ഡാനാംഗ്: വിയറ്റ്നാമിലെ ഡാനാംഗിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരിയുടെ പിടിവാശിയെ തുടർന്ന്. സഹയാത്രികരുടെ മുന്നിൽ വെച്ച് പങ്കാളിയുമായി വഴക്കുണ്ടാക്കിയ യുവതി, തനിക്ക് ഇഷ്ടപ്പെട്ട സീറ്റിൽ ഇരിക്കണം എന്ന വാശിപിടിച്ചതാണ് വിമാന സർവീസ് വൈകാൻ കാരണമായത്. കാമുകനൊപ്പം ഒരേ സീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി.

ഹോങ്കോംഗ് എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് ലഭിച്ച സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ച യുവതി ജീവനക്കാരെയും സഹയാത്രികരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അധികൃതർ യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. വൈകുന്നേരം 6.30-ന് പുറപ്പെടേണ്ടിയിരുന്ന എച്ച്കെ എക്സ്പ്രസ് UO559 വിമാനം യുവതിയുടെ ബഹളത്തെ തുടർന്ന് രണ്ട് മണിക്കൂറോളമാണ് വൈകിയത്. തുടർന്ന് 8.10-നാണ് വിമാനം യാത്ര തിരിച്ചത്.

വിമാനത്തിൽ കയറുന്നതിന് മുമ്പുതന്നെ യുവതിയും കാമുകനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നതായി സഹയാത്രികർ പറയുന്നു. കാമുകൻ തന്നോട് വഞ്ചന കാണിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. അനുചിതമായ ലൈംഗിക പെരുമാറ്റം നടത്തിയെന്നും മറ്റുള്ളവരെ നോക്കി കണ്ണുകാണിച്ചെന്നും ആരോപിച്ച് വിമാനത്തിൽ കയറിയത് മുതൽ യുവതി ബഹളം ഉണ്ടാക്കി. പങ്കാളിയുടെ ഭാഗത്ത് നിന്ന് 40 തവണയെങ്കിലും ലൈംഗിക ഉപദ്രവമുണ്ടായെന്നും ഇതിന് വൈദ്യസഹായം തേടിയ രേഖകളുണ്ടെന്നും യുവതി പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.

തുടർന്ന് ഇരുവരെയും പ്രത്യേകം സീറ്റുകളിലാണ് ഇരുത്തിയത്. എന്നാൽ, ഇതിൽ അതൃപ്തി പ്രകടിപ്പിച്ച യുവതി, പങ്കാളിയുടെ അടുത്ത സീറ്റ് വേണമെന്ന് വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടു. നിലവിൽ സീറ്റുകൾ നിശ്ചയിച്ചുകഴിഞ്ഞെന്നും മാറ്റാൻ കഴിയില്ലെന്നും ജീവനക്കാർ അറിയിച്ചതോടെ യുവതി വീണ്ടും പ്രകോപിതയായി. വിമാനത്തിലെ ജീവനക്കാരിയെ പിടിച്ചുതള്ളുകയും സംസാരിക്കുന്നതിനിടയിൽ മുഖത്ത് നോക്കി കരയുകയും അലറുകയും ചെയ്തു. സഹയാത്രികർ ഞെട്ടലോടെയാണ് ഇത് കണ്ടുനിന്നത്. യുവതിയേയും പങ്കാളിയേയും വിമാനത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇരുവരെയും വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷമാണ് വിമാനം യാത്ര തിരിച്ചത്. വിമാനത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം മാഞ്ചസ്റ്ററിൽ നിന്ന് ഇബിസയിലേക്ക് തിരിച്ച ഒരു ജെറ്റ് ടു വിമാനത്തിലും സമാന സംഭവം നടന്നിരുന്നു. വിമാനത്തിൽ കൂട്ടത്തല്ല് നടത്തിയ യാത്രക്കാരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. അതാകട്ടെ, ഏറെ നാശനഷ്ടം വരുത്തുകയും ചെയ്തു.