കൊച്ചി: കോടികള്‍ എറിഞ്ഞ് കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് വാങ്ങിയത് റിപ്പോര്‍ട്ടര്‍ ടിവിക്ക് വിനയാകുമോ? ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വാധിപത്യം തുടരുന്നതിനിടെ റിപ്പോര്‍ട്ടറിനെ ഞെട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി റിപ്പോര്‍ട്ടര്‍ ടിവി ഏറ്റുമുട്ടലിലായിരുന്നു. കര്‍ണ്ണാടകയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വാര്‍ത്ത പൊളിയുകയും ചെയ്തു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടകേസും കൊടുത്തു. മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് വരാത്തതും റിപ്പോര്‍ട്ടറിനെ വിവാദത്തിലാക്കി. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.

ടിവി റേറ്റിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പുതിയ കരട് ഭേദഗതികളമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്ത് വരികയാണ്. റേറ്റിംഗ് ഏജന്‍സികള്‍ വ്യൂവര്‍ഷിപ്പ് അളക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്ഫോമുകളും പരിഗണിക്കണമെന്നും ലാന്‍ഡിംഗ് പേജുകളെ വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം. ടെലിവിഷനും സെറ്റ് ടോപ് ബോക്സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വന്‍ തുക നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് ഉണ്ട്. കേരളത്തില്‍ കേരളാ വിഷനാണ് പ്രധാനപ്പെട്ട ഒരു കേബിള്‍ ഓപ്പറേറ്റര്‍. കേരളാ വിഷനില്‍ റിപ്പോര്‍ട്ടറാണ് ലാന്‍ഡിംഗ് ചാനല്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ സാധ്യതയും റിപ്പോര്‍ട്ടറിന് നഷ്ടമാകും. അതിന് ശേഷം വരുന്ന ബാര്‍ക്ക് റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇടിവുണ്ടാകുമോ എന്നത് ഇപ്പോഴേ ചര്‍ച്ചയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ ഏക രജിസ്റ്റര്‍ ചെയ്ത പ്രേക്ഷക റേറ്റിംഗ് സ്ഥാപനമായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിനും (BARC) ഭാവിയില്‍ വരുന്ന ഏതൊരു ഏജന്‍സികള്‍ക്കും ഭേദഗതി ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകും. കേബിള്‍ അല്ലെങ്കില്‍ DTH വഴിയുള്ള ലീനിയര്‍ ടെലിവിഷന്‍ കാഴ്ച മാത്രമേ BARC നിലവില്‍ അളക്കുന്നുള്ളൂ. അതിനാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രക്ഷേപണ വ്യവസായത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രോസ്-മീഡിയ റേറ്റിംഗിനായി പരസ്യദാതാക്കള്‍ വളരെക്കാലമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ യൂട്യൂബ്, നെറ്റ് ഫ്‌ലിക്‌സ്, പ്രൈം വീഡിയോ,പോലുള്ള ആഗോള പ്ലാറ്റ്ഫോമുകള്‍ ഒരു ഏകീകൃത അളവെടുപ്പ് പാനലില്‍ ചേരുന്നതില്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. അതേമയം ലാന്‍ഡിംഗ് പേജ് വ്യൂവര്‍ഷിപ്പ് നീക്കം ചെയ്യുന്നത് ഒരു നല്ല നീക്കമാണെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം. നിലവില്‍, ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മൂന്ന് ലാന്‍ഡിംഗ് പേജുകള്‍ വരെ ഉപയോഗിക്കുന്നു. കൂടാതെ ടിവി ചാനലുകള്‍ അവരുടെ റേറ്റിംഗുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ സ്ലോട്ടുകള്‍ വാങ്ങാന്‍ മത്സരിക്കുന്നു. കോടികളുടെ മത്സരമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്.

ലാന്‍ഡിംഗ് പേജ് വ്യൂവര്‍ഷിപ്പ് റേറ്റിംഗില്‍ നിന്ന് ഒഴിവാക്കിയാല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വരുമാനം നഷ്ടപ്പെടുമെന്ന് ഒരു മുതിര്‍ന്ന മീഡിയ എക്‌സിക്യൂട്ടീവ് പറഞ്ഞു. മാര്‍ക്കറ്റ് കണക്കുകള്‍ പ്രകാരം, ലാന്‍ഡിംഗ് പേജുകളിലൂടെ മികച്ച ദൃശ്യപരത ഉറപ്പാക്കാന്‍ ടിവി ചാനലുകള്‍, പ്രത്യേകിച്ച് വാര്‍ത്താ ചാനലുകള്‍, എല്ലാ വര്‍ഷവും 100 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. ചില സെറ്റ് ടോപ്പ് ബോക്‌സുകള്‍ ചാനലുകള്‍ മാറുന്നതിനിടയിലെ സമയം വൈകിപ്പിക്കുന്നത് പ്രോഗ്രാം ചെയ്തിരിക്കുന്നതിനാല്‍ ലാന്‍ഡിംഗ് പേജുകളുടെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിക്കുന്നു. ഒരു മിനിറ്റിനുള്ളില്‍ ഒരു കാഴ്ചക്കാരന്‍ കുറഞ്ഞത് 30 സെക്കന്‍ഡ് ഒരു ചാനലില്‍ തുടരുകയാണെങ്കില്‍, ആ മുഴുവന്‍ മിനിറ്റും ആ ചാനലിന്റെ വ്യൂവര്‍ഷിപ്പായി കണക്കാക്കും.

പ്രതിവര്‍ഷം 30,000 കോടി രൂപയില്‍ കൂടുതലുള്ള ടിവി പരസ്യ ചെലവുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രേക്ഷക റേറ്റിംഗ് ഡാറ്റ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.റേറ്റിംഗ് ഏജന്‍സികള്‍ക്കും പ്രക്ഷേപകര്‍ക്കും ഇടയിലുള്ള കര്‍ശനമായ ക്രോസ് ഓണര്‍ഷിപ്പ് നിയമങ്ങളും കരട് നിര്‍ദ്ദേശത്തിലുണ്ട്. കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്ഫോമുകളെയും (CTV) പരിഗണിക്കണം, ലാന്‍ഡിങ് പേജുകള്‍ ഒഴിവാക്കണം തുടങ്ങിയ സുപ്രധാന ഭേദഗതികള്‍ മന്ത്രാലയം ശിപാര്‍ശ ചെയ്യുന്നു. വ്യാപക ആരോപണങ്ങളെത്തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവച്ച റേറ്റിങ് സമ്പ്രദായം പുനരാരംഭിച്ച ശേഷം മൂന്ന് വര്‍ഷത്തിനിടെയാണ് വീണ്ടും കേന്ദ്ര സര്‍ക്കാറിന് ഇതില്‍ ഇടപെടേണ്ടി വന്നത്.

ലാന്‍ഡിങ് പേജില്‍ ചാനല്‍ വരുത്തി കാഴ്ചക്കാരെക്കൂട്ടുന്നത് റേറ്റിങ് തട്ടിപ്പില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന തന്ത്രമാണ്. ടെലിവിഷനും കേബിള്‍ കണക്ഷന്റെ സെറ്റ് ടോപ് ബോക്സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പര്‍ പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വന്‍തുക മുടക്കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണ്. കേരളത്തില്‍ ഇതിന് പുറമെ സെക്കന്റ് ലാന്റിങ് പേജ് എന്ന സംവിധാനവും ചില ചാനലുകള്‍ ഉപയോഗിക്കുന്നുണ്ട്. ലാന്റിങ് പേജില്‍ ഒരു ചാനല്‍ വന്നാല്‍ റിമോട്ടിലെ ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ മറ്റൊരു ചാനല്‍ സ്വയം തുറന്നുവരുന്നതാണ് സെക്കന്റ് ലാന്റിങ് പേജ് സംവിധാനം. രാജ്യത്ത് ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മൂന്ന് ലാന്‍ഡിംഗ് പേജുകള്‍ വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതിനാലാണ് കേന്ദ്രത്തിന്റ പുതിയ നിര്‍ദേശം. ലാന്റിങ് പേജ് സ്വന്തമാക്കാന്‍ ചാനലുകള്‍ 10 മുതല്‍ 100 കോടി വരെ ചിലവാക്കുന്നുണ്ടെന്നാണ് കണക്ക്. വാര്‍ത്താ ചാനലുകളാണ് ഇതില്‍ മുന്‍പന്തിയില്‍.

കണക്റ്റഡ് ടിവി പ്ലാറ്റ്ഫോമുകളെക്കൂടി റേറ്റിങ് പരിധിയില്‍ കൊണ്ടുവരുന്നതോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ടിവി പ്രേക്ഷകരുടെ കണക്കും റേറ്റിങ്ങില്‍ ഉള്‍പെടുത്തും. ഈ നിര്‍ദേശം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ഇത് നടപ്പാക്കപ്പെട്ടിരുന്നില്ല. BARCലെ സാമ്പിള്‍ കണക്കുകള്‍ക്ക് പകരം കൃത്യമായി എണ്ണം രേഖപ്പെടുത്തപ്പെടുന്നതിനോട് പല വന്‍കിട ചാനലുകള്‍ക്കും വിയോജിപ്പുണ്ട്. യൂട്യൂബ്, നെറ്റ്ഫ്‌ലിക്‌സ്, പ്രൈം വീഡിയോ തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളും ഏകീകൃത റേറ്റിങ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നിര്‍ദേശം ഇതുവരെ നടപ്പാക്കപ്പെടാതിരിക്കാന്‍ കാരണം ഇത്തരം സമ്മര്‍ദങ്ങളാണ്. കേബിള്‍ അല്ലെങ്കില്‍ ഡിടിഎച്ച് വഴിയുള്ള ടെലിവിഷന്‍ കാഴ്ച മാത്രമേ ഇപ്പോള്‍ റേറ്റിങിന് പരിഗണിക്കുന്നുള്ളൂ.

ഭേദഗതി നടപ്പിലായാല്‍ രാജ്യത്തെ നിലവിലെ ടിവി റേറ്റിങിന് നിയന്ത്രിക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) ഇത് നടപ്പാക്കേണ്ടവരും. റേറ്റിങ് കണക്കാക്കാന്‍ ചുരുങ്ങിയത് 80,000 മെഷിനുകളെങ്കിലും രാജ്യത്ത് വിന്യസിക്കണമെന്നും ഇത് നാല് വര്‍ഷത്തിനകം 1,20,000 വീടുകളാക്കി വര്‍ധിപ്പിക്കണമെന്നും കരട് രേഖ ശിപാര്‍ശ ചെയ്യുന്നു. 86 ലക്ഷം 'ടി.വി വീടുകളു'ള്ള കേരളത്തില്‍ വെറും ആയിരത്തോളം മെഷീനുകള്‍ മാത്രമാണ് നിലവില്‍ സാമ്പിളിങ്ങിന് വിന്യസിച്ചിട്ടുള്ളതെന്നാണ് സൂചന.

ബാര്‍ക് റേറ്റിങ്ങിലെ ക്രമക്കേടുകളും അവിശ്വസനീയതയും കാരണം നേത്തെ തന്നെ എന്‍ഡിടിവി ഈ സംവിധാനത്തില്‍ നിന്ന് പുറത്തുപോയിട്ടണ്ട്. പിന്നീട് അദാനി ഏറ്റെടുത്ത ശേഷമാണ് എന്‍ഡിടിവി റേറ്റിങ് സമ്പ്രദായത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാഴ്ച മുമ്പാണ് മീഡിയവണ്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബാര്‍ക്ക് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. കരട് നിര്‍ദേശങ്ങളോട് ടിവി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 30 ദിവസത്തിനകം പ്രതികരണം അറിയിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ബാര്‍ക്ക്, ടിവി, റിപ്പോര്‍ട്ടര്‍