- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയതില്‍ തുടങ്ങിയ അന്വേഷണം; പിന്നാലെ കാശ്മീരി ഡോക്ടറുടെ അറസ്റ്റ്;രാജ്യതലസ്ഥാനത്തിന് കിലോമീറ്ററുകള്‍ അകലെ കണ്ടെത്തിയത് 350 കിലോ ആര്‍ഡിഎക്സും എകെ-47 തോക്കുകളും; ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം; അന്വേഷണം തുടരുന്നു
ഫരീദാബാദ്: ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്ത് ജമ്മുകശ്മീര്‍ പോലീസ്. ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ഒരു കശ്മീരി ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് നിന്നും കിലോമീറ്ററുകള്‍ അകലെ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകനായ ഡോക്ടര്‍ അദീല്‍ അഹ്‌മദ് റാത്തറിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 തോക്ക് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍ നിന്ന് സ്ഫോടകവസ്തുക്കളും എകെ-47 തോക്കും മറ്റ് വെടിക്കോപ്പുകളും ജമ്മു കശ്മീര്‍ പോലീസ് കണ്ടെടുത്തത് എന്നാണ് വിവരം. അറസ്റ്റിലായ ഡോ. ആദില്‍ അഹമ്മദ് തീവ്രവാദ ആശയങ്ങള്‍ പിന്തുടരുന്ന ആളാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഫരീദാബാദില്‍ പരിശോധന നടത്താന്‍ ജമ്മു കാശ്മീര്‍ പൊലീസ് തീരുമാനിച്ചത്.
ഡോ. അദീലിന്റെ അറസ്റ്റ് അധികൃതരെ മറ്റൊരു ഡോക്ടറിലേക്ക് എത്തിക്കുകയും, തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കളും ആയുധങ്ങളും മുജാഹില്‍ ഷക്കീല്‍ എന്ന് തിരിച്ചറിഞ്ഞ മറ്റൊരു ഡോക്ടറുടെ പക്കലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ ഡോക്ടര്‍ ജമ്മു കാശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. ഫരീദാബാദിലെ അല്‍ഫലാഹ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.350 കിലോഗ്രാം സ്ഫോടകവസ്തുക്കളോടൊപ്പം ടൈമറുകളും കണ്ടെത്തിയതായി ഫരീദാബാദ് പൊലീസ് കമ്മീഷണര്‍ സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
ഈ കണ്ടെത്തലുകള്‍ അന്വേഷണത്തിലിരിക്കുന്ന ഒരു വലിയ ശൃംഖലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ഉറവിടവും യഥാര്‍ത്ഥ ലക്ഷ്യവും കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിച്ചുവരികയാണ്. ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.
ഡോക്ടര്‍ റാത്തറിനെതിരെ നേരത്തെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും (യുഎപിഎ) കേസെടുത്തിരുന്നു. ഭീകര ശൃംഖലകളുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും, ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെയും ഇത്തരം ശൃംഖലകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നുമാണ് ഡോക്ടറുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
ദേശീയ തലസ്ഥാനത്തിന് ഇത്രയും അടുത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതിന് പിന്നിലെ പദ്ധതി എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ കണ്ടെത്താനായി സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായും സംസ്ഥാനാന്തര ആയുധക്കടത്ത് ശൃംഖലകളുമായും ഉള്ള ബന്ധങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിവരങ്ങളും കണ്ടെത്തലുകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയും ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.




