അറ്റ്‌ലാന്റ: അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്ന തുര്‍ക്കിയുടെ നാറ്റോ സൈനിക വിമാനം ജോര്‍ജിയയുടെ അതിര്‍ത്തിക്ക് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 20 പേര്‍ ഉണ്ടായിരുന്നതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനം ആകാശച്ചുഴിയില്‍ കറങ്ങുകയും പിന്നീട് രണ്ടായി പിളര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിലത്ത് പതിച്ച് വലിയ പുകപടലം ഉയര്‍ന്നു. ജോര്‍ജിയയുടെ ആഭ്യന്തര മന്ത്രാലയം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്ന വിമാനം ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് അപകടത്തില്‍പ്പെട്ടത്.

അസര്‍ബെയ്ജാനില്‍നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അസര്‍ബെയ്ജാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വിമാനം ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ഏതാനും മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായെന്ന് ജോര്‍ജിയന്‍ എയര്‍ നാവിഗേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയുടെ സി-30 വിമാനമാണ് തകര്‍ന്നത്.

അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളോ ആളപായത്തെക്കുറിച്ചോ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ജോര്‍ജിയന്‍ അധികൃതരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് വലിയ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ തുര്‍ക്കി പ്രസിഡന്റ് റെസപ് തയ്യിപ് എര്‍ദോഗന്‍ അനുശോചനം രേഖപ്പെടുത്തി. സാധ്യമായത്ര ആളപായം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടകാരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.