തിരുവനന്തപുരം: പ്രസവശേഷം യുവതി അണുബാധമൂലം മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. കരിക്കകം സ്വദേശിയായ ശിവപ്രിയയാണ് മരിച്ചത്. പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയല്‍ അണുബാധയെ തുടര്‍ന്നാണ് മരിച്ചതെന്നും അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്നാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞമാസം 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26ന് പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നിലവഷളായത്തിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബ്ലഡ് കള്‍ച്ചറില്‍ ഇന്‍ഫക്ഷന്‍ എന്ന് കണ്ടെത്തി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.


മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വേണു എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സമാനമായ പുതിയ സംഭവം. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആരോഗ്യവതിയായിരുന്നു ശിവപ്രിയ എന്ന് ഭര്‍ത്താവ് മനു പറയുന്നു.

'ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നടന്നിട്ടാണ് പ്രസവത്തിനായി പോയത്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പോയപ്പോള്‍ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയില്‍നിന്ന് നോക്കാതെ വിട്ടതാണ്. പിറ്റേദിവസം പനി കൂടിയതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ വന്നു. ഉള്ള് പരിശോധിച്ച ശേഷം ഇവര്‍ പറഞ്ഞു, സ്റ്റിച്ച് പൊട്ടി എന്ന്. സ്റ്റിച്ച് പൊട്ടിയെങ്കില്‍ വേദന വരൂല്ലേ. തലകറക്കം വന്നതിന് ശേഷം എന്നെ വിളിച്ച് കാണിച്ചു തന്നതാണ്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നെ വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ട്യൂബ് ഇട്ടു. അതിന് ശേഷം കണ്ണ് തുറന്നിട്ടില്ല. ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ആയതെന്നാണ് ഡോക്ടര്‍ പറയുന്നത്. അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിന്റെ റിപ്പോര്‍ട്ടടക്കം എന്റെ കൈയില്‍ ഉണ്ട്', ശിവപ്രിയയുടെ ഭര്‍ത്താവ് പറഞ്ഞു.

മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം വേണു എന്നയാള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് വേണും ആശുപത്രിക്കിടക്കയില്‍ നിന്ന് സുഹൃത്തിനയച്ച ശബ്ദസന്ദേശവും ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എസ്എടി ആശുപത്രിയില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് യുവതി മരിച്ചുവെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.