- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുത്; വാഗ-അട്ടാരിയിലും പോകരുത്; പഹല്‍ഗാമും ഗുല്‍മാര്‍ഗും സോനാമാറും ശ്രീനഗറും ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവെയും ഒഴിവാക്കണം; മണിപ്പൂരും നന്നല്ല; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: റെഡ്‌ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് രംഗത്തെത്തി. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സൂരക്ഷാഭീഷണി ഉള്ളതിനാലാണ് ഈ മുന്നറിയിപ്പെന്നും അവര്‍ പറയുന്നു.
ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വാഗ - അട്ടാരി അതിര്‍ത്തി ഉള്‍പ്പടെയാണിത്. അതുപോലെ, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍, ശ്രീനഗര്‍, ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍, ജമ്മുവിലേക്കും ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം സഞ്ചരിക്കുന്നതിന് വിലക്കില്ല. അതുപോലെ ജമ്മു നഗരത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനും വിലക്കില്ല. ഇംഫാല്‍ ഉള്‍പ്പടെ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്കും അത്യാവശ്യമെങ്കില്‍ മാത്രമെ യാത്ര ചെയ്യാവൂ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിര്‍ത്തി റോഡുകളിലും പോലീസ് പരിശോധന കര്‍ശനമാക്കി. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്കെത്തുന്ന വാഹനങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു.സ്‌ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ദരിയഗഞ്ച്, പഹര്‍ഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാല്‍ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. പ്രാദേശിക മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ വ്യക്തികള്‍, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ എന്നിങ്ങനെ എല്ലാത്തര ത്തിലും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. പ്രധാന മേഖലകളിലെല്ലാം വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി.
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഡോ. ഉമര്‍ നബി ചാവേറായിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. സാന്പിള്‍ ശേഖരിക്കാനായി ഉമര്‍ നബിയുടെ അമ്മ ഷമീമ ബീഗത്തെ അന്വേഷണസംഘം ആശുപത്രിയിലെത്തിച്ചു. രണ്ട് സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു. അതേസമയം, സ്‌ഫോടനം നടത്തിയ കാറിന്റെ ഉടമസ്ഥരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നുപേരെ ചോദ്യംചെയ്തു. കാറിന്റെ ആദ്യ ഉടമയായ ഗുഡ്ഗാവ് സ്വദേശി മുഹമ്മദ് സല്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേരെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഓക്ലയിലുള്ള ദേവേന്ദ്ര എന്നയാള്‍ക്കു സല്‍മാന്‍ കാര്‍ വിറ്റുവെന്നാണ് രേഖകള്‍. ഒന്നരവര്‍ഷം മുന്പായിരുന്നു ഇത്.
2016 മുതല്‍ നാലുവര്‍ഷം മുഹമ്മദ് സല്‍മാന്‍ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമ ദിനേശിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. 2020 നുശേഷം സല്‍മാനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ദിനേശിന്റെ സഹോദരന്‍ മഹേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. സല്‍മാനൊപ്പം ഭാര്യയും രണ്ടു കുട്ടികളും അമ്മയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഒരു സ്വകാര്യകന്പനിയില്‍ ജോലിയാണെന്നാണ് അയല്‍വാസികളോട് ഇയാള്‍ പറഞ്ഞിരുന്നത്. ദേവന്ദ്രയില്‍നിന്നാണ് അംബാല സ്വദേശിയായ ഒരാള്‍ ഈ കാര്‍ വാങ്ങിയത്. ഇയാളില്‍നിന്നും പുല്‍വാമ സ്വദേശി താരിഖ് എന്നയാള്‍ കാര്‍ സ്വന്തമാക്കി. കാര്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.




