- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴേക്ക് പതിച്ചത് 8,000 കിലോ ഭാരമുള്ള ഗര്‍ഡര്‍; മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന് നാട്ടുകാര്‍; യാദൃശ്ചികമായി പതിച്ചതെന്ന് എംഎല്‍എയും; ജാക്കി തെന്നി രണ്ടു ഗര്‍ഡര്‍ വീണെന്ന് തൊഴിലാളികള്‍; പിക്ക് വാനില്‍ പൊലിഞ്ഞത് പാവം രാജേഷും; അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം കൊലക്കെണിയായപ്പോള്
അരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഡ്രൈവര്‍ മരിച്ച ദുരന്തത്തിന് കാരണം അനാസ്ഥ. ഒരു സുരക്ഷാ ക്രമീകരണവും അവിടെ ഉണ്ടായിരുന്നില്ല. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2:30 ഓടെയാണ് അപകടം നടക്കുന്നത്.
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെയാണ് അപകടം. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജാക്കി തെന്നി രണ്ട് ഗര്‍ഡറുകള്‍ നിലംപതിക്കുകയായിരുന്നു. അതില്‍ ഒരു ഗര്‍ഡര്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലാണ് പതിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഇതിനടിയില്‍പ്പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിന് പിന്നാലെ ഗര്‍ഡര്‍ മാറ്റി മൃതദേഹം പുറത്തെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമുണ്ട്. എറണാകുളത്തുപോകുന്ന വാഹനങ്ങള്‍ ചേര്‍ത്തല എക്‌സറെ ജങ്ഷനില്‍ നിന്ന് തിരിഞ്ഞുപോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.
അപടകത്തില്‍ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട് പൊതുമരാമത്ത് വകുപ്പ്. 8,000 കിലോ ഭാരമുള്ള ഗര്‍ഡര്‍ ആണ് പതിച്ചത്. സ്ഥിരം ഡ്രൈവര്‍ വരാത്തതിനാല്‍ രാജേഷ് വാഹനം ഓടിക്കാന്‍ എത്തിയതെന്ന് ഉടമ പറഞ്ഞു. അത്യവാശ്യത്തിന് വിളിച്ചതു കൊണ്ടാണ് വണ്ടി ഓടിക്കാന്‍ വന്നത്. അത് ദുരന്തമായി മാറി. സാധാരണ രണ്ടു പേര്‍ ഉണ്ടാകും. എന്നാല്‍ ഇന്ന് രാജേഷ് മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. മുന്‍പും സമാന രീതിയില്‍ ഗര്‍ഡര്‍ തകര്‍ന്നിരുന്നു.
അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പ്രതികരണവുമായി അരൂര്‍ എംഎല്‍എ ദലീമയുടെ പ്രതികരണം വിവാദത്തിലായിട്ടുണ്ട്. അപകടം യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇത്രയും പണികള്‍ പൂര്‍ത്തിയാക്കിയത് നിയന്ത്രണങ്ങളോടെയാണെന്നും വാഹനങ്ങള്‍ പോകുന്ന സ്ഥലമായതിനാല്‍ പൊലീസ് അടക്കം ശ്രദ്ധിച്ചിരുന്നുവെന്നും ദലീമ പറഞ്ഞു. നിരന്തരം വാഹനങ്ങള്‍ പോകുന്നിടത്താണ് അപകടങ്ങള്‍ നടന്നത്. അതിനാല്‍ അതിന്റേതായ ശ്രദ്ധയുമുണ്ടായിരുന്നു. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നത് ശ്രമകരമായ ജോലിയാണ്. അതിനാല്‍ സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യമടക്കം ഉണ്ടായിരുന്നുവെന്ന് ദലീമ എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ യാദൃശ്ചികമായി പോലും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാമോ എന്നതാണ് ഉയരുന്ന ചോദ്യം.
'വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പണി നടക്കുന്നത്. സുരക്ഷ പാലിക്കണം എന്ന് പറഞ്ഞിരുന്നു. കളക്ടറെയടക്കം വിവരമറിയിച്ചിരുന്നു. വാഹനം കടത്തിവിടാതിരിക്കാനോ പണി നിര്‍ത്താനോ സാധിക്കില്ല. ഗര്‍ഡര്‍ കയറ്റുന്ന സമയത്ത് വാഹനം കടത്തി വിടാറില്ല. രാത്രി പൊലീസ് ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അപകട വിവരം അറിഞ്ഞ ഉടന്‍ വിളിച്ചപ്പോള്‍ പൊലീസ് സ്ഥാലത്ത് ഉണ്ടായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിവരമറിയിച്ചിട്ടുണ്ട്. ജാക്കി ഒടിഞ്ഞ് പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. വാഹനം കടത്തിവിട്ടില്ല എന്നും തൊഴിലാളികള്‍ പറഞ്ഞിരുന്നു.' ദലീമ കൂട്ടിച്ചേര്‍ത്തു.
മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന സംശയമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ഗര്‍ഡര്‍ വീണത് കാണുമ്പോള്‍ തെന്നി വീണത് പോലെയാണ് തോന്നുന്നത് എന്നും സംഭവിച്ചത് വലിയ വീഴ്ച്ചയെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം. വാഹനത്തിന്റെ ഡ്രൈവര്‍ രക്ഷപ്പെടുന്നതിനായി കൈകള്‍ ഉയര്‍ത്തി കാണിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ മനുഷ്യസഹജമായി ഒന്നും ചെയ്യാനാവുമായിരുന്നില്ല. മൂന്ന് മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്നത് മരണത്തിലേക്ക് നയിച്ചെന്നും നാട്ടുകാര്‍ പറയുന്നു.




