- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിപിഎസും വൈദ്യുതിയും എല്ലാം തടസ്സപ്പെടുമോ? അതിതീവ്ര സൗര കൊടുങ്കാറ്റിന് സാധ്യത; ഈ വര്‍ഷത്തെ ഏറ്റവും വലിയ സൗരജ്വാല പുറപ്പെടുവിച്ച് സൂര്യന്‍ ആകെ 'ചൂടില്‍'; സാധാരണക്കാര്‍ക്ക് ആശങ്കയ്ക്ക് വകയുണ്ടോ? സൗര കൊടുങ്കാറ്റുണ്ടായാല്‍ സാങ്കേതിക തടസ്സങ്ങള്‍ക്കപ്പുറം ധ്രുവദീപ്തിയുടെ മനോഹരകാഴ്ചയും
അതിതീവ്ര സൗര കൊടുങ്കാറ്റിന് സാധ്യത
വാഷിംഗ്ടണ്‍: ഭൂമിയെ ബാധിക്കുന്ന എന്തിനെ കുറിച്ചും നമ്മള്‍ ജാഗരൂകരാകേണ്ടേ? അത് നമ്മുടെ പ്രിയപ്പെട്ട സുര്യനില്‍ നിന്നായാലും. തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ആള്‍ പതിവിലും ചൂടിലാണ്. ഈ വര്‍ഷത്തെ ഏറ്റവും ഭീമനായ സൗരജ്വാലയാണ് പുറപ്പെടുവിച്ചിരിക്കുന്നത്,. ശക്തമായ എക്‌സ് 5.1 ക്ലാസ് സൗര ജ്വാല ഉപഗ്രഹങ്ങളെയും റേഡിയോ സിഗ്നലുകളെയും ജിപിഎസ് സിഗ്നലുകളെയും വിമാനങ്ങളെയും ഒക്കെ ബാധിക്കാം.
ചൊവ്വാഴ്ച മുതല്‍ ഇത് സംഭവിക്കാമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (NOAA) മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഈ സൗരജ്വാല കാരണം റേഡിയോ ബ്ലാക്ക്ഔട്ട് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് വിമാനഗതാഗതം, നാവിക, എമര്‍ജന്‍സി, ജിപിഎസ്, റഡാര്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെ താല്‍ക്കാലികമായി തടസ്സപ്പെടുത്തി. 'ഇത്തരം ശക്തമായ സൗര കൊടുങ്കാറ്റുകള്‍ സാധാരണയായി സംഭവിക്കുന്നവയല്ല. സൂര്യനില്‍ നിന്നുള്ള ഈ ശക്തമായ ഊര്‍ജ്ജ കണങ്ങള്‍ ഗ്രൗണ്ട് ഡിറ്റക്ടറുകള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നത്ര തീവ്രതയുള്ളതാണ്,' ബഹിരാകാശ ശാസ്ത്രജ്ഞ സ്റ്റെഫ് യാര്‍ഡ്‌ലി പറഞ്ഞു. 1942 മുതല്‍ ഇത്തരം 75 സംഭവങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
NOAA ശാസ്ത്രജ്ഞര്‍ സൂര്യനില്‍ നിന്ന് സൗര കാന്തിക കൊടുങ്കാറ്റ് (Coronal Mass Ejection - CME) ഭൂമിയിലേക്ക് എത്താന്‍ സാധ്യതയുണ്ടോ എന്ന് നിരീക്ഷിച്ചു വരികയാണ്. സെക്കന്‍ഡില്‍ ഏകദേശം 3,000 മൈല്‍ വേഗതയില്‍ നീങ്ങുന്ന ഈ സൗര കാന്തിക കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമിടുകയാണെങ്കില്‍, ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റിന് (Geomagnetic Storm) ഇത് കാരണമാകും. ഭൂമിയുടെ കാന്തികമണ്ഡലത്തെ ഇത് ബുധനാഴ്ചയോടെ (നവംബര്‍ 12) വന്‍തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
ഈ കൊടുങ്കാറ്റ് വിതച്ചേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുതി ഗ്രിഡുകള്‍, ജിപിഎസ് നാവിഗേഷന്‍, ഹൈ-ഫ്രീക്വന്‍സി റേഡിയോ കമ്മ്യൂണിക്കേഷനുകള്‍ എന്നിവയെ ഇത് കാര്യമായി ബാധിക്കാം. ഈ സൗരജ്വാല സൂര്യനിലെ AR4274 എന്ന സണ്‍സ്പോട്ടില്‍ നിന്നാണ് പുറപ്പെട്ടത്. ഈ പ്രദേശം സമീപ ദിവസങ്ങളില്‍ വളരെ സജീവമായിരുന്നു. നവംബര്‍ 9, 10 തീയതികളില്‍ മറ്റു രണ്ടു പ്രധാന സൗരജ്വാലകളും ഇവിടെനിന്നുണ്ടായിരുന്നു. സണ്‍സ്പോട്ടുകള്‍ സൂര്യന്റെ ഉപരിതലത്തിലെ താല്‍ക്കാലികമായ, ചുറ്റുമുള്ള ഭാഗങ്ങളെ അപേക്ഷിച്ച് തണുത്ത പാച്ചുകളാണ്. ഇത്തരം കൊടുങ്കാറ്റുകള്‍ക്ക് റേഡിയോ സംവിധാനങ്ങള്‍, ജിപിഎസ് സിഗ്‌നലുകള്‍, വൈദ്യുത ഗ്രിഡുകള്‍ എന്നിവയെ തടസ്സപ്പെടുത്താന്‍ കഴിവുണ്ട്.
എന്താണ് സൗര ജ്വാല?
സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ അപ്രതീക്ഷിതമായ സ്‌ഫോടനമാണ് സൗരജ്വാല (Solar Flare). ഇവയുടെ തീവ്രത അനുസരിച്ച് എക്‌സ്, എം, സി, ബി, എ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് എക്‌സ്-ക്ലാസ്. ഇപ്പോള്‍ ഭൂമിയിലേക്ക് വരുന്ന എക്‌സ് 5.1 ക്ലാസ് എക്‌സ്-ക്ലാസില്‍ തന്നെ ഏറ്റവും തീവ്രമായ ഒന്നാണ്. ഇത്തരം ശക്തമായ ജ്വാലകള്‍ക്ക് കൊറോണല്‍ മാസ് ഇജക്ഷന്‍ (Coronal Mass Ejection - CME) എന്ന പ്രതിഭാസത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്. സൂര്യന്റെ പുറംഭാഗത്തുനിന്നും വലിയ അളവില്‍ പ്ലാസ്മയും കാന്തികമണ്ഡലവും ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണിത്. ഈ സിഎംഇകള്‍ ഭൂമിയിലെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രതിപ്രവര്‍ത്തിച്ച് ഭൂകാന്തിക കൊടുങ്കാറ്റുകള്‍ക്ക് വഴിതെളിക്കുന്നു.
നിലവില്‍, സൂര്യന്‍ അതിന്റെ 11 വര്‍ഷത്തെ ചക്രത്തിലെ സോളാര്‍ മാക്‌സിമം (Solar Maximum) എന്നറിയപ്പെടുന്ന സജീവ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ സൂര്യകളങ്ക പ്രവര്‍ത്തനം (Sunspot Activity) വര്‍ദ്ധിക്കുകയും, സൗര കൊടുങ്കാറ്റുകള്‍ കൂടുതല്‍ ഇടയ്ക്കിടെയും തീവ്രമായും ഉണ്ടാകുകയും ചെയ്യുന്നു. ഇത് ഭൂമിയില്‍ ഭൂകാന്തിക കൊടുങ്കാറ്റുകള്‍, റേഡിയോ സിഗ്‌നല്‍ തടസ്സങ്ങള്‍, ഉപഗ്രഹ തകരാറുകള്‍, വൈദ്യുതി ഗ്രിഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ക്ക് കാരണമാകാറുണ്ട്.
നാസയുടെ കണ്ടെത്തലുകള്‍ പ്രകാരം, ഈ അതിതീവ്ര സൗര കൊടുങ്കാറ്റ് ഭൂമിയിലെ വിവിധ സാങ്കേതിക സംവിധാനങ്ങളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്, ഹ്രസ്വതരംഗ റേഡിയോ ആശയവിനിമയങ്ങളെ (Shortwave radio communications) ഇത് താല്‍ക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. ഇത് വിമാന ഗതാഗതത്തെ പോലും ബാധിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, കൃത്യതയോടെ വിവരങ്ങള്‍ നല്‍കേണ്ട ജിപിഎസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും തകരാറിലായേക്കാം. ഉപഗ്രഹങ്ങള്‍ക്കും ഇത് ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണ ശൃംഖലകളിലും (Power Grids) ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം, ഇത് വ്യാപകമായ വൈദ്യുതി തടസ്സങ്ങള്‍ക്ക് കാരണമാകാം.
എന്നാല്‍, സാധാരണക്കാര്‍ക്ക് നേരിട്ട് വലിയ ശാരീരിക ഭീഷണിയൊന്നും ഇത്തരം സൗര കൊടുങ്കാറ്റുകള്‍ സാധാരണയായി ഉണ്ടാക്കാറില്ല. എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്ന സാങ്കേതികവിദ്യകളെ ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. സൗര കൊടുങ്കാറ്റിന്റെ തീവ്രത അനുസരിച്ച് പ്രത്യാഘാതങ്ങളുടെ വ്യാപ്തി വ്യത്യാസപ്പെട്ടിരിക്കും.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഈ സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൗര കൊടുങ്കാറ്റിന്റെ സഞ്ചാരപഥവും ഭൂമിയിലെത്താനുള്ള സാധ്യതയും കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്.
ധ്രുവദീപ്തിയുടെ മനോഹര കാഴ്ച
സൗര കൊടുങ്കാറ്റുകള്‍ സാങ്കേതിക തടസ്സങ്ങള്‍ക്ക് കാരണമാകുമെങ്കിലും, അവ അറോറകള്‍ എന്നറിയപ്പെടുന്ന അതിശയകരമായ പ്രകാശ പ്രദര്‍ശനങ്ങളും സൃഷ്ടിക്കുന്നു. സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജ് കണികകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി (പ്രധാനമായും ഓക്‌സിജന്‍, നൈട്രജന്‍) പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഇവ സംഭവിക്കുന്നത്.
സാധാരണയായി ധ്രുവപ്രദേശങ്ങളിലാണ് ഇവ ദൃശ്യമാകുന്നതെങ്കിലും, അതിശക്തമായ കൊടുങ്കാറ്റുകളുടെ സമയത്ത് താഴ്ന്ന അക്ഷാംശങ്ങളിലും ഇവയെ കാണാന്‍ സാധിക്കാറുണ്ട്.ഇക്കുറി അറോറകള്‍ പെന്‍സില്‍വാനിയ, അയോവ, ഓറിഗണ്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാം.




