ്പന്നരായ വ്യക്തികളാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാറുള്ളത്. രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനുള്ള 'ഏറ്റവും വേഗതയേറിയ മാര്‍ഗം' ആയിരിക്കും പുതിയ റൂട്ട് എന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സിഇഒ ഗോ ചൂണ്‍ ഫോങ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി ഏറ്റവും അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള വിമാനങ്ങളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.