ന്യൂയോര്‍ക്ക്; ലോകപ്രശസ്ത വാഹന നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡില്‍ അയ്യായിരത്തോളം മെക്കാനിക്കുകളെ ആവശ്യമുണ്ട്. എന്നാല്‍ ഇതിനായി വിദഗ്ധരായ തൊഴിലാളികളെ ലഭിക്കുന്നില്ല എന്നാണ് കമ്പനി സി.ഇ.ഒ തന്നെ പറയുന്നത്. പ്രതിമാസം ആറക്ക ശമ്പളം ലഭിക്കുന്ന ജോലിക്കാണ് ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ കമ്പനി നട്ടംതിരിയുന്നത്. ലോകരാജ്യങ്ങളോട് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിക്കുമ്പോഴാണ് യു എസിലെ തൊഴില്‍ മേഖലയുടെ യഥാര്‍ത്ഥവശം ഫോര്‍ഡിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ജിം ഫാര്‍ലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

120,000 ഡോളറാണ് കമ്പനി മെക്കാനിക്കുകള്‍ക്കായി ശമ്പള വാഗ്ദാനം നല്‍കിയത്. അമേരിക്കന്‍ തൊഴിലാളിയുടെ ശരാശരി ശമ്പളത്തിന്റെ ഇരട്ടിയാണ് ഈ ശമ്പളം എന്നിട്ടും ജോലിക്കാരെ കിട്ടാനില്ല എന്നാണ് ഫാര്‍ലി പറയുന്നത്. ഫോര്‍ഡ് മാത്രമല്ല ഈ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ ഈ പ്രതിസന്ധി നേരിടുകയാണ്. ഇത്, അമേരിക്കയില്‍ കൈകൊണ്ട് പണിയെടുക്കുന്ന ജോലികള്‍ക്കുള്ള

ജീവനക്കാരുടെ ക്ഷാമത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല സ്ഥാപനങ്ങളിലും മനുഷ്യര്‍ കൈ കൊണ്ട് ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നത് യന്ത്രങ്ങളാണ്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അമേരിക്കയില്‍ ആരും തന്നെ ചര്‍ച്ച ചെയ്യുന്നില്ല എന്നാണ് ഫാര്‍ലി പറയുന്നത്. ഫാക്ടറി തൊഴിലാളികള്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, ട്രേഡ്‌സ്മാന്‍മാര്‍ എന്നീ മേഖലകളിലായി ഒരു ദശലക്ഷത്തിലധികം ഒഴിവുകള്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്.

ഇത് വളരെ ഗുരുതരമായ കാര്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രാഥമിക ഡാറ്റ പ്രകാരം, 4.3% തൊഴിലില്ലായ്മ നിരക്ക് ഉണ്ടായിരുന്നിട്ടും, ഓഗസ്റ്റ് വരെ 400,000-ത്തിലധികം ഉല്‍പ്പാദന ജോലികള്‍ തുറന്നിരുന്നു. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതേ സമയം നിലവിലെ പല തൊഴിലാളികള്‍ക്കും വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണെന്ന് ഫാര്‍ലി പറയുന്നു.

ഉദാഹരണമായി ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടി ട്രക്കില്‍ നിന്ന് ഡീസല്‍ എഞ്ചിന്‍ എങ്ങനെ പുറത്തെടുക്കാമെന്ന് പഠിക്കാന്‍ ഇവരില്‍ പലര്‍ക്കും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അമേരിക്കയില്‍ ആവശ്യത്തിന് ട്രേഡ് സ്‌ക്കൂളുകള്‍ ഇല്ല എന്ന കാര്യവും ഫാര്‍ലി പറയുന്നു. വൊക്കേഷണല്‍ സ്‌കൂളുകളിലെ പ്രവേശനം കഴിഞ്ഞ വര്‍ഷം 16% വര്‍ദ്ധിച്ചിട്ടുണ്ട്.