ഡുബ്ലിന്‍ സിറ്റി സെന്ററിലെ പ്രോ കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാന കൂടിയ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയായ ആലീസ് ക്വിന്‍സ പറയുന്നത്, തന്റെ നാട്ടിലെ കുര്‍ബാന നല്‍കുന്ന ഒരു ഊര്‍ജ്ജം ഇവിടത്തെ കുര്‍ബാന കൂടിയാല്‍ ലഭിക്കുന്നില്ല എന്നാണ്. നാട്ടിലെ കുര്‍ബാന ഏറെ ഊര്‍ജ്ജവും ഉല്ലാസവും പകര്‍ന്നു തരുമെന്നും ആലീസ് പറയുന്നു. കോംഗോയിലെ ആരാധനാ രീതികള്‍ വരെ തികച്ചും വ്യത്യസ്തമാണെന്നും അവര്‍ പറയുന്നു.

നൈജീരിയ, സ്പെയിന്‍, ഫിലിപ്പൈന്‍സ്,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതിനോട് യോജിക്കുകയാണ്. ഇവിടെ കുര്‍ബാന ഹ്രസ്വവും, ചടങ്ങുകള്‍ കുറവും ആണെന്നാണ് അവരുടെ പരാതി. പള്ളികളിലെ ആരാധനകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കുന്ന അയര്‍ലന്‍ഡുകാരായ കത്തോലിക്കരുടെ എണ്ണം കുറഞ്ഞതോടെ മറ്റിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് ഐറിഷ് പള്ളികളില്‍ പ്രാമുഖ്യം ഏറിയിരിക്കുകയാണ്.

പുരോഹിതരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കത്തോലിക്ക പുരോഹിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഫിലിപ്പിനോ ദമ്പതികളും അവരുടെ നാട്ടിലെകുര്‍ബാനയും ഐറിഷ് കുര്‍ബാനയും തമ്മിലുള്ള വ്യത്യാസം പറയുന്നു. ഫിലിപ്പൈന്‍സില്‍ കുര്‍ബാനയ്ക്കിടെ എപ്പോള്‍ മുട്ടുകുത്തണമെന്നും, എപ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമൊക്കെ പറഞ്ഞു തരാന്‍ ഒരാളുണ്ടാകും. ഇവിടെ അതില്ല എന്ന് അവര്‍ പറയുന്നു.

അതേസമയം, ഐറിഷ് കുര്‍ബാനയില്‍ നിരവധി തെറ്റുകളുണ്ടെന്നാണ് കഴിഞ്ഞ 20 വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന, വെബ് ഡിസൈന്‍ ബിസിനസ്സ് നടത്തുന്ന വിക്റ്റര്‍ ഡയസ് പറയുന്നത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നവരും നിരവധി തെറ്റുകള്‍ വരുത്തുന്നുണ്ട്. കത്തോലിക്ക സഭയുടെ ചട്ടങ്ങളും അനുഷ്ഠാനങ്ങളും എന്തുകൊണ്ടാണ് അയര്‍ലന്‍ഡില്‍ പിന്തുടരാത്തത് എന്നും അയാള്‍ ചോദിക്കുന്നു. വളരെ ലാഘവത്തോടേയാണ് കുര്‍ബാന നടത്തുന്നതെന്നാണ് സ്പാനിഷുകാരനായ ഇയാളുടെ പരാതി.

താന്‍ 21 ഓളം രാജ്യങ്ങളിലെ പള്ളികള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരു മനോഭാവം അയര്‍ലന്‍ഡിലും ജര്‍മ്മനിയിലും മാത്രമെ കണ്ടിട്ടുള്ളു എന്നും അയാള്‍ പറയുന്നു. അതേസമയം, സ്പെയിനിലെ കുര്‍ബാനയില്‍ നിന്നും അയര്‍ലന്‍ഡിലെ കുര്‍ബാനയ്ക്ക് വലിയ വ്യത്യാസമൊന്നുമില്ല എന്ന അഭിപ്രായമാണ് ഒരു വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന മാഡ്രിഡ് സ്വദേശിയായ എസ്റ്റര്‍ ആല്‍വറേസിനുള്ളത്. എന്നാല്‍, അയര്‍ലന്‍ഡില്‍ കുര്‍ബാനകളില്‍ പങ്കെടുക്കുന്നതിലധികം പേര്‍ സ്പെയിനിലെ കുര്‍ബാനകളില്‍ പങ്കെടുക്കാറുണ്ട് എന്നും അവര്‍ പറയുന്നു.


അടുത്തിടെയാണ് മലയാളിയായ ഫാദര്‍ ടിജോ ജോണ്‍ ഉള്‍പ്പടെ ചില കത്തോലിക്ക പുരോഹിതര്‍ അയര്‍ലന്‍ഡില്‍ എത്തിയത്. ഫാദര്‍ ടിജൊ ജോണ്‍ ഡുബ്ലിനിലാണ് സേവനമനുഷ്ഠിക്കുന്നത്. രണ്ടാമത്തെയാള്‍ ഗാല്‍വേയിലും മൂന്നാമത്തെ വ്യക്തി കോര്‍ക്കിലും സേവനം അനുഷ്ഠിക്കുന്നു. ആളുകളില്‍ വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് ഫാദര്‍ ടിജൊ പറയുന്നു. പള്ളികളില്‍ വരാത്തവരെ എങ്ങനെ ആകര്‍ഷിക്കാം എന്നത് ആലൊചിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറയുന്നു.