കൊച്ചി: എറണാകുളം ജില്ലയിലെ ഡെലിവറി ഹബ്ബുകള്‍ വഴി 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയതായി ഫ്‌ലിപ്കാര്‍ട്ടിന്റെ പരാതിയില്‍ ഗൗരവത്തോടെ അന്വേഷണം നടത്തും. ഫ്‌ലിപ്കാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തു. ഫ്‌ലിപ്കാര്‍ട്ടിന്റെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ ഹബ്ബുകളുടെ ചുമതലക്കാരായ സിദ്ദിഖ് കെ. അലിയാര്‍ (കാഞ്ഞൂര്‍), ജാസിം ദിലീപ് (കുറുപ്പംപടി), പി.എ. ഹാരിസ് (മേക്കാട്), മാഹിന്‍ നൗഷാദ് (മൂവാറ്റുപുഴ) എന്നിവരെ പ്രതികളാക്കിയാണു കേസെടുത്തിട്ടുള്ളത്.

ഓഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവില്‍ പല ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തിലാണു പ്രതികള്‍ ഫ്‌ലിപ്കാര്‍ട്ടില്‍നിന്നും ഫോണുകള്‍ വാങ്ങിയിരുന്നത്. ആപ്പിള്‍ (ഐഫോണ്‍), സാംസംഗ് ഗാലക്സി, വിവോ, ഐക്യു എന്നീ ബ്രാന്‍ഡുകളുടെ 1,61,19,248 രൂപ വിലവരുന്ന 332 ഫോണുകളാണു പ്രതികള്‍ കൈക്കലാക്കിയത്. കാഞ്ഞൂര്‍ ഡെലിവറി ഹബ്ബില്‍ 18,14,614 രൂപ വിലയുള്ള 38 ഫോണുകളും കുറുപ്പംപടി ഹബ്ബില്‍ 40,97,172 രൂപ വിലയുള്ള 87 ഫോണുകളും മേക്കാട് ഹബ്ബില്‍ 48,66,063 രൂപ വിലയുള്ള 101 ഫോണുകളും മൂവാറ്റുപുഴ ഡെലിവറി ഹബ്ബില്‍ 53,41,399 രൂപ വിലയുള്ള 106 ഫോണുകളുമാണ് വ്യാജ വിലാസത്തിലൂടെ ഓര്‍ഡര്‍ ചെയ്തു പ്രതികള്‍ തട്ടിയെടുത്തത്.

ഓര്‍ഡര്‍ ചെയ്ത് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ഹബ്ബുകളില്‍ എത്തിച്ചശേഷം ഇവ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി കമ്പനിയെ കബളിപ്പിക്കുകയായിരുന്നു. ഐടി ആക്ട് പ്രകാരവും വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിട്ടുള്ളത്. വലിയ ഗൂഡാലോചന തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് കമ്പനി വിലയിരുത്തുന്നത്. പ്രതികള്‍ തന്നെയായിരുന്നു ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. അതിന് ശേഷം ഡെലിവര്‍ ചെയ്യില്ല. ഇതോടെ കമ്പനിയ്ക്ക് പണം തിരികെ നല്‍കേണ്ടി വരും. അങ്ങനെ പണം അവര്‍ക്ക് കിട്ടും. ഒപ്പം മോഷണം പോയ ഫോണും. ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് കമ്പനി പരിശോധനകളിലേക്ക് കടന്നു. ഇതോടെയാണ് കള്ളന്‍ കപ്പലില്‍ ഉണ്ടെന്ന് മനസ്സിലായത്.

ഡെലിവറി കേന്ദ്രങ്ങളില്‍ എത്തിയ ശേഷം ഈ ഫോണുകള്‍ കാണാതാവുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയെ ഞെട്ടിച്ച ഈ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധാരണ ഓണ്‍ലൈന്‍ തട്ടിപ്പ് ബുദ്ധിയാണ് തെളിയുന്നത്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് തട്ടിപ്പ് നടന്നത്.

സംശയം തോന്നി വിലാസം പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഫ്‌ലിപ് കാര്‍ട്ടിനും ആഭ്യന്തര അന്വേഷണ സംഘമുണ്ട്. പോലീസില്‍ നിന്നും വിരമിച്ചവരാണ് ഇതിലുള്ളത്. ഇവരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.