തിരുവനന്തപുരം: ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടിയിരുന്നു. ഇന്നലെയാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായിട്ട് ഒരു വര്‍ഷം തികഞ്ഞത്.

നിലവില്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചുവരുത്തിയത്. അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസില്‍ ബ്ലോവറു'ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ 'ഹൂ ഈസ് ദാറ്റ്' എന്നു ചോദിച്ച് ഫെയ്‌സ്ബുക്കില്‍ പരിഹസിക്കുകയും ചെയ്തു. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.

അതേ സമയം സസ്‌പെന്‍ഷന്‍ വാര്‍ഷികത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ആക്കമിട്ട് നിരത്തി പ്രശാന്ത് രംഗത്തെത്തിയിരുന്നു ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഒമ്പത് ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞിരിക്കുന്നത്. ഓരോ ആരോപണങ്ങള്‍ക്കൊടുവിലും 'ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത്- നിലവിലെ ചീഫ് സെക്രട്ടറി, ആരാണ് നിലവിലെ ചീഫ് സെക്രട്ടറി -ഡോ. ജയതിലക്' എന്നിങ്ങനെ പരിഹാസവും ആവര്‍ത്തിച്ചിട്ടുണ്ട്.

100 ശതമാനവും തെളിവുകളുള്ള ആരോപണങ്ങളുടെ ഒരു ചെറിയ ശേഖരം മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും എല്ലാം രേഖാമൂലമുള്ള പ്രത്യേക പരാതികളാണെന്നും പോസ്റ്റില്‍ പറയുന്നു. ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി ആരംഭിക്കാനും ഏതൊരു ചീഫ് സെക്രട്ടറിക്കും മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ധാരാളമാണ്. ബ്യൂറോക്രസിയിലെ അധികാര ലോബി രാഷ്ട്രീയ അഴിമതിയുടെ പിന്തുണയോടെ എന്നെ കീഴ്‌പ്പെടുത്താനും നിശ്ശബ്ദനാക്കാനും ശ്രമിക്കുന്നത് തികച്ചും അതിമോഹമാണ്. 'ഒത്തുതീര്‍പ്പാക്കാന്‍' ഓടി നടന്ന് അഴിമതിപ്പണത്തിന്റെ ചെറിയ അപ്പക്കഷ്ണങ്ങളും പോസ്റ്റിങ്ങുകളും ഇരന്ന് നേടുന്ന സര്‍വിസിലെ മറ്റ് പലരെയും പോലെയാണ് താനും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി.

കളി തുടങ്ങാനിരിക്കുന്നതേയുള്ളൂ. മുമ്പിലുള്ള മുഖംമൂടികള്‍ കുറേ അഴിഞ്ഞുവീണു. എല്ലാവരുടെയും നിലപാടും തനിനിറവും ഇപ്പോള്‍ വ്യക്തമാണ്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാമറക്ക് മുന്നില്‍ പുരോഗമനവാദികളായി നടിക്കുന്നു, എന്നാല്‍ തെറ്റുകാര്‍ അവരെക്കാള്‍ ശക്തരാണെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലര്‍ സമത്വത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ സന്തോഷത്തോടെ കൈക്കൂലി വാങ്ങുന്നു. തനിക്ക് സന്തോഷകരവും അഭിമാനകരവുമായ സസ്പെന്‍ഷന്‍ വാര്‍ഷികാശംസകള്‍ എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

എന്റെ സസ്പെന്‍ഷന്‍ വാര്‍ഷിക പോസ്റ്റ്!

എന്നെ സസ്പെന്‍ഡ് ചെയ്തത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രസിദ്ധമായ 'മാടമ്പിള്ളിയിലെ മനോരോഗി' എന്ന പ്രയോഗമാണ് മഹാന്മാരെ ചൊടിപ്പിച്ചത്. സിനിമകളിലൂടെ സാംസ്‌കാരികമായി എല്ലാവരും പങ്കുവെക്കുന്നതും, ആ സിനിമയുടെ റഫറന്‍സില്‍ മാത്രം അര്‍ത്ഥം വരുന്നതുമായ ഒരു പ്രയോഗമാണത്. നിര്‍ഭാഗ്യവശാല്‍, അടിസ്ഥാന മലയാളമോ പ്രാദേശിക സംസ്‌കാരമോ മനസ്സിലാക്കാത്ത സഹപ്രവര്‍ത്തകര്‍ നമുക്കുണ്ട്. ആരും പരാതിപ്പെട്ടില്ല, ആര്‍ക്കും ദോഷമുണ്ടായില്ല, ഫേസ്ബുക്ക് പ്ലാറ്റ്ഫോം പോലും അതിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ലംഘിച്ചതായി കണ്ടെത്തിയില്ല. എങ്കിലും അതൊരു കാരണമാക്കി.

എല്ലാവര്‍ക്കും അറിയുന്നതുപോലെ, ഡോ. ജയതിലക്, ഗോപാലകൃഷ്ണന്‍ എന്നിവരുടെ കൃത്യമായ അഴിമതികളും നിയമലംഘനങ്ങളുമാണ് ഞാന്‍ പുറത്തുകൊണ്ടുവന്നത്. മണിക്കൂറുകള്‍ക്കകം അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ സസ്പെന്‍ഷനും അച്ചടക്ക നടപടിയും അന്വേഷണവും നല്‍കി എന്നെ ആദരിച്ചു. ഈ കാര്യങ്ങള്‍ IAS കാരുടെ ലോകത്തിന് പുറത്തുപറയരുത് എന്നതായിരുന്നു അവരുടെ ന്യായം! രസകരമായ കാര്യം എന്തെന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനായ (ഡോ. രാജന്‍ ഖോബ്രഗഡെ) പ്രസന്റിംഗ് ഓഫീസറായ (മിസ്. ടിങ്കു ബിസ്വാള്‍) എന്നിവര്‍ക്ക് സൂക്ഷ്മമായ മലയാളം വായിക്കാനോ മനസ്സിലാക്കാനോ കഴിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇന്നുവരെ ഒരു പ്രാഥമിക വാദം കേള്‍ക്കല്‍ പോലും നടന്നിട്ടില്ല!

ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം: ഇതേ ശ്രീമതി ശാരദ മുരളീധരന്‍ പിന്നീട് സ്വന്തം ഫേസ്ബുക്കില്‍ അവരുടെ മേലുദ്യോഗസ്ഥനെതിരെ രോഷം പ്രകടിപ്പിക്കുകയും അത് സംബന്ധിച്ച് ഡസന്‍ കണക്കിന് മാധ്യമ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. തന്നെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള ആരോ തന്റെ തൊലിയുടെ നിറത്തെ കളിയാക്കി എന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ ആ വ്യക്തിയുടെ പേര് പറയാനോ എന്തെങ്കിലും നടപടിയെടുക്കാനോ അവര്‍ ധൈര്യം കാണിച്ചില്ല. ജീവിതത്തില്‍ എങ്ങനെ ആവാന്‍ പാടില്ല എന്ന് എന്റെ മകള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ ഈ സംഭവം പറയാറുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലുള്ള ശക്തയായ വനിതയ്ക്ക് പോലും തന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളാനും ആളുകളെ അവരുടെ ചെയ്തികള്‍ക്ക് ഉത്തരവാദികളാക്കാനും അറിയില്ലെങ്കില്‍, പാവപ്പെട്ടവരും ദുര്‍ബലരുമായ സ്ത്രീകള്‍ എങ്ങനെ തങ്ങളുടെ പോരാട്ടങ്ങള്‍ നയിക്കും നിലകൊള്ളാന്‍ ധാര്‍മിക ധൈര്യമില്ലാത്തതിന് മിനുസമുള്ള വാക്കുകള്‍ കൊണ്ട് പരിഹാരം കാണാന്‍ കഴിയില്ല. എന്തുകൊണ്ടെന്ന് നമുക്ക് നോക്കാം.

പരിചയമില്ലാത്തവര്‍ക്കായി, ഡോ. എ. ജയതിലക് ആരാണെന്ന് ആദ്യം പറയാം. അദ്ദേഹത്തിന്റെ സമീപകാലത്തെ 'ശോഭനമായ' കരിയറിലെ ഒരു ചെറിയ വിവരശേഖരം പൊതുജന സമക്ഷം പങ്കുവെക്കുന്നു (എം.ഡി. കെ.ടി.ഡി.സി. എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പഴയ നേട്ടങ്ങളും ഛത്തീസ്ഗഢിലെ 'വിക്രിയകളും' ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല):

1. ഓഫീസ് ഹാജര്‍: ശമ്പളം വാങ്ങുന്ന 'അദൃശ്യന്‍'

ഓഫീസില്‍ ഹാജരാവാത്തതിന് ഡോ. ജയതിലക് കുപ്രസിദ്ധനാണ്. വിവരാവകാശ പ്രകാരം 2024 അവസാനം അടിസ്ഥാനമാക്കിയുള്ള SPARK ഹാജര്‍ ഡാറ്റ പ്രകാരം, 23 മാസ കാലയളവിലെ മിക്ക മാസങ്ങളിലും അദ്ദേഹം ഓഫീസില്‍ ഹാജരായത് അഞ്ചില്‍ താഴെ ദിവസങ്ങളിലായിരുന്നു. പൂര്‍ണ്ണ ശമ്പളം, വാഹനം, സ്റ്റാഫ്, പൊതുഖജനാവിന് ഉണ്ടാക്കിയ അവസര നഷ്ടം എല്ലാം പൊതുജനം വഹിച്ചു. ഒരു ആര്‍.ടി.ഐ. പ്രവര്‍ത്തകന്‍ ഹാജര്‍ രേഖകളും വാഹനത്തിന്റെ ലോഗ് ബുക്കുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളോടെ സമര്‍പ്പിച്ച രേഖാമൂലമുള്ള പരാതിയില്‍ സ്വകാര്യ ബിസിനസ് താല്‍പ്പര്യങ്ങളും ഓഫീസിലെ പൂര്‍ണ്ണമായ അഭാവവും വ്യക്തമായി ആരോപിച്ചിരുന്നു. മാധ്യമങ്ങളില്‍ ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചു.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി.

* ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

2. മുട്ടില്‍ മരംമുറി: കോടികളുടെ നഷ്ടം

അടുത്തത് മുട്ടില്‍ മരംമുറിയുടെ കഥയാണ്. 2020 ഒക്ടോബര്‍ 24-ന് ഡോ. ജയതിലക് നേരിട്ട് ഇറക്കിയ ഒരു റവന്യൂ ജി.ഒ. (സര്‍ക്കാര്‍ ഉത്തരവ്) ശ്രദ്ധേയമാണ്. വകുപ്പില്‍ നിന്ന് സമര്‍പ്പിച്ച കരടില്‍ മാറ്റം വരുത്തി, ഫീല്‍ഡ് വെരിഫിക്കേഷന്‍ സുരക്ഷാ സംവിധാനങ്ങള്‍ നിബന്ധനകള്‍ നീക്കം ചെയ്യപ്പെട്ടു; പട്ടയ ഭൂമിയിലോ പതിച്ച ഭൂമിയിലോ മരംമുറിക്കാനും കൊണ്ടുപോകാനും അനുമതി നല്‍കുന്നതിനുമുമ്പ് പരിശോധന നിര്‍ബന്ധമാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് വരെ മുന്നറിയിപ്പ് നല്‍കുന്ന ഒരു പുതിയ ഭാഗം കൂട്ടിച്ചേര്‍ത്തു! വിലയേറിയ ഈട്ടിയും തേക്ക് മരങ്ങളും മുറിച്ചുമാറ്റിയ ശേഷം ജി.ഒ. പിന്‍വലിച്ചു. ഒന്നും അറിയാത്ത പോലെ! കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മുട്ടില്‍/വയനാട് മരംമുറിയിലെ നഷ്ടം (തടിയുടെ മൂല്യം മാത്രം) 12 കോടിക്കും 14.4 കോടിക്കും ഇടയിലാണ്. നടപടികളില്‍ ഉദ്ധരിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് 1-ന് ശേഷം ഏകദേശം 1,612.121 ക്യുബിക് മീറ്റര്‍ തേക്കും 327.584 ക്യുബിക് മീറ്റര്‍ ഈട്ടിയും മുറിച്ചുമാറ്റി; ഏകദേശം 14.4175 കോടി മൂല്യം കണക്കാക്കുന്നു. 2021 ജൂണ്‍ 25 വരെ 8.44889 കോടി വീണ്ടെടുത്തെന്ന് റിപ്പോര്‍ട്ടുണ്ട്. ഉന്നതതല ഇടപെടല്‍ കാരണം കുറ്റപത്രങ്ങള്‍ ദുര്‍ബലമാവുകയും സിബിഐ അന്വേഷണം തേടുകയും ചെയ്തതായി മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പരസ്യമായി പ്രസ്താവിച്ചു. ഡോ. ജയതിലക് പുറപ്പെടുവിച്ച അസ്വാഭാവികമായ ഒരു ജി.ഒ. ആണ് കോടിക്കണക്കിന് നഷ്ടത്തിന് വഴിവെച്ചത്; ഒപ്പിട്ട ആള്‍ക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി.

* ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

3. പിഎം-അജയ് അഴിമതി: പിന്നാക്ക വിദ്യാര്‍ത്ഥികളെ വഞ്ചിക്കല്‍

അദ്ദേഹത്തിന്റെ അടുത്ത 'പ്രശസ്തി': പിഎം-അജയ് (പ്രധാന്‍ മന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന) പദ്ധതിയിലെ അഴിമതി ആരോപണങ്ങളാണ്. സ്‌കോളര്‍ഷിപ്പുകള്‍, കോച്ചിംഗ്, നൈപുണ്യ പരിശീലനം/സംരംഭകത്വം, ഹോസ്റ്റലുകള്‍, ഗ്രാമ ആസ്തികള്‍ എന്നിവ ഉള്‍പ്പെടുന്ന പട്ടികജാതിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. ഡോ. ജയതിലക്, ഗോപാലകൃഷ്ണന്‍, പുനീത് കുമാര്‍ എന്നീ 3 ഐഎഎസ് ഉദ്യോഗസ്ഥരെ വ്യക്തമായി പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടുള്ള പരാതി കേന്ദ്രം കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിനായി അയച്ചു. പിഎം-അജയ് പദ്ധതിക്കായി കേരളത്തിന് വര്‍ഷംതോറും കോടിക്കണക്കിന് രൂപ ലഭിക്കുന്നു; രേഖയിലുള്ളത് മാത്രം ഉദ്ധരിച്ചാല്‍, 2024 ജനുവരിയില്‍ 2.81 കോടിയുടെ ആദ്യ ഗഡു അനുവദിച്ചു, 2025-26 വര്‍ഷത്തേക്ക് ഏകദേശം 11-12 കോടി ഘടക വിഹിതമായി കാണിച്ചിരിക്കുന്നു.

പരാതി ലളിതമാണ്: കള്ള പരിശീലന പദ്ധതികളും ടെന്‍ഡറില്ലാതെ വെണ്ടര്‍മാരെ തിരഞ്ഞെടുത്തതും പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ കാരണമായി. ഉദാഹരണത്തിന്: IATA സര്‍ട്ടിഫിക്കേഷനില്ലാത്ത ഏവിയേഷന്‍ പരിശീലനം. പാവം കുട്ടികളെ പറ്റിക്കുന്ന ഏര്‍പ്പാട്. കേന്ദ്രം കൈമാറിയ പരാതിയിന്മേല്‍ ശ്രീമതി ശാരദ മുരളീധരന്‍ ഒരു നടപടിയും എടുത്തില്ല. ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം, 'അഴിമതിയില്ല' എന്ന് കേരളം ഡല്‍ഹിക്ക് എഴുതി. പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ സ്വന്തം കേസ് അവസാനിപ്പിക്കുന്നത് അടിസ്ഥാനപരമായ സ്വാഭാവിക നീതിയുടെ ലംഘനമാണ്, എന്നാല്‍ ഈ വിചിത്രമായ കേരള മോഡല്‍ പ്രതിഭാസമാണ് രേഖകളില്‍ കാണുന്നത്.

4. സ്‌പൈസസ് ബോര്‍ഡ് അഴിമതിയും സിബിഐയുടെ എഫ്‌ഐആര്‍ ശുപാര്‍ശയും

സ്‌പൈസസ് ബോര്‍ഡ് അഴിമതിയുടെ പേരിലാണ് ഡോ. ജയതിലക് ഏറ്റവും പ്രശസ്തന്‍, കൂടാതെ കൊച്ചിയിലെ സിബിഐ യൂണിറ്റിന്റെ എഫ്‌ഐആര്‍ ശുപാര്‍ശയും. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്ത്, ഏകദേശം 4.5-5 കോടി രൂപയുടെ ടിക്കറ്റിംഗ്/യാത്രകള്‍ അനധികൃതമായി 'പെര്‍ഫെക്ട് ഹോളിഡേയ്സ്' എന്ന സ്വകാര്യ ഏജന്‍സിക്ക് നല്‍കി. റദ്ദാക്കലുകളിലും അധിക നിരക്ക് ഈടാക്കിയതിലും ബോര്‍ഡിന്റെ ഓഡിറ്റില്‍ നഷ്ടം കണ്ടെത്തി; 12 എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ പരിശോധിച്ചതില്‍, അടിസ്ഥാന നിരക്കിന് പുറമെ (സര്‍വീസ് ചാര്‍ജ് കൂടാതെ) 22,140 അധികമായി ഈടാക്കി. ബോര്‍ഡിന്റെ ഫിനാന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഏജന്‍സിയുടെ സേവനങ്ങള്‍ തുടര്‍ന്നു എന്നും ഓഡിറ്റ് രേഖപ്പെടുത്തി. ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി കുത്തനെ മോശമായി: ചെലവും വരുമാനവും തമ്മിലുള്ള അന്തരം 3.99 കോടിയില്‍ (2012-13) നിന്ന് 44.89 കോടിയിലേക്ക് (2015-16) ഉയര്‍ന്നു.

ഏകദേശം 20 ക്രമരഹിതമായ നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഓഡിറ്റിന് ഹാജരാക്കിയില്ലെന്നും, റോസ്റ്റര്‍/നടപടിക്രമ ലംഘനങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ നിയമനങ്ങളില്‍ ഒന്നില്‍, അദ്ദേഹം അനധികൃതമായി ഇടപാടുകള്‍ നടത്തിയ 'പെര്‍ഫെക്ട് ഹോളിഡേയ്സ്' പങ്കാളിയുടെ മകളും ഉള്‍പ്പെടുന്നു. സ്വകാര്യ കമ്പനി പങ്കാളിയോടൊപ്പം അനാവശ്യവും ധൂര്‍ത്തടിയുമായ വിദേശ യാത്രകള്‍ നടത്തിയതായും രേഖകള്‍ ഉണ്ട്.

ഒരു രസകരമായ കാര്യം: ഡോ. ജയതിലക് പിന്നീട് വിവാഹം കഴിച്ചത് സിബിഐ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ സഹപ്രതിയായ 'പെര്‍ഫെക്ട് ഹോളിഡേയ്സിന്റെ' പങ്കാളിയെയാണ്. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഡോ. ജയതിലക് എഴുതി സമര്‍പ്പിച്ചത് ഇവരുമായി ഒരു പരിചയവുമില്ല എന്നാണ്! വകുപ്പുതലത്തില്‍, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വിജിലന്‍സ് വിഭാഗം (2025 സെപ്റ്റംബര്‍ 24) 'തക്കീത്' നല്‍കുകയും മറ്റ് ആരോപണങ്ങളില്‍ തുടര്‍ നടപടിയെടുക്കാന്‍ കേരള സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

സിബിഐ അഴിമതി വിരുദ്ധ യൂണിറ്റ് കൊച്ചി ഡോ. ജയതിലകിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു, എന്നാല്‍ സംസ്ഥാനം വിജ്ഞാപനം പിന്‍വലിച്ചതിനാല്‍ സിബിഐക്ക് ഇപ്പോള്‍ കേരളത്തില്‍ അധികാരപരിധിയില്ല. സംസ്ഥാന വിജിലന്‍സിന് മാത്രമേ നേരിട്ട് നടപടിയെടുക്കാന്‍ കഴിയൂ.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി.

* ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

5. വിഴിഞ്ഞം കപ്പല്‍ ദുരന്തം: എഫ്‌ഐആര്‍ വൈകിക്കല്‍

വിഴിഞ്ഞം/എം.എസ്.സി. എല്‍സ-3 കപ്പല്‍ ദുരന്തത്തില്‍ മറ്റൊരു രേഖാമൂലമുള്ള പരാതി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ (വി.എ.സി.ബി.) പരിഗണനയിലാണ്. 2025 മെയ് 25-നാണ് കപ്പല്‍ മണ്ണിലുറച്ച് മുങ്ങിയത്. ഡോ. ജയതിലക് രേഖപ്പെടുത്തിയ ഉന്നതതല മിനിറ്റ്‌സില്‍ 'ഇപ്പോള്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല' എന്ന് രേഖപ്പെടുത്തി; ജൂണ്‍ 11-12 തീയതികളില്‍ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനം പിന്നീട് ഏകദേശം 9,531 കോടിയുടെ അഡ്മിറല്‍റ്റി നഷ്ടപരിഹാരം ആവശ്യപ്പെട്ടു; കുറച്ച സെക്യൂരിറ്റിയായ ഏകദേശം 1,227.62 കോടിയില്‍ കപ്പല്‍ പോകാന്‍ അനുവദിച്ചു. സംസ്ഥാനം തന്നെ ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടം അവകാശപ്പെടുമ്പോള്‍, എഫ്‌ഐആര്‍ വൈകിപ്പിച്ചത് ന്യായീകരിക്കാനാവില്ല; തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം വഴിയാധാരമാക്കുന്ന പരിപാടി. ആ കാലതാമസത്തിന്റെ ഉത്തരവാദിത്തം ഡോ. ജയതിലകിന് മാത്രമാണ്, പണപരമായ ആരോപണങ്ങള്‍ രേഖയിലുണ്ട്.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി.

* ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

6. ഇ-ഓഫീസ് തിരിമറി: ഇലക്ട്രോണിക് റെക്കോര്‍ഡ് തിരിമറി

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സിസ്റ്റത്തില്‍ തിരിമറി നടത്തിയതിനാണ് ഡോ. ജയതിലക് ഏറെ പ്രശസ്തന്‍. 2024 മാര്‍ച്ച് 12 മുതല്‍, ഉദ്യോഗസ്ഥര്‍ ബാക്ക്-എന്‍ഡ് ആക്‌സസ്, ഫയലുകള്‍ മന്ത്രിമാരുടെ അടുത്തെത്തും മുമ്പ് വിയോജിപ്പുള്ള നോട്ടുകള്‍ നീക്കം ചെയ്യല്‍, മറ്റ് ഉദ്യോഗസ്ഥരുടെ പേരില്‍ 'കണ്ടു/അംഗീകരിച്ചു' എന്ന് കള്ള രേഖകള്‍ ഉണ്ടാക്കല്‍ തുടങ്ങിയ രീതികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ പരിശോധനയില്ലാതെ കോടികളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചത്. 2025-ല്‍ അയച്ച വിശദമായ നിയമപരമായ നോട്ടീസുകളില്‍ അദ്ദേഹത്തെയും ഒരു സഹപ്രവര്‍ത്തകനെയും പേരെടുത്ത് പരാമര്‍ശിച്ചു. ഇത് ഇലക്ട്രോണിക് രേഖാ കുറ്റകൃത്യങ്ങളാണ്. സെര്‍വറുകളുടെ സ്വതന്ത്രമായ ഫോറന്‍സിക് ഇമേജിംഗ്, ക്രെഡന്‍ഷ്യല്‍ ചരിത്രങ്ങള്‍, ഐ.പി. ലോഗുകള്‍ എന്നിവ ആവശ്യമാണ്. ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥനെ സിസ്റ്റത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഈ രേഖാമൂലമുള്ള പരാതികളില്‍ നടപടിയെടുക്കാന്‍ വേണ്ടത്ര സമയവും ഉത്തരവാദിത്തവും ഉണ്ടായിരുന്ന ശാരദ മുരളീധരന്‍ ഒന്നും ചെയ്തില്ല.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി.

* ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

7. ഭീഷണിയും പീഡനവും: ചട്ടങ്ങളുടെ ലംഘനം

കോട്ടയത്ത് (Letter No. REV-B2/392/2019-REV, 19-07-2022), നിയമപരമായ ഭൂമി ഏറ്റെടുക്കല്‍ സംശയങ്ങള്‍ ഡിസ്ട്രിക്ട് കളക്ടറുടെ എ.പി.എ.ആര്‍. (വാര്‍ഷിക പ്രകടന വിലയിരുത്തല്‍ റിപ്പോര്‍ട്ട്) നെ ബാധിക്കുമെന്ന് ഡോ. ജയതിലക് ഭീഷണിപ്പെടുത്തി. ഒരു നിയമപരമായ സംശയം അടച്ചുപൂട്ടാന്‍ ഒരു നിഘണ്ടു അര്‍ത്ഥം പോലും കൂട്ടിച്ചേര്‍ത്തു. ഇത് മേല്‍നോട്ടമല്ല; കോടിക്കണക്കിന് പൊതു ബാധ്യതയുള്ള ഫയലുകള്‍ വളച്ചൊടിക്കാന്‍ വേണ്ടിയുള്ള ഭീഷണിയാണ്. എന്റെ സ്വന്തം അനുഭവവും ഇതുപോലെയായിരുന്നു: താന്‍ പറയുന്നതുപോലെ എഴുതാന്‍ കീഴ്‌ദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു; സ്വതന്ത്രമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെ നോട്ടുകള്‍ 'തിരുത്തുന്നതുവരെ' ഉപദ്രവിച്ചു. ഇത് ബിസിനസ്സ് റൂള്‍സ്, സെക്രട്ടേറിയറ്റ് മാനുവല്‍ എന്നിവയുടെ ലംഘനമാണ്. ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി സ്വാധീനിക്കുന്നത് അഴിമതിയുമാണ്.

POSH നിയമപ്രകാരം വരുന്ന തൊഴിലിടത്തെ പീഡനത്തെക്കുറിച്ച് നിരവധി വനിതാ ഉദ്യോഗസ്ഥര്‍ ഡോ. ജയതിലകിനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഒരു സ്ത്രീയും സ്വയം പ്രഖ്യാപിത വനിതാവകാശ പ്രവര്‍ത്തകയുമായിരുന്നിട്ടും ശാരദ മുരളീധരന്‍ ഇതിലും ഒരു നടപടിയും എടുത്തില്ല.

* ഇനി ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി, ഡോ. ജയതിലക്!

8. ആര്‍.ടി.ഐ. നിഷേധവും കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളും

ഡോ. ജയതിലകിന്റെ വൈവാഹിക നില, വിദേശ യാത്രകള്‍ക്കുള്ള അനുമതി, ഹോസ്പിറ്റാലിറ്റി പ്രഖ്യാപനങ്ങള്‍, ട്രഷറി ക്ലെയിമുകള്‍, യാത്ര രജിസ്റ്ററുകള്‍, ചെലവ് വിവരങ്ങള്‍ എന്നിവ തേടിയുള്ള ആര്‍.ടി.ഐ. അപേക്ഷകള്‍ കാരണങ്ങള്‍ പറയാതെയുള്ള നിഷേധങ്ങള്‍ വഴി തടസ്സപ്പെടുത്തിയതായി അനവധി വിവരാവകാശ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. വര്‍ഷം തോറും കോടിക്കണക്കിന് രൂപ യാത്രക്കും പ്രോട്ടോകോളിനുമായി ചെലവഴിക്കുമ്പോഴാണ് ഇത്. എഫ്.സി.ആര്‍.എ., ഫെമ നിയമ ലംഘനങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നു. ലോകബാങ്കുമായി ബന്ധമുള്ള ഒരു പദ്ധതിയിലെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ അനധികൃതമായി ഇടപെടുകയും കെ.ഇ.ആര്‍.എ. ഇ-മെയില്‍ ഹാക്കിംഗ് നടത്തുകയും ചെയ്തതിന്റെ പേരില്‍ ഡോ. ജയതിലക് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു. ഇത് അന്വേഷിക്കാനും ഒരു സ്വതന്ത്ര സൈബര്‍ ക്രൈം കേസും സെര്‍വര്‍ ഇമേജിംഗും ആവശ്യമാണ്.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി, ഡോ. ജയതിലക്!

9. സ്വത്ത് വിവരം മറച്ചുവെക്കല്‍: സര്‍ക്കാറിന് വ്യാജരേഖ സമര്‍പ്പിക്കല്‍

ഏറ്റവും ഒടുവില്‍, ഡോ. ജയതിലക് വാര്‍ത്തകളില്‍ നിറയുന്നത് തെറ്റായതും മറച്ചുവെച്ചതുമായ സ്ഥാവര സ്വത്ത് വിവരങ്ങള്‍ (ഐ.പി.ആര്‍.) നല്‍കിയതിനാണ്. വിജിലന്‍സിന്റെ പരിഗണനയിലുള്ള പൊതുപരാതികളില്‍, അദ്ദേഹത്തിന്റെ ഐ.പി.ആര്‍. നെതിരായ ആധാരങ്ങള്‍, സര്‍വ്വേ/രജിസ്‌ട്രേഷന്‍ രേഖകള്‍, വാടക രേഖകള്‍ എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു - വെളിപ്പെടുത്താത്ത ആസ്തികള്‍, ബനാമി രീതിയിലുള്ള കൈവശപ്പെടുത്തലുകള്‍, മറച്ചുവെച്ച വാടക വരുമാനം, സര്‍ക്കിള്‍ നിരക്കിനേക്കാള്‍ കുറഞ്ഞ മൂല്യനിര്‍ണ്ണയം എന്നിവ ഇതില്‍ പെടും. അദ്ദേഹം സര്‍ക്കാരിന് സത്യപ്രസ്താവനയായി നല്‍കിയ വിവരങ്ങളും യഥാര്‍ത്ഥ റെവന്യൂ, സര്‍വ്വേ, രജിസ്‌ട്രേഷന്‍ വകുപ്പ് രേഖകളും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യജ സത്യ പ്രസ്താവനയാണ് അദ്ദേഹം സമര്‍പ്പിച്ചത് എന്ന് ഇത് വ്യക്തമാക്കുന്നു. ഇതിലെ തട്ടിപ്പ് വ്യക്തമായും കോടിക്കണക്കിന് രൂപയുടേതാണ്. എ.ഐ.എസ്. (എ.ഐ.എസ്. പെരുമാറ്റച്ചട്ടം 16, അതിലെ Rule 3 - സമ്പൂര്‍ണ്ണ സത്യസന്ധത) ചട്ടങ്ങള്‍ പ്രകാരം, ഇത് സസ്പെന്‍ഷനും വലിയ ശിക്ഷാ നടപടികള്‍ക്കുമുള്ള വ്യക്തമായ കാരണമാണ്. അനധികൃത സ്വത്ത് വെളിപ്പെട്ടതിനാല്‍ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകും.

* ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി.

* ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

സിസ്റ്റത്തിന്റെ തകര്‍ച്ച

മുകളില്‍ നല്‍കിയിരിക്കുന്നത് 100% തെളിവുകളുള്ള ആരോപണങ്ങളുടെ ഒരു ചെറിയ ശേഖരം മാത്രമാണ്, എല്ലാം രേഖാമൂലമുള്ള പ്രത്യേക പരാതികളാണ്. പല കാലഘട്ടത്തില്‍ പലരും നല്‍കിയ വ്യക്തമായ രേഖകള്‍. മുകളില്‍ പറഞ്ഞതെല്ലാം ഉത്തരവുകള്‍, മിനിറ്റ്‌സുകള്‍, ഓഡിറ്റ് നോട്ടുകള്‍, ആര്‍.ടി.ഐ. രേഖകള്‍, കോടതി ഫയലിംഗുകള്‍ അല്ലെങ്കില്‍ പൊതുരംഗത്തുള്ള പ്രധാന റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്ന് കണ്ടെത്താനാകുന്നതാണ്. ഈ പട്ടിക പൂര്‍ണ്ണമല്ല, കാരണം അദ്ദേഹത്തിന്റെ മറ്റ് തസ്തിളില്‍ നിന്നും ഇനിയും ഒരുപാട് കഥകള്‍ ഉണ്ട്.

ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി ആരംഭിക്കാനും ഏതൊരു ചീഫ് സെക്രട്ടറിക്കും മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ധാരാളമാണ്. എന്നല്ല, ചെയ്‌തേ പറ്റൂ. പ്രത്യേകിച്ചും അനധികൃത സ്വത്ത് സമ്പാദനം തെളിവ് സഹിതം വെളിയിലായ സ്ഥിതിക്ക്. പക്ഷേ ഒരാണ് നടപടിയെടുക്കേണ്ടത് ചീഫ് സെക്രട്ടറി. ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്.

ഇരട്ടത്താപ്പിന്റെ പൂരം

ഒരു പ്രശസ്ത സിനിമാ ഡയലോഗിന്റെ പേരില്‍, അഴിമതിയെക്കുറിച്ച് പറഞ്ഞതിന് ഞാന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. മറുവശത്ത്, നഗ്‌നമായ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ പൊതുജനത്തിന്റെ ചെലവില്‍ ജീവിതം ആസ്വദിക്കുന്നു - സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താഴെത്തട്ടിലുള്ള ദുര്‍ബലരായ ജീവനക്കാര്‍ എന്തുകൊണ്ട് നരകിക്കുന്നു എന്നും എന്തുകൊണ്ടാണ് ഈ സിസ്റ്റം പൂര്‍ണ്ണമായും താളം തെറ്റുന്നു എന്നും ഇത് വ്യക്തമാക്കുന്നു. ആത്യന്തികമായി പൊതുജനം തന്നെയാണ് അനുഭവിക്കേണ്ടി വരുന്നത്.

ബ്യൂറോക്രസിയിലെ അധികാര ലോബി, രാഷ്ട്രീയ അഴിമതിയുടെ പിന്തുണയോടെ, എന്നെ കീഴ്‌പ്പെടുത്താനും നിശ്ശബ്ദനാക്കാനും ശ്രമിക്കുന്നത് തികച്ചും അതിമോഹമാണ്. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെയുള്ള എന്റെ ആരോപണങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു, കൂടാതെ അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ശ്രീമതി ശാരദ മുരളീധരന്‍ അവരുടെ മിനുസമുള്ള വാക്കുകളിലൂടെയും നിഷ്‌ക്രിയത്തത്തിലൂടെയും വഹിച്ച പങ്ക് ഞാന്‍ വ്യക്തമായി രേഖപ്പെടുത്തുന്നു. ഞാന്‍ വളരെയധികം ക്ഷമാശീലമുള്ള വ്യക്തിയാണ്, വക്കീല്‍ പണിയാണ് പഠിച്ചതെങ്കിലും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. ഏതായാലും ആ ക്ഷമ അതിന്റെ ഫലം കണ്ടു: മുന്‍പിലുള്ള മുഖംമൂടികള്‍ കുറേ അഴിഞ്ഞു വീണു, എല്ലാവരുടെയും നിലപാടും തനിനിറവും ഇപ്പോള്‍ വ്യക്തമാണ്.

ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്യാമറയ്ക്ക് മുന്നില്‍ പുരോഗമനവാദികളായി നടിക്കുന്നു, എന്നാല്‍ തെറ്റുകാര്‍ അവരെക്കാള്‍ ശക്തരാണെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലര്‍ സമത്വത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ സന്തോഷത്തോടെ കൈക്കൂലി വാങ്ങുന്നു. ചിലര്‍ വിവേചനം ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യമിടുന്നത്. 'ഒത്തുതീര്‍പ്പാക്കാന്‍' ഓടി നടന്ന് അഴിമതി നിറഞ്ഞ പണത്തിന്റെ ചെറിയ അപ്പക്കഷ്ണങ്ങളും, പോസ്റ്റിംഗുകളും ഇരന്ന് നേടുന്ന ഈ സര്‍വീസിലെ മറ്റ് പലരെയും പോലെയാണ് ഞാനും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. ആത്മാഭിമാനവും ബൗദ്ധിക സത്യസന്ധതയും നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തുനിന്നല്ല, വളര്‍ന്ന് വന്ന സാഹചര്യത്തില്‍ നിന്നും സത്വത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്.

'ധര്‍മ്മോ രക്ഷതി രക്ഷിതഃ'

പിക്ചര്‍ അഭി ബാക്കി ഹൈ

എനിക്ക് സന്തോഷകരവും അഭിമാനകരവുമായ സസ്പെന്‍ഷന്‍ വാര്‍ഷികാശംസകള്‍!i