- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015ല്‍ നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തിലെ രണ്ട് എസ് ഐമാര്‍ക്കെതിരെ സിബിഐ നിര്‍ദ്ദേശിച്ചത് കോഫേ പോസ കേസ്; പത്ത് കൊല്ലം കഴിയുമ്പോള്‍ അതിലൊരാല് ശബരിമലയിലെ പോലീസ് കണ്‍ട്രോളര്‍; പൊലീസ് കണ്‍ട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നടത്താന്‍ പോകുന്നത് നിര്‍ണ്ണായക നീക്കങ്ങള്‍; ശബരിമലയില്‍ സംഭവിക്കുന്നതെല്ലാം ദുരൂഹം?
പത്തനംതിട്ട: ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ നടത്തിയ പോലീസ് നീക്കവും വിവാദത്തിലേക്ക്. ശബരിമലയില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന സൂചനകളാണ് ഹൈക്കോടതിയില്‍ നിന്നും പുറത്തു വരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയയെ സന്നിധാനത്ത് പ്രധാന ചുമതലയില്‍ നിയമിച്ചതാണ് വിവാദമായി മാറുന്നത്. അടൂര്‍ ക്യാമ്പിലെ എസ്‌ഐ ആര്‍. കൃഷ്ണകുമാറിനെയാണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളറായി നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥനെ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കവെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ പൊലീസ് കണ്‍ട്രോളറായി നിയമിച്ചിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷനില്‍ ജോലി ചെയ്യവേ 2014-ല്‍ സ്വര്‍ണക്കടത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലവിലെ പോലീസ് കണ്‍ട്രോളറെ മുന്നറിയിപ്പില്ലാതെ മാറ്റുകയായിരുന്നു. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിയ്ക്ക് സ്‌പെഷ്യല്‍ കമ്മീഷണര്‍ കത്തു നല്‍കി. പിന്നാലെയാണ് കൃഷ്ണകുമാറിനെ നിയമിച്ചതെന്നാണ് സൂചന. വസ്തുത മനസ്സിലാക്കി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. എഡിജിപിയായ എംആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയും പുറംലോകത്ത് എത്തിയത് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ദ്വാരപാലക ശില്‍പം പുറത്തേക്ക് കൊണ്ടു പോയതും ഹൈക്കോടതിയെ അറിയിച്ചത് സ്‌പെഷ്യല്‍ കമ്മീഷണറാണ്. ഇതാണ് സ്വര്‍ണ്ണ കൊള്ളയിലെ വസ്തുതകള്‍ പുറത്തെത്തിച്ചത്.
ഈ സാഹചര്യത്തിലാണ് പോലീസ് കണ്‍ട്രോളര്‍ നിയമനവും ചര്‍ച്ചകളിലേക്ക് വരുന്നത്. നിയമിച്ച ഉദ്യോഗസ്ഥനെ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ള മുഴുവന്‍ പൊലീസുകാരെ സംബന്ധിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി എസ്. ശ്രീജിത്തിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് എസ് ഐമാര്‍ക്കെതിരെ കോഫേ പോസ ചുമത്താന്‍ 2015ല്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. അന്ന് എമിഗ്രേഷന്‍ എസ് ഐ മാരായ ഇ വി മനു, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടപടി ശുപാര്‍ശ. ഇതിലുള്‍പ്പെട്ട ആളിനെയാണ് ശബരിമലയില്‍ നിയോഗിച്ചതെന്നാണഅ സൂചന. 2015 ജനുവരിയിലാണ് ഇവരുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്തിയത്. രണ്ട് കിലോഗ്രാം സ്വര്‍ണ്ണം കടത്തിയതായി തെളിഞ്ഞിരുന്നു. ഇരുവരും ജനുവരിയില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഈ കേസിന് എന്തു സംഭവിച്ചുവെന്നത് അടക്കം ഹൈക്കോടതി പരിശോധിക്കും.
മണ്ഡലമകരവിളക്ക് സീസണില്‍ ശബരിമല സന്നിധാനത്തെ പൊലീസ് കണ്‍ട്രോളറായി നിയോഗിച്ച ആര്‍ കൃഷ്ണകുമാറിന്റെ സര്‍വീസ് വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുമ്ട്. കൂടാതെ ശബരിമലയിലും പമ്പയിലും പ്രധാന ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. രണ്ടു വര്‍ഷത്തിലധികം തുടര്‍ച്ചയായി ഇവിടെ പ്രവര്‍ത്തിച്ചവരുടെ പട്ടികയും നല്‍കണമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ച് ശബരിമല ചീഫ് പൊലീസ് കോഓര്‍ഡിനേറ്ററായ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയോട് നിര്‍ദേശിച്ചു. പൊലീസ് കണ്‍ട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് നിര്‍ദേശം. കെഎപി -1 ബറ്റാലിയനിലെ എസ്‌ഐയാണ് ആര്‍ കൃഷ്ണകുമാര്‍. ഇദ്ദേഹത്തിന് മുമ്പ് സന്നിധാനത്ത് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ 20 വര്‍ഷം തുടര്‍ച്ചയായി അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം സാഹചര്യം സുതാര്യതയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് പൊലീസ് കോഓര്‍ഡിനേറ്ററെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തു. വിഷയം 14ന് വീണ്ടും പരിഗണിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി 360 കിലോ സ്വര്‍ണം കടത്തിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതിയെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര കായണ്ണ ബസ്സാര്‍ കക്കാട്ടുമല്‍ വീട്ടില്‍ കുഞ്ഞായന്‍കുട്ടിയെ പിടികൂടിയതും ഈ കേസില്‍ നിര്‍ണ്ണായകമായിരുന്നു. 2014 ഒക്ടോബര്‍ മുതല്‍ 2015 ജനവരി വരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ഇത്രയും സ്വര്‍ണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരായ മനു, കൃഷ്ണകുമാര്‍ എന്നിവരും മറ്റ് പ്രതികളായ മുഹമ്മദ് റഷീദ്, ഷാജഹാന്‍, ഇജാസ് അബ്ദുള്ള എന്നിവരും അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന കുഞ്ഞായന്‍കുട്ടിയെ പിടികൂടാന്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കാരിയര്‍മാരായ യാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ ഒളിപ്പിക്കുകയും സംഘത്തില്‍പ്പെട്ട എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അത് പുറത്തെത്തിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ആസൂത്രിതമായി നടത്തിവന്നിരുന്ന സ്വര്‍ണക്കടത്ത് സി.ബി.ഐ. അന്വേഷിച്ചിരുന്നു. പിന്നീട് അന്ന് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എ.പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഷാഡോ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞായന്‍കുട്ടി കോഴിക്കോട് പൊക്കുന്ന് കോന്തനാരിയില്‍ നിന്ന് പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചശേഷം വേഷവും രൂപവും മാറി ഇയാള്‍ മുംബൈ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ താമസിച്ചു വരികയായിരുന്നു. ഈ കേസ് അന്വേഷണം പിന്നീട് സിബിഐയും ഏറ്റെടുത്തിരുന്നു.
ശബരിമലയിലെ സ്വര്‍ണ്ണ തട്ടിപ്പ് പുറത്തു വരുമ്പോള്‍ അത് കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന വാദമാണ് പ്രസിഡന്റ് പി എസ് പ്രശാന്ത് മുമ്പോട്ട് വയക്കുന്നത്. തന്റെ കാലത്ത് എല്ലാം കിറുകൃത്യമാണെന്നും പറയുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ഒരു വ്യക്തിയുടെ കരുതലാണ് ഈ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. ഭസ്മ കുളത്തിന്റെ നവ നിര്‍മ്മാണത്തിലൂടെ കോടികള്‍ കീശയിലാക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തെ പൊളിച്ച അതേ വ്യക്തി. 2024ല്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണറായി ആര്‍ ജയകൃഷ്ണന്‍ എത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ ശബരിമലയിലെ കള്ളക്കളികളുടെ 'ചെമ്പ്' തെളിയാന്‍ തുടങ്ങി. ഭസ്മകുളത്തിലെ കള്ളക്കളികള്‍ കണ്ടെത്തിയ അതേ ജയകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് ശബരിമലയിലെ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയും പൊളിച്ചത്. ഫോട്ടോകള്‍ സഹിതമാണ് അന്ന് അജിത് കുമാറിന്റെ യാത്ര ജയകൃഷ്ണന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സന്നിധാനത്ത് ഇല്ലെങ്കിലും അവിടെ നടക്കുന്നത് അറിയാനുള്ള അക കണ്ണ് ജയകൃഷ്ണന് കിട്ടി. അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ നടത്തിയതിനേക്കാള്‍ വലിയ ചടുല നീക്കമാണ് ജഡ്ജ് ജയകൃഷ്ണന്‍ സ്വര്‍ണ്ണ പാളിയില്‍ നടത്തിയത്. അതീവ രഹസ്യമായി സ്വര്‍ണ്ണ പാളിയുമായി കടന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തന്ത്രങ്ങള്‍ പാളി. ഇതേ ജ്യുഡീഷ്യല്‍ ഓഫീസറാണ് ശബരിമലയിലെ പോലീസ് കണ്‍ട്രോളറുടെ മാറ്റത്തിലും ഇടപെടുന്നത്.
ശബരിമല ക്ഷേത്രത്തിന്റെ സ്പെഷ്യല്‍ കമ്മീഷണറായി ആര്‍. ജയകൃഷ്ണനെ കേരള ഹൈക്കോടതി നിയമിച്ചത് 2024നാണ് . രണ്ടു വര്‍ഷത്തേക്കാണ് ഈ സുപ്രധാന പദവിയിലേക്ക് അദ്ദേഹത്തെ നിയമിച്ചിത്. അന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന കൊല്ലം കൊട്ടാരക്കരയിലെ പ്രത്യേക കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ് ആര്‍. ജയകൃഷ്ണന്‍. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഭരണപരമായ കാര്യങ്ങള്‍, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് സ്പെഷ്യല്‍ കമ്മീഷണറുടെ പ്രധാന ചുമതല. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമപരമായ മേല്‍നോട്ടം ഉറപ്പാക്കുക, കണ്ടെത്തുന്ന പ്രശ്നങ്ങളും ആവശ്യമായ ശുപാര്‍ശകളും ഹൈക്കോടതിക്ക് റിപ്പോര്‍ട്ടുകളായി സമര്‍പ്പിക്കുക എന്നിവയും ചുമതലയാണ്. മണ്ഡല-മകരവിളക്ക് മഹോത്സവമുള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍, സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിലും നിയമപ്രകാരമുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിലും സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നിര്‍ണായക പങ്കുണ്ട്. മുന്‍കാലങ്ങളിലും ഈ പദവിയിലുണ്ടായിരുന്നവര്‍ ക്ഷേത്രത്തിന്റെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കൊല്ലം കൊട്ടാരക്കരയിലെ പ്രത്യേക കോടതി ജഡ്ജി എന്ന നിലയില്‍ ആര്‍. ജയകൃഷ്ണന്റെ സേവന പരിചയം, ശബരിമലയിലെ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള പ്രായോഗിക ജ്ഞാനം, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ സാമൂഹികവും നിയമപരവുമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടോടെ ഇടപെടാന്‍ അദ്ദേഹത്തെ സഹായിച്ചുവെന്നതാണ് വസ്തുത. ശബരിമല ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായ നിയമപരമായ മേല്‍നോട്ടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ ജഡ്ജി പ്രവര്‍ത്തിക്കുകയും ചെയ്തു. ശബരിമല ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജയകൃഷ്ണന്റെ സേവനം എത്രത്തോളം നിര്‍ണ്ണായകമായി എന്നതിന് തെളിവാണ് സ്വര്‍ണ്ണ പാളിയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍. ജയകൃഷ്ണന്‍ ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറിയായിരുന്ന കാലത്താണ് രാജ്യത്തെ മികച്ച ലീഗല്‍ സര്‍വ്വീസ് അതോറിട്ടിക്കുള്ള ദേശീയ പുരസ്‌കാരം പത്തനംതിട്ടയ്ക്ക് കിട്ടിയത്. കോട്ടയത് ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്, തിരുവനന്തപുരം വാടക നിയന്ത്രണ കോടതിയില്‍ ജൂനിയര്‍ സിവില്‍ ജഡ്ജ്, പത്തനംതിട്ട ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്, സബ് ജഡ്ജ്, തിരുവനന്തപുരത്ത് ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേട്ട്, പോക്സോ കോടതി ജഡ്ജ്, സര്‍വ്വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ ജഡ്ജ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.




