- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍
കൊച്ചി: ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും 24 ന്യൂസ് മാനേജിങ് ഡയറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തുറന്നു പറയുമ്പോള്‍ ഞെട്ടുകയാണ് കേരളം. ലാന്‍ഡിങ് പേജിന്റെ മറവില്‍ ബാര്‍ക്കില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ക്ക് സി.ഇ.ഒക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും തന്റെ കൈയില്‍ ഇതിനെല്ലാം തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന മേഗാ കേബ്ള്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുയായിരുന്നു. അടുത്ത കാലത്ത് ബാര്‍ക്കില്‍ ശ്രീകണ്ഠന്‍നായരുടെ 24 ന്യൂസ് ഏറെ പിന്നില്‍ പോയിരുന്നു. ഒരിക്കല്‍ ഒന്നാമത് എത്തിയിരുന്നു 24 ന്യൂസ്. അന്ന് ബാര്‍ക്കിനേയും മറ്റും ചര്‍ച്ചയാക്കി 24 ന്യൂസ് വലിയ പ്രചരണം നടത്തി. എന്നാല്‍ പിന്നീട് 24 ന്യൂസിനെ മറികടന്ന് റിപ്പോര്‍ട്ടര്‍ ടിവി എത്തി. പിന്നീട് ഏഷ്യനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള മത്സരമായി. ഏഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ ഏറെ മുന്നിലെത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നു 24 ന്യൂസ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും ഇങ്ങനെ ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി. റേറ്റിങ്ങില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന ആശങ്ക ഉന്നയിച്ച് അടുത്തിടെയാണ് മീഡിയവണ്‍ ചാനല്‍ ബാര്‍ക്കുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെയാണ് ഈ തുറന്നു പറച്ചില്‍. അങ്ങനെ തട്ടിപ്പാണ് നടക്കുന്നതെങ്കില്‍ 24 ന്യൂസ് എന്തിനാണ് ബാര്‍ക്കില്‍ തുടരുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ഏതായാലും ശ്രീകണ്ഠന്‍ നായരുടെ വെളിപ്പെടുത്തല്‍ വലയി ചര്‍ച്ചയായിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന റേറ്റിങ് സംവിധാനത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ പുതിയ ഭേദഗതി നിര്‍ദേശങ്ങളുടെ കരട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉടന്‍ പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനിടെയാണ് ശ്രീകണ്ഠന്‍ നായരുടെ വിവാദ പ്രസംഗം. അന്വേഷണ ഏജന്‍സി ഇവരുടെ മുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ബാര്‍ക്ക് സിഇഒയ്ക്ക് ഞാന്‍ രണ്ടു മൂന്ന് പേരുകള്‍ അയച്ചുകൊടുക്കും. ആ പേരുകള്‍ ഉപയോഗിച്ച് അവരെ പിടിക്കാം. ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനുമാണ്.'-ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത് ഇങ്ങനെയാണ്. അന്താരാഷ്ട്ര ചാനലുകളെ പോലും നിയന്ത്രിച്ച് പരിചയമുള്ള വ്യക്തിയിലേക്കാണ് ശ്രീകണ്ഠന്‍ നായരുടെ ഒളിയമ്പിന്റെ സൂചനകള്‍ ചെന്നു നില്‍ക്കുന്നത്.
'ഒരു അവതാരകന്റെ കുപ്പായമായിരുന്നു എനിക്ക് നല്ലതെന്ന് ഇന്ന് ആലോചിക്കുമ്പോള്‍ മനസിലാക്കുന്നു. അവിടെ ചെല്ലുന്നു, പ്രോഗ്രാം ചെയ്യുന്നു, പറ്റുമെങ്കില്‍ അന്ന് തന്നെ ചെക്ക് വാങ്ങുന്നു. റേറ്റിങ്ങിനെ കുറിച്ചോ സ്ഥാപനം നടത്തിപ്പിനെ കുറിച്ചോ യാതൊരു ടെന്‍ഷനും അടിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ പ്രക്ഷേകന് ഉറക്കം നഷ്ടപ്പെട്ട രാവുകളാണ് ഇപ്പോള്‍. പലരും ഇത് പരസ്യപ്പെടുത്തുന്നില്ല. പരസ്യം ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും താല്‍പര്യമില്ല. മെഡിമിക്‌സിന്റെ മുതലാളി എ.വി അനൂപിനോട് ഒരിക്കല്‍ നിങ്ങള്‍ എന്താണ് ഇപ്പോള്‍ പരസ്യം നല്‍കാത്തത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ലോകത്തിലെ ചെറിയ സോപ്പ് വലിയ രീതിയില്‍ വിറ്റഴിക്കുന്നു എന്നതായിരുന്നു ഞങ്ങളുടെ ആകര്‍ഷണം, എന്നാല്‍ എന്റെ ചെറിയ സോപ്പ് ഇപ്പോള്‍ വില്പനയില്‍ ചെറുതായി കൊണ്ടിരിക്കുകയാണ് എന്നാണ്. നിങ്ങളൊരു എന്റര്‍ടൈന്‍മെന്റ് ചാനല്‍ നടത്തുന്ന ഒരാളോട് എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല്‍ ഗംഭീരമായി പോകുന്നു എന്ന് പറയും. എന്നാല്‍, അയാളെ അടുത്തുപിടിച്ച് ചെവിയില്‍ ചോദിച്ചാല്‍ കഷ്ടിച്ച് രക്ഷപെട്ട് പോവുകയാണെന്ന് പറയും. കോഫി ഹൗസില്‍ പോയി ഒരു ചായ വാങ്ങിക്കൊടുത്ത് ചോദിച്ചാല്‍ ഇത് എത്രകാലം പിടിച്ച് നില്‍ക്കും എന്നറിയില്ല എന്ന് പറയും.
കേരള വിഷന്‍ കേബിളില്‍ കൂടി കൊടുക്കുന്ന ഒരു പ്രമുഖ എന്റര്‍ടൈന്‍മെന്റ് ചാനല്‍ നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍ മേഖലയെയാണ്. ലാന്‍ഡിങ് പേജ് എന്നത് ഉടനെ അവസാനിക്കും. ഞാന്‍ കുറച്ചുകാലം ലാന്‍ഡിങ് പേജിന്റെ കൂടെ നടന്നതാണ്. ബാര്‍ക്ക് റേറ്റിങ്ങില്‍ ലാന്‍ഡിങ് പേജ് എന്ന സംവിധാനം കൊണ്ട് മുന്നോട്ടുപോകാം എന്ന് കരുതരുത്. ബാര്‍ക്കിലെ ലാന്‍ഡിങ് പേജിന്റെ മറവില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കെടിയു പ്രസിഡന്റ് എന്ന നിലയ്ക്ക് ബാര്‍ക്ക് പ്രസിഡന്റിനൊരു കത്ത് അയച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്റ്റോ കറന്‍സി വഴിയാണ്. ഈ ക്രിപ്റ്റോ കറന്‍സി വഴി ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ട്. ഇതിന് കുട പിടിക്കാന്‍ കേരളത്തില്‍ പോലും ആളുകളുണ്ട് എന്നത് നമുക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും. എന്റെ കൈയില്‍ തെളിവുകളുണ്ട്.
അന്വേഷണ ഏജന്‍സി ഇവരുടെ മുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ബാര്‍ക്ക് സിഇഒയ്ക്ക് ഞാന്‍ രണ്ടു മൂന്ന് പേരുകള്‍ അയച്ചുകൊടുക്കും. ആ പേരുകള്‍ ഉപയോഗിച്ച് അവരെ പിടിക്കാം. ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനുമാണ്.'-ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത് ഇങ്ങനെയാണ്.




