ഴിഞ്ഞ വര്‍ഷത്തെ മിസ്സ് യൂണിവേഴ്സ് ജേതാവ് ഈ വര്‍ഷത്തെ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. മത്സരാര്‍ത്ഥി ആയിരുന്ന മിസ് മെക്സിക്കോ മെലിസ ഫ്ളോറസ് ബോഷിനെ വേദിയില്‍ വെച്ച് സംഘാടക സമിതി അധ്യക്ഷന്‍ പരസ്യമായി ശാസിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. തീരെ ബഹുമാനം കാണിക്കാതെ പെരുമാറി എന്നതിന്റെ പേരിലായിരുന്നു ഇവര്‍ ഇറങ്ങിപ്പോയത്.

തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള മിസ്സ് യൂണിവേഴ്സ് ഡെലിഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിന്നാണ് വിക്ടോറിയ തെയില്‍വിഗ് ഇറങ്ങിപ്പോയത്. ഡസന്‍ കണക്കിന് മറ്റ് സൗന്ദര്യ റാണിമാരുടെ മുന്നില്‍ വെച്ചാണ് മെലിസ ഫ്ലോറസ് ബോഷിനെ ശകാരിച്ചത്. പരിപാടിയുടെ തത്സമയ സംപ്രേക്ഷണ ചടങ്ങിനിടെയാണ് സംഭവം നടന്നത്. മിസ്സ് യൂണിവേഴ്സ് ഓര്‍ഗനൈസേഷനിലെ ഏഷ്യ, ഓഷ്യാനിയ വൈസ് പ്രസിഡന്റ് നവത് ഇത്സരഗ്രിസില്‍, ആ ദിവസം നേരത്തെ ഒരു സ്പോണ്‍സര്‍ ഷൂട്ടില്‍ ബോഷ് പങ്കെടുക്കാത്തത് എന്ത് കൊണ്ടാണെന് വിശദീകരണം തേടി.

ഇത് സംബന്ധിച്ച ദൃശ്യങ്ങളില്‍ ലൈവ് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് സ്വയം വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് പരസ്യമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സാധ്യമല്ലെന്ന് ബോഷ് വ്യക്തമാക്കി. തുടര്‍ന്ന് നവത് അവരെ വിഡ്ഡി എന്ന് വിളിച്ചു എന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹം സുരക്ഷാ ജീവനക്കാരോട് ബോഷിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇറങ്ങിപ്പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. പിന്നീട് മല്‍സരാര്‍ത്ഥികള്‍ പുറത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ പോകരുത് എന്ന് നവാത് അവരോട് ആക്രോശിക്കുന്നതായും കാണാം.

ചടങ്ങില്‍ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയ മത്സരാര്‍ത്ഥികളില്‍ ഒരാളായ വിക്ടോറിയ തെയ്ല്‍വിഗ്, പിന്നീട് വേദിയില്‍ തുടരില്ലെന്ന് പ്രഖ്യാപിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് എന്നാണ് അവര്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത് എന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആരാധകരും മുന്‍ മത്സരാര്‍ത്ഥികളും തെയ്ല്‍വിഗിന്റെ വാക്ക്ഔട്ടിനെ സത്യസന്ധതയുടെയും ധൈര്യത്തിന്റെയും പ്രവൃത്തിയായി പ്രശംസിച്ചു. പലരും ഈ നിമിഷത്തെ മിസ് യൂണിവേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ശാക്തീകരണ പ്രവൃത്തി എന്ന് വിശേഷിപ്പിച്ചു.

എന്നാല്‍ ചിലരാകട്ടെ അവര്‍ പ്രോട്ടോക്കോള്‍ മറികടന്ന് ഒരു ഔദ്യോഗിക പരിപാടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന്, തെയ്ല്‍വിഗ് പിന്തുണ സന്ദേശത്തോടൊപ്പം മിസ്സ് യൂണിവേഴ്സ് വേദിയില്‍ അവരുടെയും ബോഷിന്റെയും ഒരു ഫോട്ടോ അപ്ലോഡ് ചെയ്തു.