- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാന്‍ പഴയ 'അജിത് കുമാര്‍ മോഡല്‍' വീണ്ടും എത്തുന്നു; വിരമിച്ച പോലീസുകാരെ രഹസ്യ പോലീസാക്കാന്‍ പിണറായി സര്‍ക്കാര്‍; പെന്‍ഷനൊപ്പം ഓണറേറിയം നല്‍കും; സിപിഎം അനുകൂലരായ വിരമിച്ച പോലീസുകാര്‍ക്ക് കോളടിക്കും; പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ പിണറായി അവതരിപ്പിക്കുമ്പോള്‍
തിരുവനന്തപുരം: കേരളാ പോലീസിന് ഇനി 'രഹസ്യ കണ്ണും'. പുതിയ ഇന്റലിജന്‍സ് സംവിധാനം രൂപപ്പെടുത്തുകയാണ് കേരളാ പോലീസ്. രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്ത് വിരമിച്ചവരെയാണ് പുതിയ ദൗത്യം ഏല്പിക്കുന്നത്. എഡിജിപി (ഇന്റലിജന്‍സ്) യുടെ നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരാള്‍ വീതമുണ്ടാകും. ഇവരുടെ ഫയല്‍ എസ്എച്ച്ഒമാര്‍ കൈകാര്യം ചെയ്യണം. എന്നാല്‍ ഇതില്‍ മറ്റ് ചില പ്രശ്‌നങ്ങളുമുണ്ട്.
ഇത്തരത്തില്‍ കൂടുതല്‍ പേരെ വേണമെങ്കില്‍ സേനയില്‍ നിന്നു തന്നെ നിയമനം നടത്തിക്കൂടേ എന്നതാണ് ഉയരുന്ന ചോദ്യം. പുതിയ തസ്തിക സൃഷ്ടിച്ചാല്‍ പി എസ് സി ലിസ്റ്റിലൂടെ കൂടുതല്‍ പേര്‍ക്ക് ജോലിയും കിട്ടും. ഇതിന് പകരം വിരമിച്ചവരെ നിയമിക്കാനുള്ള നീക്കം പല ഇടതു നേതാക്കള്‍ക്കും വിരമിച്ച ശേഷം ശമ്പളം കൊടുക്കാനുള്ള തന്ത്രമാണെന്ന് സൂചനകളുണ്ട്. സിപിഎം നിയന്ത്രണത്തിലാണ് പോലീസിലെ സംഘടനാ പ്രവര്‍ത്തനം. തലപ്പത്ത് ഇരിക്കുന്ന പലരും വിരമിക്കാറുമായി. ഇവരെയെല്ലാം വീണ്ടും പോലീസുകാരായി തുടരാന്‍ അനുവദിക്കാനുള്ള നീക്കമായി ഇതിനെ കാണുന്നവരുണ്ട്. ഓണറേറിയം വ്യവസ്ഥയിലാണ് നിയമനം എങ്കിലും പെന്‍ഷന്‍ തുകയ്ക്ക് അപ്പുറം തുക കിട്ടും. ഇതിനൊപ്പം പോലീസിന്റെ സൗകര്യങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
സ്‌പെഷല്‍ ബ്രാഞ്ച് എസിപി/ഡിവൈഎസ്പി മാര്‍ക്കാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‌കേണ്ടത്. നിലവില്‍ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഓരോ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എന്നിവയില്‍നിന്നുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ ഇത്തരം നിയമനം. ഇവര്‍ക്ക് ശമ്പളത്തിനു പകരം പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഓണറേറിയമായിരിക്കും നല്കുക. ഒരു പോലീസ് സ്‌റ്റേഷനില്‍ രണ്ടു പേരുള്ളപ്പോള്‍ എന്തിനാണ് മൂന്നാമന്‍ എന്നതാണ് ഉയരുന്ന ചോദ്യം. പോലീസ് രഹസ്യാന്വേഷണം അതീവ രഹസ്യമായാണ് നടക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് ഇന്റലിജന്‍സ് മേധാവിയിലൂടെയാണ്. ഇതിന് പകരം സര്‍ക്കാരിന് താല്‍പ്പര്യമുള്ളവരെ താഴെ തട്ടില്‍ നിയമിച്ച് വിവരങ്ങള്‍ നേരിട്ടെടുക്കാനുള്ള നീക്കമായും വിലയിരുത്തുന്നുണ്ട്. സാധാരണ ഗതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമായി നിലവിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ വിവരം കൈമാറുന്ന പതിവില്ല. ഇതു കാരണമാണ് പോലീസിലെ പല രഹസ്യങ്ങളും പൊളിയാത്തത്.
പോലീസ് സേനയെ സഹായിക്കുക എന്ന ദൗത്യമാണ് വിരമിച്ച രഹസ്യാന്വേഷണ പോലീസുകാര്‍ക്കുള്ളതെന്നാണ് ഉയര്‍ത്തുന്ന നിലപാട്. ക്രമസമാധാന വിഷയങ്ങള്‍, രാഷ്ട്രീയ സംഘട്ടന സാധ്യതകള്‍, ക്രിമിനല്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍, വര്‍ഗീയസംഘര്‍ഷ സാധ്യതകള്‍, തീവ്രവാദ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി ക്രമസമാധാന ലംഘനങ്ങള്‍ക്കും എല്ലാ സാധ്യതകളും മുന്‍കൂട്ടി അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യുകയാണ് ദൗത്യം. ഇന്റലിജന്‍സ് മേധാവിയിലേക്ക് രഹസ്യങ്ങള്‍ എത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസിലെ സ്‌പെഷ്യല്‍ ബ്രഞ്ച് പ്രവര്‍ത്തിക്കുന്നത്. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ പോലീസ് മേധാവിയേയും കാര്യങ്ങള്‍ അറിയിക്കും. ഇങ്ങനൊരു സംവിധാനമുള്ളപ്പോള്‍ എന്തിനാണ് പുതിയ സംവിധാനമെന്നതാണ് ഉയരുന്ന ചോദ്യം.
നേരത്തെ ഡിജിപി അറിയാതെ അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ പൊലീസില്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ടിരുന്നു. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാര്‍ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചത്. ജില്ലാ കമാന്‍ഡ് സെന്ററുകളില്‍നിന്നു വിവരങ്ങള്‍ എഡിജിപിയുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനായിരുന്നു ഉത്തരവ്. എസ്പിമാരുടെയും കമ്മിഷണര്‍മാരുടെയും ഓഫിസുകളിലാണു നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചതെങ്കിലും ഇവരുടെമേല്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവര്‍. 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ് ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി അജിത് കുമാര്‍ ഒഴിഞ്ഞതോടെ ഈ വിഭാഗം ഇല്ലാതെയായി.
സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 40 പേരും അടിയന്തരമായി മാതൃയൂണിറ്റുകളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ പിന്നീട് ക്രമസമാധാന ചുമതലയില്‍ എത്തിയ എഡിജിപി മനോജ് ഏബ്രഹാം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് എല്ലാവരും മടങ്ങി. സമാന്തര ഇന്റലിജന്‍സിനെതിരെ അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന എസ്.ദര്‍വേഷ് സാഹിബ് കടുത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സംവിധാനമാണ് പുതിയ തലത്തില്‍ തിരിച്ചു കൊണ്ടു വരുന്നത്. ഇവിടെ വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതല്‍ രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടു വരുന്നുവെന്നതാണ് ശ്രദ്ധേയം.




