ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു മുന്നിലെ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. സംഭവത്തെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണിതെന്ന് യോഗം വിലയിരുത്തി. ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി. ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ച ഐക്യദാര്‍ഢ്യത്തെയും പിന്തുണയെയും മന്ത്രിസഭ അഭിനന്ദിച്ചു.

ഡല്‍ഹിയിലേത് നീചമായ ഭീകരാക്രമണമാണെന്ന് കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദേശവിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. അവരെ സഹായിച്ചവരെയും സ്പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അന്വേഷണസംഘത്തോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഭീകരതയ്ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം.

പഹല്‍ഗാം സംഭവത്തില്‍നിന്ന് വിഭിന്നമായി, ഏതെങ്കിലും ഭീകര സംഘടയുടേയോ രാജ്യതിന്റെയോ പേര് പ്രമേയത്തില്‍ പറയുന്നില്ല. മറിച്ച് ദേശവിരുദ്ധ ശക്തികള്‍ എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രമേയം പാസാക്കുകയും ഇരകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്തു. ഇരകള്‍ക്ക് ഉടനടി സഹായമെത്തിച്ച മെഡിക്കല്‍ ജീവനക്കാരെയും മറ്റു രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്‌ഫോടനം. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനമെന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്‌ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസം ഫരീദാബാദില്‍നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഡോ.ഉമറിന്റെ പേരിലാണ് കാര്‍. സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചത് ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇതു പരിശോധിക്കാന്‍ ഉമറിന്റെ അമ്മയുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. രക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗവും ഇന്നു ചേര്‍ന്നു. സ്‌ഫോടനത്തില്‍ 12 മരണമാണ് സ്ഥിരീകരിച്ചത്.

രാജ്യസുരക്ഷയെ വെല്ലുവിളിച്ച ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമര്‍ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്മില്‍ ഷക്കീലും കഴിഞ്ഞ ജനുവരിയില്‍ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്മിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചാന്ദ്‌നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരര്‍ വാങ്ങിയ മറ്റ് വാഹനങ്ങള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ കൂടാതെ മറ്റു രണ്ട് വാഹനങ്ങള്‍ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.