തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ മൊഴി. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. കേരള കേഡര്‍ ഐപിഎസുകാരനായ ഡിഐജി ഹരിശങ്കറിന്റെ അച്ഛനാണ് പത്മകുമാര്‍. ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്ത് നിര്‍ണ്ണായക ഉത്തരവാദിത്തമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഹരിശങ്കര്‍.

പോലീസിലെ ഉന്നതര്‍ക്ക് പോലും പ്രത്യേക അന്വേഷണ സംഘത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്നതിന് തെളിവാണ് ശങ്കരദാനെ ചോദ്യം ചെയ്തത്. ആര്‍ എസ് പി നേതാവായിരുന്ന ശങ്കരദാസ് നിലവില്‍ സിപിഐ നേതാവാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നില്ല. ശബരിമലയുടെ പേരില്‍ യാതൊരു സാമ്പത്തിക ലാഭവും താന്‍ നേടിയിട്ടില്ല. 2019 ല്‍ ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപ്പാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല. സ്വര്‍ണത്തിന്റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നുവെന്നും ശങ്കരദാസ് മൊഴി നല്‍കി. കേരള രാഷ്ട്രീയത്തില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ള വ്യക്തിയാണ് ശങ്കരദാസ്.

ശങ്കരദാസിനൊപ്പം ബോര്‍ഡ് അംഗമായിരുന്ന എന്‍.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ചോദ്യം ചെയ്‌തേക്കും. സ്വര്‍ണ്ണ കൊള്ളക്കേസില്‍ 2019ലെ ദേവസ്വം ബോര്‍ഡും പ്രതിയാണ്. ഈ സാഹചര്യത്തില്‍ ശങ്കരദാസും വിജയകുമാറും പത്മകുമാറുമെല്ലാം സാങ്കേതിക അര്‍ത്ഥത്തില്‍ പ്രതികളാണ്. പ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി കോടതി പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്. ഹൈക്കോടതി ഗുരുതര നിരീക്ഷണം നടത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.

ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ ഇത്തവണ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനിച്ചതിലും അടിമുടി ദുരൂഹതയെന്ന് ഹൈക്കോടതി പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ട് പോലുമില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി.ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് ബോര്‍ഡ് ദ്വാരപാലക ശില്പങ്ങള് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോകാന്‍ അനുമതി നല്കിയത്. എന്നാല്‍ ഈ വിവരം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയില്ല. ഈ വീഴ്ച ഏറെ ഗൗരവമുള്ളതാണെന്നും സൂക്ഷമ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. നേരത്തെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം മിനിറ്റ്‌സ് പിടിച്ചെടുത്തത്.

ബോര്‍ഡിന്റെ മിനിറ്റ്‌സില്‍ 2025 ജൂലായ് 28 വരെയുള്ള വിവരങ്ങളെയുള്ളു. അത് തന്നെ ശരിയായ രീതിയിലല്ല രേഖപ്പെടുത്തിയിരിക്കുന്നത്. മിനിറ്റ്‌സ് കൃത്യമായി രേഖപ്പെടുത്താത്തത് വലിയ വീഴ്ചയാണെന്ന് കോടതി പറഞ്ഞു. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് തുടങ്ങുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് വാതില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കുന്നത്. 2519.70 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം 1999 ല്‍ പൊതിഞ്ഞിട്ടുള്ള വാതിലായിരുന്നു ഇത്. അനുമതി ലഭിച്ചതിന് പിന്നാലെ നന്ദന് എന്ന മരപ്പണിക്കാരന്‍ സന്നിധാനത്ത് എത്തി വാതിലിന്റെ അളവ് എടുത്തു. കീഴ് ശാന്തിയാണ് വാതില്‍ അഴിച്ച് കൈമാറിയത്.

ഇതിന് ശേഷം തൃശ്ശൂരില്‍ നിന്ന് തടി വാങ്ങി ബെംഗളൂരിവിലെ ശ്രീരാമപുരം അയ്യപ്പ ക്ഷേത്രത്തിലെത്തിച്ച് പുതിയ വാതില്‍ നിര്‍മ്മിച്ചു. ഹൈദരാബാദിലെത്തിച്ച് ചെമ്പ് പാളികള്‍ പിടിപ്പിക്കുകയും പിന്നീട് ചെന്നൈയിലെത്തിച്ച് സ്വര്‍ണ്ണം പൂശുകയും ചെയ്തു. ഇതിനിടയില്‍ പലതവണ അളവ് ഉറപ്പാക്കാനായി സന്നിധാനത്ത് എത്തിച്ചു. 324.400 ഗ്രാം സ്വര്‍ണ്ണമാണ് വാതിലില്‍ പൂശാനായി ഉപയോഗിച്ചത്. 2019 മാര്‍ച്ച് മൂന്നാം തീയതി ചെന്നൈയില്‍ നിന്ന് സ്വര്‍ണ്ണം പൂശി നല്‍കിയ വാതില്‍ സന്നിധാനത്ത് എത്തിച്ചത് മാര്‍ച്ച് 11 നാണ്. ഇതിനിടയില്‍ കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിലടക്കം വാതില്‍ എത്തിച്ചു. നടനും അന്നത്തെ ദേവസ്വം പ്രസിഡന്റുമൊക്കെ ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

വാതിലിന്റെ അറ്റകുറ്റപ്പണി ദേവസ്വം മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു നടത്തേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ലഭിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചത് പൂര്‍ണമായും അലക്ഷ്യമായ നടപടികളാണ്. 2019 ല്‍ എത്ര സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത് എന്ന് തിട്ടപ്പെടുത്താന്‍ ശാസ്ത്രിയ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് എസ്‌ഐടി ആണ്. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണപ്പാളികള്‍ തൂക്കി തിട്ടപ്പെടുത്തണമെന്നതടക്കമുളള നിര്‍ദ്ദേശം കോടതി നില്‍കിയത്.