ബെയ്ജിങ്: ചൈനയില്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിചുവാന്‍ പ്രവിശ്യയിലെ ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകര്‍ന്നതില്‍ അന്വേഷണം തുടങ്ങി. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ 758 മീറ്റര്‍ നീളമുള്ള ഈ പാലം, വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച അടച്ചിരുന്നു. ചരിഞ്ഞ പര്‍വതമേഖലയിലെ ഭൗമപരമായ അസ്ഥിരതയാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ ഉള്ള പ്രശ്‌നങ്ങള്‍ സംഭവത്തിന് കാരണമായോ എന്ന് കണ്ടെത്താന്‍ വിശദമായ സാങ്കേതിക അന്വേഷണം നടന്നുവരികയാണ്.

നവംബര്‍ 11-ന് നടന്ന സംഭവത്തില്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് നദിയിലേക്ക് പതിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അപകടത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. മാല്‍ക്കാങ് നഗരത്തിലെ ഹോങ്ചി പാലം സ്ഥിതി ചെയ്യുന്ന ദേശീയപാതയുടെ വലത് കരയില്‍ തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:25-ന് അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു.

ഷുവാങ്ജിയാങ്കു ഹൈഡ്രോപവര്‍ സ്റ്റേഷന് സമീപം 625 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഈ പാലം, സിചുവാനെയും ടിബറ്റന്‍ പീഠഭൂമിയെയും ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാന്‍ ഈ വര്‍ഷം ആദ്യം നിര്‍മ്മിച്ചതാണ്. സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പ്രദേശം അടച്ചുപൂട്ടിയിട്ടുണ്ട്. ദേശീയപാത എപ്പോള്‍ തുറക്കുമെന്ന് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല.

മധ്യ ചൈനയെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ ഹോങ്ചി പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം കഷണങ്ങളായി തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, പാലത്തിന്റെ അടിത്തറയിലേക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയും തുടര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം താഴെയുള്ള നദിയിലേക്ക് തകര്‍ന്നു വീഴുന്നതും കാണാം. അന്തരീക്ഷത്തില്‍ പൊടിയും അവശിഷ്ടങ്ങളും നിറയുന്നതും വീഡിയോയിലുണ്ട്. നിമിഷങ്ങള്‍ക്കുള്ളിലാണ് പാലത്തിന്റെ തൂണുകള്‍ വെള്ളത്തിലേക്ക് പതിച്ചത്.


വീഡിയോയ്ക്ക് പലതരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. നിര്‍മ്മാണത്തിലെ വേഗത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) കരുതുന്നതുപോലെ അത്ര വലിയ കാര്യമല്ല. അവര്‍ ഒരുപക്ഷേ എന്‍ജിനീയര്‍മാരെയും പ്രോജക്ട് മാനേജര്‍മാരെയും കമ്പനി ഉടമകളെയും പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച ചില സിസിപി നേതാക്കളെയും വധിച്ചേക്കാം, ഒരു ഉപയോക്താവ് കുറിച്ചു. ഇതൊരു പാലം തകര്‍ച്ച എന്നതിലുപരി ഒരു മണ്ണിടിച്ചില്‍ പോലെയാണ് തോന്നുന്നത്. പാലത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

ചൈനയുടെ പടിഞ്ഞാറന്‍ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ വെല്ലുവിളികളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇവിടെ ഭൂകമ്പ സാധ്യതയും മണ്ണിടിച്ചില്‍ സാധ്യതയുമുള്ള പ്രദേശങ്ങളിലാണ് ദ്രുതഗതിയിലുള്ള വികസനം നടക്കുന്നത്, മൂന്നാമതൊരാള്‍ പ്രതികരിച്ചു.

സമീപത്തെ ചരിവുകളിലും റോഡുകളിലും വിള്ളലുകള്‍ കണ്ടെത്തിയതിനെയും അടുത്തുള്ള മലയില്‍ ഭൂപ്രദേശത്തിന് മാറ്റങ്ങള്‍ സംഭവിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ പാലം അടച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മുന്‍കരുതല്‍ നടപടികള്‍ക്കിടയിലും ചൊവ്വാഴ്ച സ്ഥിതി കൂടുതല്‍ വഷളാവുകയും ശക്തമായ മണ്ണിടിച്ചിലില്‍ 758 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഒരു ഭാഗവും സമീപറോഡുകളും തകരുകയുമായിരുന്നു.