- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാസങ്ങള്‍ നീളുന്ന മഴക്കാലത്ത് കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരം; മഴക്കാലത്തും വിളവ് ഉണക്കാന്‍ നൂതന സാങ്കേതികവിദ്യ; നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി അമൃതയുടെ കണ്ടുപിടുത്തം
കൊല്ലം: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന നെല്‍ കര്‍ഷകര്‍ക്ക് വിള സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യയുമായി അമൃത സര്‍വ്വകലാശാല. അമൃത സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള അമൃത ടെക്‌നോളജി എനേബിള്‍ സെന്റര്‍ വികസിപ്പിച്ച നെല്ലുണക്ക് യന്ത്രം, മാസങ്ങള്‍ നീളുന്ന മഴക്കാലത്ത് കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരമാകും.
ലോകത്തിലെ രണ്ടാമത്തെ വലിയ നെല്ലുത്പാദക രാജ്യമായ ഇന്ത്യയില്‍, വിളവെടുപ്പ് കാലത്തെ മഴ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് വരുത്തിവെക്കുന്നത്. കേരളത്തില്‍ ആറുമാസത്തോളം നീളുന്ന മഴക്കാലം നെല്‍കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് അമൃത പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ വികസിപ്പിച്ച ഈ 'നിയന്ത്രിത അന്തരീക്ഷ വിളവെടുപ്പ് ഉണക്കല്‍ സംവിധാനം' ഉപയോഗിച്ച് നെല്ലിന്റെ പോഷക-ഔഷധ ഗുണങ്ങളോ സുഗന്ധമോ നഷ്ടപ്പെടാതെ ഏകീകൃത താപനിലയില്‍ ഉണക്കിയെടുക്കാന്‍ സാധിക്കും. മഴ കാരണം ഈര്‍പ്പം തങ്ങി നെല്ലില്‍ പൂപ്പല്‍ പിടിക്കുന്നത് മൂലമുള്ള നഷ്ടം ഇതോടെ പൂര്‍ണ്ണമായി ഒഴിവാക്കാം.
അമൃത വിശ്വവിദ്യാപീഠം ചാന്‍സലര്‍ മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശപ്രകാരമാണ് ഈ വിഷയത്തില്‍ ഗവേഷണം ആരംഭിച്ചത്. ഡീന്‍ ഡോ. കൃഷ്ണശ്രീ അച്യുതന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച യന്ത്രത്തിന് ഒരേസമയം 400 കിലോഗ്രാം നെല്ല് ഉണക്കാനാകും. മുന്‍പ് രണ്ട് ദിവസത്തിലധികമാണ് നെല്ല് ഉണക്കാന്‍ സമയം എടുത്തിരുന്നത് എങ്കില്‍ ഈ സംവിധാനത്തിലൂടെ വെറും 4 മണിക്കൂര്‍ കൊണ്ട് നെല്ല് ഉണക്കിയെടുക്കാന്‍ സാധിക്കും എന്നതും ശ്രദ്ധേയമാണ്.
'നവര, ജീരകശാല, ഗന്ധകശാല, രക്തശാലി തുടങ്ങിയ കേരളത്തിന്റെ പൈതൃക നെല്ലിനങ്ങളെ സംരക്ഷിക്കുകയും അവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. ഇത് കര്‍ഷകര്‍ക്ക് നെല്‍കൃഷിയില്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും ഓരോ ധാന്യത്തിനും മികച്ച വില ഉറപ്പാക്കാനും സഹായിക്കും,' എന്ന് ഡോ. കൃഷ്ണശ്രീ അച്യുതന്‍ വ്യക്തമാക്കി.




