നോവി ടാര്‍ഗ്: വിമാനത്തിലെ പൈലറ്റുമാരുടെ കാഴ്ച മറച്ച് 9 വയസുകാരന്റെ അപകടകരമായ ഗ്രീന്‍ ലേസര്‍ പ്രയോഗം. തെക്കന്‍ പോളണ്ടിലെ നോവി ടാര്‍ഗ് നഗരത്തിനു മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തിന്റെ കോക്ക്പിറ്റിന് നേരേയാണ് കുട്ടി ഈ കടുംകൈ കാട്ടിയത്.

തീവ്രമായ രശ്മി കണ്ണില്‍ പതിച്ചതോടെ കുറച്ചുസമയത്തേക്ക് പൈലറ്റുമാര്‍ക്ക് കാഴ്ചാപ്രശ്‌നമുണ്ടായി. ഒക്ടോബര്‍ 31 നാണ് പൊലീസിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുട്ടിയാണ് ഇതിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചത്. വിമാനത്തിന് നേരെ ലേസര്‍ ചൂണ്ടുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ഈ കേസില്‍ കുട്ടിയുടെ പ്രായം കണക്കിലെടുത്ത് അധികൃതര്‍ ഉപകരണം കണ്ടുകെട്ടുക മാത്രമാണ് ചെയ്തത്.