- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിന് കിട്ടിയത് 500 രൂപയുടെ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത് രാമനാട്ടുകരയിലെ ബെവ്കോ ഔട്ട് ലെറ്റ്; വൈദ്യരങ്ങാടിക്കാരനെ കുടുക്കിയത് ഈ മണ്ടത്തരം; ദിജിന്‍ പെയിന്റിങ്ങും അതുല്‍ സോളാര്‍ ഫിറ്റിങ് ജോലി; അംജദ് ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥി; അഫ്‌നാന്‍ പഠിക്കുന്നത് ബിഎ ചരിത്രം; കള്ളനോട്ട് അച്ചടി തുടങ്ങിയത് രണ്ടാഴ്ച മുമ്പ്
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഫറോക്ക് പോലീസ് നടത്തിയ കള്ളനോട്ട് വേട്ടയില്‍ നിര്‍ണായകമായത് ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നുള്ള ഫോണ്‍ കോള്‍. മദ്യം വാങ്ങിയ ശേഷം ലഭിച്ചത് 500 രൂപയുടെ കള്ളനോട്ടാണെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ രാമനാട്ടുകര ഔട്ട്ലെറ്റില്‍ നിന്ന് പോലീസിന് ഫോണ്‍ കോളെത്തിയത്. പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് വൈദ്യരങ്ങാടി സ്വദേശിയായ ദിജിനാണ് മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങിച്ചതെന്ന വിവരം ലഭിച്ചു. ദിജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 500ന്റെ 37 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിജിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട് സംഘത്തിലേക്ക് അന്വേഷണമെത്തിയത്. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്ററുമാണ് ഫറോക്ക് പോലീസ് പിടികൂടിയത്. കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ബിരുദ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര വൈദ്യരങ്ങാടി ഹൈസ്‌കൂള്‍ റോഡിന് സമീപം കണ്ണന്തറ മേത്തല്‍ തൊടി കെ ദിജിന്‍ (19), മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അരിമ്പ്ര ഭരണിക്കുന്ന് ഹൗസ് സി അതുല്‍ കൃഷ്ണ (19), അരീക്കോട് പേരാട്ടമ്മല്‍ തിരുത്തിപ്പറമ്പില്‍ വീട്ടില്‍ അംജത് ഷാ(19), പേരാട്ടമ്മല്‍ തയ്യില്‍ വീട്ടില്‍ അഫ്‌നാന്‍, കോഴിക്കോട് മുക്കം മണാശേരി നെല്ലിക്കാപ്പറമ്പ് കയ്യൂന്നുമ്മല്‍ വീട്ടില്‍ കെ സാരംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളും കണ്ടെടുത്തു.
രാമനാട്ടുകര, മുക്കം, കൊണ്ടോട്ടി, അരീക്കോട് എന്നിവിടങ്ങളില്‍ വെള്ളി രാത്രി മുതല്‍ ശനി ഉച്ചവരെ നടത്തിയ റെയ്ഡുകളിലാണ് അഞ്ചുപേരും പിടിയിലായത്. ഇവരില്‍നിന്ന് 500 രൂപയുടെ 55 കള്ളനോട്ടുകള്‍, 30 എ 4 ഷീറ്റുകള്‍, പ്രിന്റര്‍ എന്നിവയും പിടിച്ചെടുത്തു. വിവരത്തെ തുടര്‍ന്ന് ഫറോക്ക് അസി. കമീഷണര്‍ എ എം സിദ്ദീക്കിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത്, എസ്‌ഐമാരായ സജിനി, മിഥുന്‍ എന്നിവരുള്‍പ്പെട്ട ഫറോക്ക് പൊലീസ് സംഘവും റെയ്ഡ് നടത്തുകയായിരുന്നു. ആദ്യം രാമനാട്ടുകര വൈദ്യരങ്ങാടിയില്‍നിന്ന് 500ന്റെ 35 കള്ളനോട്ടുകളുമായി ദിജിനാണ് പിടിയിലായത്.
തുടര്‍ന്ന് ഇയാള്‍ക്ക് കള്ളനോട്ട് നല്‍കിയ അതുല്‍ കൃഷ്ണയും അതുലിന് നോട്ടുകള്‍ കൈമാറിയ അരീക്കോട് സ്വദേശികളായ അംജത്ഷാ, അഫ്‌നാന്‍ എന്നിവരും പിടിക്കപ്പെട്ടു. അംജതിന്റെ വീട്ടില്‍നിന്നാണ് 500 രൂപയുടെ നോട്ടുകള്‍ പ്രിന്റ് ചെയ്ത 30 എ 4 ഷീറ്റുകള്‍ കണ്ടെടുത്തത്. ഇവര്‍ക്ക് കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്ത് വിതരണംചെയ്യുന്ന സാരംഗിനെ മുക്കം മണാശേരിയിലെ വാടക വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നാണ് നോട്ടടിക്കുന്ന പ്രിന്റര്‍ പിടിച്ചെടുത്തത്.
ദിജിന്‍ പെയിന്റിങ്ങും അതുല്‍ സോളാര്‍ ഫിറ്റിങ് ജോലിയുമാണ് ചെയ്യുന്നത്. അംജദ് ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിയും അഫ്‌നാന്‍ ബിഎ ചരിത്ര വിദ്യാര്‍ഥിയുമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബിവറേജസ് കോര്‍പ്പറേഷന്റെ രാമനാട്ടുകര ഔട്ട്ലെറ്റില്‍ കിട്ടിയ നോട്ടില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്ന് ആണ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചത്. കള്ള നോട്ട് നല്‍കിയത് ഡിജിന്‍ അയച്ച മറ്റൊരാള്‍ ആണെന്നും സഹായത്തിന് അതുല്‍ കൃഷ്ണ കൂടെയുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ കള്ളനോട്ട് അച്ചടി തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്ന് പൊലീസ് പറഞ്ഞു.




