ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഉപയോഗിച്ചിരുന്ന ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി. സ്ഫോടനക്കേസ് പ്രതി ഉമര്‍ ഉന്‍ നബിയുടെ ഉടമസ്ഥതയിലുള്ളതാണ് DL 10 CK 0458 നമ്പര്‍ ചുവന്ന ഇക്കോസ്‌പോര്‍ട്ട്. ഈ കാറിനായി വ്യാപക തിരച്ചില്‍ നടന്നിരുന്നു. ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കാണപ്പെട്ടത്. ഫരീദാബാദ് പോലീസാണ് കാര്‍ കണ്ടെത്തിയത്. അല്‍ ഫലാ സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയിട്ടുള്ളത്.

സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മറ്റൊരു വാഹനംകൂടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. നേരത്തേ തിരിച്ചറിഞ്ഞ ഹ്യുണ്ടായ് ഐ20 കാറിനു പുറമെ പ്രതികള്‍ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാറും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വ്യാപക തിരച്ചില്‍ നടന്നത്.

ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉമര്‍ ഈ വാഹനം ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. വ്യാജ വിലാസത്തിലാണ് കാര്‍ വാങ്ങിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു വീടിന്റെ വിലാസമാണ് ഉമര്‍ കാര്‍ വാങ്ങുന്നതിനായി നല്‍കിയതെന്നും പോലീസ് ആ വിലാസത്തില്‍ രാത്രി വൈകി റെയ്ഡ് നടത്തിയതായും വൃത്തങ്ങള്‍ പറഞ്ഞു.

സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകള്‍ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടാമത്തെ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ഡല്‍ഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. വ്യാജ രേഖകള്‍ നല്‍കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകള്‍ പ്രകാരം ഡോക്ടര്‍ ഉമര്‍ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നഗരത്തില്‍ ഉടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.

രാജ്യസുരക്ഷയെ വെല്ലുവിളിച്ച ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമര്‍ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്മില്‍ ഷക്കീലും കഴിഞ്ഞ ജനുവരിയില്‍ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്മിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചാന്ദ്‌നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരര്‍ വാങ്ങിയ മറ്റ് വാഹനങ്ങള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ കൂടാതെ മറ്റു രണ്ട് വാഹനങ്ങള്‍ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.

സംഭവദിവസം ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ഡല്‍ഹിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായി. ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നു എന്നുമാണ് വിലയിരുത്തല്‍. ഇതിനിടെ, ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി എല്‍ എന്‍ ജെപി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചികിത്സാവിവരങ്ങള്‍ ആരാഞ്ഞ മോദി ഇരുപത് മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിശദീകരണവുമായി അല്‍-ഫലാഹ് സര്‍വകലാശാല

ഭീകരവാദക്കേസില്‍ രണ്ട് ഡോക്ടര്‍മാരെ അറസ്റ്റ്ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ഹരിയാനയിലെ 'അല്‍-ഫലാഹ്' സര്‍വകലാശാല രംഗത്ത് വന്നു. അറസ്റ്റിലായ ഡോക്ടര്‍മാര്‍ സര്‍വകലാശാലയില്‍ ജോലിചെയ്യുന്നു എന്നതല്ലാതെ ഇവരുമായി സര്‍വകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഭുപീന്ദര്‍ കൗര്‍ ആനന്ദ് അറിയിച്ചു. കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇതില്‍ സ്ഥാപനത്തിന് അഗാധമായ ദുഃഖവും വേദനയുമുണ്ട്. ഇത്തരം സംഭവങ്ങളെ ശക്തമായി അപലിക്കുന്നതായും ഇതില്‍ ഇരകളായ നിരപരാധികളോടൊപ്പമാണ് സര്‍വകലാശാലയെന്നും വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ സ്ഫോടകവസ്തുക്കളുമായി ഡോക്ടര്‍മാര്‍ പിടിയിലാവുകയും ഡല്‍ഹിയില്‍ ചാവേറാക്രമണമുണ്ടാവുകയുംചെയ്തതിന് ശേഷം ഇതാദ്യമായാണ് അല്‍-ഫലാഹ് സര്‍വകലാശാല പ്രതികരണം നടത്തിയത്.

സര്‍വകലാശാലയ്ക്കെതിരേ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കഥകളാണെന്നും ഇത് അപകീര്‍ത്തികരമാണെന്നുമാണ് അല്‍-ഫലാഹ് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസിലെ ലാബുകളില്‍ രാസവസ്തുക്കളുടെ നിര്‍മാണമോ സാന്നിധ്യമോ ഇല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. അല്‍-ഫലാഹ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരായ മുസമ്മില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരെയാണ് കഴിഞ്ഞദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ്ചെയ്തത്. ഇതിനുപിന്നാലെയാണ് ഇതേ സര്‍വകലാശാലയിലെ ഡോക്ടറായ ഉമര്‍ നബി ഡല്‍ഹി ചെങ്കോട്ടയില്‍ ചാവേറായി ആക്രമണം നടത്തിയത്.

ഹരിയാണ-ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് 27 കിലോമീറ്റര്‍ അകലെ ഫരീദാബാദിന് സമീപത്തുള്ള ദൗജിലാണ് അല്‍-ഫലാഹ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. 2014-ല്‍ അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിതമായത്. താട്ടടുത്തവര്‍ഷം സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരവും ലഭിച്ചു. 1995-ല്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് 1997-ല്‍ ഒരു എന്‍ജിനിയറിങ് കോളേജാണ് ആദ്യമായി സ്ഥാപിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ്, ആര്‍ട്സ് കോളേജ് തുടങ്ങിയവയും ആരംഭിക്കുകയായിരുന്നു. അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 2019 മുതലാണ് എംബിബിഎസ് പ്രവേശനം ആരംഭിച്ചത്. 650 കിടക്കകളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയാണിത്. 200 സീറ്റുകളാണ് എംബിബിഎസിനുള്ളത്. ഏകദേശം 74.5 ലക്ഷം രൂപയാണ് എംബിബിഎസ് കോഴ്സിന്റെ ഫീസ്.