തൃശൂര്‍: കുമരനെല്ലൂര്‍ ഒന്നാംകല്ലില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മസിലിന് കരുത്തു ലഭിക്കാന്‍ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതായി സൂചനയുണ്ട്. വിദേശനിര്‍മിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൂടുതല്‍ നേരം ഭാര പരിശീലനം ക്ഷീണമില്ലാതെ നടത്താന്‍ വിദേശ നിര്‍മിത മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മാധവ് ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്‌നസ് സെന്ററില്‍ പരിശീലകനായി പോകാറുണ്ട്. കഴിഞ്ഞ ദിവസം പക്ഷെ, നാലര കഴിഞ്ഞിട്ടും എണീറ്റില്ല. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നു. അപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ദീര്‍ഘകാലമായി ഫിറ്റ്‌നസ് പരിശീലകനാണ്. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. വിവാഹ ആലോചനകള്‍ അന്തിമഘട്ടത്തിലായിരുന്നു. അടുത്ത മാസം ഉറപ്പിക്കാനിരിക്കെയാണ് മരണം.

വേഗത്തില്‍ മാംസപേശികള്‍ വളരാന്‍ സഹായിക്കുന്ന സ്റ്റിറോയ്ഡുകള്‍, പ്രോട്ടീന്‍ പൗഡര്‍, കൊഴുപ്പിനെ ഇല്ലാതാക്കുന്ന ക്ലെന്‍ബ്യൂട്ടറോള്‍ ഗുളികകള്‍ എന്നിവ യുവാവിന്റെ കിടപ്പുമുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. ഇവയുടെ അമിതമായ ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതിനും രക്തം കട്ട പിടിക്കുന്നതിനും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനും തുടര്‍ന്ന് പെട്ടെന്നുള്ള മരണത്തിനും ഇടയാക്കുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എസ്.ഹിതേഷ് ശങ്കര്‍ പറഞ്ഞു.

ഹൃദയാഘാതത്തിനു പുറമേ ഈ മരുന്നുകള്‍ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ മനുഷ്യന് ഒരു കിലോഗ്രാം ശരീരഭാരത്തിനു ഒരു ദിവസം 0.8 മുതല്‍ 1.2 ഗ്രാം വരെ പ്രോട്ടീന്‍ മാത്രമാണ് ആവശ്യം. അത്ലീറ്റുകള്‍ക്കും ജിം പോലെയുള്ള വ്യായാമ മുറകള്‍ പരിശീലിക്കുന്നവര്‍ക്കും ഇത് 2 ഗ്രാം വരെയാകാം. സാധാരണ ഭക്ഷണക്രമത്തിലൂടെ ഈ അളവ് കൈവരിക്കാനുമാകും.

സ്റ്റിറോയ്ഡുകളും പ്രോട്ടീന്‍ പൗഡറും ഉപയോഗിക്കുന്നത് എല്ലിനു ബലക്ഷയം ഉണ്ടാക്കുകയും മൂത്രത്തില്‍ യൂറിയയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു. ഇത്തരം സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും ഡോ. ഹിതേഷ് ശങ്കര്‍ ഓര്‍മിപ്പിച്ചു.