ആലപ്പുഴ: ഇതാണ് കേരളം. നോക്കു കൂലി നിറയും കേരളം. കര്‍ഷകന്‍ നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി. ഇതോടെ രണ്ട് ഏക്കര്‍ നിലത്തിലെ നെല്ല് സംഭരിക്കാതെ റോഡിലായി. കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ കഥയാണ് ഇത്. യൂബര്‍ പിടിച്ചാല്‍ യാത്രക്കാരെ തല്ലിഇറക്കുന്ന യൂണിയന്‍ നിറയുന്ന നാട്ടിലെ മറ്റൊരു ദുരന്തമുഖം.

സ്വന്തം യൂണിയനില്‍പ്പെട്ട തൊഴിലാളിയോട് നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു സിഐടിയു. നെടുമുടി മുട്ടനാവേലി പാടശേഖരത്തിലാണ് സിഐടിയുകാരായ ദമ്പതിമാരുടെ നെല്ല് നോക്കുകൂലി നല്‍കാത്തതിനാല്‍ ലോറിയില്‍ കയറ്റാന്‍ സിഐടിയുകാര്‍ സമ്മതിക്കാഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നെടുമുടി താളപ്പറമ്പില്‍ എ.എസ്. ഓമനക്കുട്ടന്‍-ദീപ ദമ്പതിമാര്‍ക്കാണ് ഈ ദുര്യോഗം. നെടുമുടി കൃഷിഭവനു കീഴിലെ മുട്ടനാവേലി പാടശേഖരത്തിലെ കര്‍ഷകനാണ് കാളപ്പറമ്പ് ഓമനക്കുട്ടന്‍. വാരുകൂലി തര്‍ക്കത്തിന്റെ ബലിയാടാണ് സിഐടിയു അംഗമായ മുന്‍ ചുമട്ടുതൊഴിലാളി. മുട്ടനാവേലി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒരു ഏക്കറും പാട്ടകൃഷി ചെയ്യുന്ന നാല് ഏക്കറും ഉള്‍പ്പെടെ അഞ്ച് ഏക്കറിലാണ് ഓമനക്കുട്ടന്‍ കൃഷി ചെയ്തത്. ഇതില്‍ മൂന്ന് ഏക്കറിലെ നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. അന്ന് നെല്ല് വാരി നിറയ്ക്കുന്നതിന് ക്വിന്റല്‍ ഒന്നിന് 45 രൂപ പ്രകാരം വാരുകൂലി, തൊഴിലാളികളായ സ്ത്രീകള്‍ക്ക് നല്കിയിരുന്നു.

സ്വന്തമായുള്ള ഒരേക്കറിലെ നെല്ല് ഓമനക്കുട്ടനും ഭാര്യ ദീപയും ചേര്‍ന്ന് വാരി ചാക്കില്‍ നിറച്ചതിനെത്തുടര്‍ന്നാണ് നെല്ല് ചാക്കില്‍ നിറയ്ക്കുന്നത് തങ്ങളുടെ അവകാശമാണെന്നും, തങ്ങള്‍ നിറയ്ക്കാത്ത നെല്ല് ചുമന്നുകയറ്റരുതെന്ന് യൂണിയന്‍കാര്‍ പറഞ്ഞിട്ടുണ്ടെന്നും സ്ത്രീ തൊഴിലാളികള്‍ അറിയിച്ചത്. പ്രശ്നം പരിഹരിക്കണമെന്ന് ചുമട്ടുതൊഴിലാളി കണ്‍വീനര്‍മാരോട് ആവശ്യപ്പെട്ടപ്പോള്‍ 45 രൂപ പ്രകാരം വാരുകൂലി നല്കിയാലേ നെല്ല് ചുമന്ന് വാഹനത്തില്‍ കയറ്റൂ എന്നായിരുന്നു മറുപടി. നെടുമുടി പോലീസും ലേബര്‍ ഓഫീസറും മറ്റ് കര്‍ഷക സംഘടനകളും പൊതുജനങ്ങളും സംഘടിച്ച് ആവശ്യപ്പെട്ടിട്ടും ചുമട്ടുതൊഴിലാളികള്‍ നെല്ല് വാഹനത്തില്‍ കയറ്റാന്‍ തയാറായില്ല. രണ്ടു വര്‍ഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന്‍ ആരോഗ്യകാരണത്താലാണ് ചുമടെടുക്കുന്നതില്‍നിന്ന് മാറിയത്.

ഈ കുടുംബം കൊയ്ത്തിനുശേഷം ഇരുവരും ചേര്‍ന്ന് സ്വന്തം പാടത്തെ നെല്ല് വാരി ചാക്കിലാക്കിയതാണ് സിഐടിയുകാരെ ചൊടിപ്പിച്ചത്. വാരുകൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ചാക്കൊന്നിന് 45 രൂപവെച്ച് 130 ചാക്കിന്റെ വാരുകൂലി നല്‍കണമെന്ന് സിഐടിയുകാര്‍ ആവശ്യപ്പെട്ടു. ജോലി ചെയ്യാതെ എന്തിനാണ് കൂലി ആവശ്യപ്പെടുന്നതെന്നും ഞാനും നിങ്ങളുടെ യൂണിയനില്‍പ്പെട്ട തൊഴിലാളിയല്ലേ എന്നും എന്ന് ഓമനക്കുട്ടനും ഭാര്യയും ഇതിനെ ചോദ്യംചെയ്തതോടെ തര്‍ക്കമായി. ഉച്ചയോടെ നെല്ല് എടുക്കില്ലെന്ന് നിലപാട് സിഐടിയുകാര്‍ കടുപ്പിച്ചതോടെ സ്ഥിതി സംഘര്‍ഷഭരിതമായി. ലേബര്‍ ഓഫീസറും പോലീസും സ്ഥലത്തെത്തി. തൊഴിലാളികളും കര്‍ഷകരുമായി ചര്‍ച്ചനടത്തി. നോക്കുകൂലി നല്‍കുന്നത് തെറ്റാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ലേബര്‍ ഓഫീസര്‍ നിലപാടെടുത്തു.

ഇതിനിടെ, നെല്‍ കര്‍ഷക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ജില്ലാ കളക്ടറുമായും കൃഷിമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. അടിയന്തരമായി നെല്ല് എടുക്കണമെന്ന് ഇരുവരുടെയും നിര്‍ദ്ദേശപ്രകാരം വാരുകൂലി നല്‍കാതെ നെല്ലെടുക്കാന്‍ തീരുമാനമായി. ലോറിയില്‍ സ്ഥലമില്ലാത്തതിനാല്‍ പാടത്തുതന്നെ നെല്ല് സൂക്ഷിക്കാന്‍ ലേബര്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച രാവിലെ ആദ്യ ലോഡായിത്തന്നെ നെല്ല് കയറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.