പാക്കിസ്ഥാന്റെ ഔദ്യോഗിക വിമാന കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗുരുതരമായ പ്രതിസന്ധിയില്‍ പെട്ടതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പല വിമാനങ്ങളും പറക്കാന്‍ യോഗ്യമല്ല എന്ന് ഉറപ്പായ സാഹചര്യമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇവരുടെ പല വിമാനങ്ങളും പറക്കാന്‍ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ എന്‍ജിനിയര്‍മാര്‍ വിസമ്മതിച്ചതാണ് കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.

കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ നിരവധി വിമാനങ്ങള്‍ ഇതോടെ നിലത്തിറക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. സൊസൈറ്റി ഓഫ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയേഴ്‌സ് ഓഫ് പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍മാര്‍ പറക്കാന്‍ യോഗ്യമല്ലാത്ത വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ വിമാനങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇത് കാരണം ഇപ്പോള്‍ ദിവസവും നിരവധി വിമാന സര്‍വ്വീസുകളാണ് റദ്ദാക്കപ്പെടുന്നത്.

പല വിമാനങ്ങളും വൈകിയാണ് സര്‍്വവീസ് നടത്തുന്നതും. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച കമ്പനി ഗുരുതരമായ പ്രതിസന്ധിയാണ് ഇക്കാര്യത്തില്‍ നേരിട്ടത്. പി.ഐ.എ മാനേജ്മെന്റ് ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. അനുമതിയില്ലാതെയാണ് എന്‍ജിനിയര്‍മാര്‍ ജോലി നിര്‍ത്തി വെച്ചതെന്നും ഇത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഡസന്‍ കണക്കിന് വിമാനങ്ങള്‍ ടാര്‍മാക്കുകളില്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ പല വിമാനങ്ങള്‍ക്കും യാത്ര പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അഞ്ച് വിമാനങ്ങള്‍ യാത്ര റദ്ദാക്കിയിരുന്നു.

പ്രധാന അന്താരാഷ്ട്ര റൂട്ടുകളില്‍ 14 മണിക്കൂര്‍ വരെ കാലതാമസം നേരിട്ടു. പാക്കിസ്ഥാനിലും വ്യോമയാന മേഖലയില്‍ സ്വകാര്യവത്ക്കരണം വ്യാപകമാക്കാന്‍ നീക്കം തുടരുന്നതും നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്‍ജിനിയര്‍മാരും പി.ഐ.എ മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കം ഇനിയും രൂക്ഷമാകാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്. പെഷവാര്‍ വിമാനത്താവളത്തിലെ ആറ് വിമാന എഞ്ചിനീയര്‍മാരെ കറാച്ചിയിലേക്ക് സ്ഥലംമാറ്റിയതും സ്ഥിതിഗതികള്‍ വഷളാക്കി. അതിനിടെ കമ്പനി ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് എന്‍ജിനിയര്‍മാരെ താല്‍ക്കാലികമായി എത്തിച്ചു എങ്കിലും അവര്‍ക്ക് രണ്ട് വിമാനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.

ഉംറ തീര്‍ത്ഥാടകരും അന്താരാഷ്ട്ര യാത്രക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പത്ത് മണിക്കൂറിലധികം കാലതാമസം നേരിട്ടിരുന്നു. പാക്കിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയള്ള കാര്യങ്ങള്‍ രാജ്യത്തെ വ്യോമയാന മേഖലയേയും ഗുരുതരമായി ബാധിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാന്റെ യഥാര്‍ത്ഥ അവസ്ഥയാണ് ഇത് വരച്ചു കാട്ടുന്നത്.