സിംഗപ്പൂര്‍: ഹോളിവുഡ് നടി അരിയാന ഗ്രാന്റെയെ സിനിമാ പ്രീമിയറിനിടെ കടന്നുപിടിക്കാന്‍ ശ്രമം. അരിയാനയും സിന്തിയ എറിവോയും പ്രധാന വേഷത്തിലെത്തുന്ന 'വിക്കഡ്: ഫോര്‍ ഗുഡ്' എന്ന ചിത്രത്തിന്റെ സിംഗപ്പൂരിലെ റെഡ് കാര്‍പ്പറ്റ് പ്രീമിയറിനിടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

ഉദ്ഘാടന ചടങ്ങില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് നടന്നുനീങ്ങുന്നതിനിടെ, അതിരുവിട്ട ഒരു ആരാധകന്‍ അരിയാന ഗ്രാന്റേയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, തൊട്ടടുത്തുണ്ടായിരുന്ന സഹനടി സിന്തിയ എറിവോ അസാധാരണ ധീരതയോടെ മുന്നോട്ടുവന്ന് ഏരിയാനയെ സംരക്ഷിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്റ്റേജിലൂടെ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു പുരുഷന്‍ ബാരിക്കേഡ് ചാടിക്കടന്ന് ഏരിയാനയെ ലക്ഷ്യമാക്കി ഓടിയെത്തിയത്.ആരാധകന്‍ അരിയാനയുടെ നേര്‍ക്ക് ചാടി വീഴുകയും കൈകള്‍ കൊണ്ട് അവരെ ചുറ്റിപ്പിടിക്കുകയും ചെയ്യുന്നത് കാണാം. പിടിവിടുവിക്കാന്‍ അരിയാന പാടുപെടുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം, സിന്തിയ എറിവോ അരിയാനയുടെ മുന്നിലേക്ക് ചാടിച്ചെന്ന് ആ ആരാധകനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. ആരാധകന്‍ ഏരിയാനയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍, സിന്‍തിയ അയാളോട് എന്തോ ആക്രോശിക്കുന്നുമുണ്ടായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരെത്തുന്നതിന് മുന്‍പ്, സിന്തിയയ്ക്ക് തന്റെ സഹപ്രവര്‍ത്തകയെ രക്ഷിക്കാനായി. ആരാധകന്റെ അതിക്രമത്തില്‍ അരിയാന ഗ്രാന്റേ ഒരു നിമിഷം പരിഭ്രാന്തയായി കാണപ്പെട്ടു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആ വ്യക്തിയെ ബലമായി മാറ്റുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അരിയാനയെ സിന്തിയ ആശ്വസിപ്പിക്കുന്നതും കാണാം.

ഈ അതിക്രമം നടത്തിയ വ്യക്തി ജോണ്‍സണ്‍ വെന്‍ എന്നയാളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇയാള്‍ ഓണ്‍ലൈനില്‍ 'പൈജാമ മാന്‍' എന്നും അറിയപ്പെടുന്നു. മുന്‍പും മറ്റ് പ്രമുഖ താരങ്ങളായ കാറ്റി പെറി, ദ വീക്കെന്‍ഡ് തുടങ്ങിയവരെ ഇയാള്‍ സമാന രീതിയില്‍ സമീപിച്ചിട്ടുണ്ട്. താന്‍ അരിയാന ഗ്രാന്റേയെ കണ്ടതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോകളും ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. '