തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്കെതിരേ കേസെടുത്തു. ജസ്‌ന സലീം, R1 ബ്രൈറ്റ് എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് നടപടി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയില്‍ ജസ്‌ന സലീം എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍പും ജസ്‌ന റീല്‍സ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപ്പുരയില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഓഗസ്റ്റ് 28നാണ് റീല്‍സ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ അഞ്ചിനാണ് പരാതി നല്‍കിയത്.

നേരത്തെ, ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍വെച്ച് ശ്രീകൃഷ്ണ ജയന്തി ദിവസം കേക്ക് മുറിച്ചത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ വെച്ച് റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇവര്‍ത്തന്നെയാണ് ഇപ്പോള്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയിരിക്കുന്നത്. പടിഞ്ഞാറേ നടയില്‍ ആയിരുന്നു ഇത്തവണ റീല്‍സ് ചിത്രീകരണം. വീഡിയോ ചിത്രീകരിച്ചതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ പോലീസിനാണ് അഡ്മിനിസ്‌ട്രേറ്റര്‍ പരാതി നല്‍കിയിരിക്കുന്നത്. കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ആളാണ് ജസ്‌ന. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്‌നക്കെതിരെ ഏപ്രിലില്‍ പൊലീസ് കേസെടുത്തിരുന്നു.

ജസ്‌ന മുന്‍പ് ക്ഷേത്രനടപ്പുരയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയില്‍ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി നിര്‍ദേശം നല്‍കി. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയില്‍ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിര്‍ദേശം. ഈ വിലക്ക് നിലനില്‍ക്കുമ്പോഴാണ് വീണ്ടും ചിത്രീകരണം നടത്തിയത്.