- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്‌സലോണയിലും മാഞ്ചസ്റ്ററിലും പാരിസിലും ബ്രസല്‍സിലും ഭീകരാക്രമണത്തിന് ഉപയോഗിച്ച 'മദര്‍ ഓഫ് സാത്താന്‍'; ചൂടേറ്റാല്‍ പൊട്ടിത്തെറിക്കുന്ന ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചതും ടിഎടിപി? ബോംബ് നിര്‍മിക്കാന്‍ പരിശീലനം ലഭിച്ചു? അന്വേഷണ സംഘത്തെ ഞെട്ടിച്ച് 'ആ പാറ്റേണുകള്‍'; ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ നിര്‍ണായക പരിശോധന
ന്യൂഡല്‍ഹി: ബാഴ്‌സലോണയിലും മാഞ്ചസ്റ്ററിലും പാരിസിലും ബ്രസല്‍സിലും ഭീകരാക്രമണത്തിന് ഉപയോഗിച്ച 'മദര്‍ ഓഫ് സാത്താന്‍' എന്നറിയപ്പെടുന്ന അതിമാരക സ്‌ഫോടക വസ്തുക്കളാണ് ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ഡിറ്റനേറ്ററിന്റെ ആവശ്യമില്ലാതെ ചെറുചൂടില്‍ പൊട്ടിത്തെറിക്കുന്ന ട്രയാസിടോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 'സാത്താന്റെ മാതാവ്' (മദര്‍ ഓഫ് സാത്താന്‍) എന്ന പേരില്‍ അറിയപ്പെടുന്ന ടിഎടിപിക്ക് സ്‌ഫോടനമുണ്ടാക്കാന്‍ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘര്‍ഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാറിനുള്ളില്‍ ഉണ്ടായിരുന്ന ഐഇഡിയുടെ (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറന്‍സിക് വിദഗ്ധര്‍.
അമോണിയം നൈട്രേറ്റ് ആയിരിക്കാം സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് നേരത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍, സാഹചര്യം പരിശോധിച്ചു നോക്കുമ്പോള്‍ ടിഎടിപി ആയിരിക്കാം സ്‌ഫോടനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഫൊറന്‍സിക് പരിശോധിനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. താപനിലയിലെ മാറ്റം, ഘര്‍ഷണം, മര്‍ദ്ദം തുടങ്ങി അന്തരീക്ഷത്തിലെ ഏത് മാറ്റവും ടിഎടിപിയുടെ സ്‌ഫോടനത്തിന് കാരണമായേക്കാം. ഏറെ അപകടകാരി കൂടിയാണിത്. അമോണിയം നൈട്രേറ്റ് പോലെ സ്‌ഫോടനം നടക്കാന്‍ ഇതില്‍ ഡിറ്റനേറ്ററിന്റെ ആവശ്യമില്ല. സ്‌ഫോടന സ്ഥലത്തുണ്ടായ ശക്തമായ പ്രകമ്പനവും നാശനഷ്ടങ്ങളും വിലയിരുത്തുമ്പോള്‍ ടിഎടിപിയുടെ സാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഫൊറന്‍സിക് സംഘം അവശിഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണ്. ഭീകരപ്രവര്‍ത്തനത്തിനായി കൊണ്ടുപോകും വഴി അബദ്ധത്തില്‍ ബോംബ് പൊട്ടിത്തെറിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.
2017ല്‍ ബാഴ്‌സലോണയിലെയും മാഞ്ചസ്റ്ററിലെയും 2015ല്‍ പാരിസിലെയും 2016ലെ ബ്രസല്‍സിലെയും ഭീകരാക്രമണങ്ങളില്‍ ടിഎടിപിയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ബോംബുകള്‍ നിര്‍മിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ഭീകരസംഘടനകളില്‍നിന്ന് ലഭിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹി സ്‌ഫോടനം നടന്ന സ്ഥലത്തും കൊല്ലപ്പെട്ടവരുടെ ശരീരത്തിലും ആണി പോലെയുള്ള കൂര്‍ത്ത വസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിയാതിരുന്നതും ടിഎടിപി സ്‌ഫോടനത്തിലേക്കു വിരല്‍ ചൂണ്ടുന്നു. കേസിലെ മുഖ്യപ്രതി ഡോ. ഉമര്‍ മുഹമ്മദ് (ഉമര്‍ നബി) നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ 20 ലക്ഷത്തോളം രൂപ സമാഹരിച്ചെന്നും സൂചനയുണ്ട്. ഏതാനും ഹവാല ഇടപാടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം, ടിഎപിഎ നിര്‍മിക്കാനാവശ്യമായ രാസവസ്തുക്കള്‍ ഉമറിന് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉമറിന് പിന്നില്‍ ആരെങ്കിലും ഉണ്ടായിരുന്നോ, സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കുന്നതില്‍ പിന്തുണ ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ടിഎടിപിയാണ് പൊട്ടിത്തെറിച്ചതെങ്കില്‍ അത് എങ്ങനെ അത്രയും നേരം കാറില്‍ സൂക്ഷിച്ചു എന്നതും പരിശോധിക്കേണ്ടതുണ്ട്.
സ്ഫോടനത്തിനായി ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ മുഹമ്മദിന് ടിഎടിപിയുടെ സ്ഫോടനശേഷിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡല്‍ഹി സ്‌ഫോടനം നടന്ന സ്ഥലത്തെ നാശനഷ്ടങ്ങളുടെ പാറ്റേണുകള്‍ ടിഎടിപിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്‌ഫോടകവസ്തു ചൂടിന് വിധേയമായി പൊട്ടിത്തെറിച്ചതോ വാഹനത്തിനുള്ളില്‍തന്നെ വിഘടിച്ചതോ ആകാമെന്നാണ് സ്‌ഫോടനത്തിന്റെ തീവ്രത സൂചിപ്പിക്കുന്നത്. മറ്റൊരു വലിയ തീവ്രവാദ ഓപ്പറേഷനുവേണ്ടി കൊണ്ടുപോകുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണോ എന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ചുവരികയാണ്. ടിഎടിപി നിര്‍മ്മിക്കുന്നതിന് ഒന്നിലധികം ചേരുവകള്‍ ആവശ്യമായതിനാല്‍ രാസവസ്തുക്കള്‍ ഉമര്‍ എങ്ങനെ ശേഖരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
ഉമറിന് പുറമെ നിന്ന് പിന്തുണ ലഭിച്ചോ അതോ സ്‌ഫോടകവസ്തു തയ്യാറാക്കുന്നതില്‍ മറ്റുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിന് മുമ്പുള്ള ഉമറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ഡിജിറ്റല്‍ ട്രെയിലുകള്‍, യാത്രാ രേഖകള്‍, ആശയവിനിമയത്തിന്റെ വിവരങ്ങള്‍ എന്നിവ അവലോകനം ചെയ്യുകയാണ് ഡല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സികളും. നവംബര്‍ 10ന് നടന്ന സംഭവങ്ങളുടെ ക്രമം പരിശോധിച്ചതിലൂടെ സ്‌ഫോടനത്തിന് മുമ്പ് ഉമര്‍ ഡല്‍ഹിയിലെ തിരക്കേറിയ വഴികളിലൂടെ ദീര്‍ഘനേരം വാഹനമോടിച്ചതായി അന്വേഷണ സംഘം വിലയിരുത്തുന്നു. എന്നാല്‍ കാറില്‍ മണിക്കൂറുകളോളം സ്ഫോടകവസ്തു എങ്ങനെ പൊട്ടിത്തെറിക്കാതെ തുടര്‍ന്നു എന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരും ഉമറിന്റെ സഹപ്രവര്‍ത്തകരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍, ആദില്‍ റാത്തര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഒരു സ്‌ഫോടന പരമ്പര നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതികള്‍ വാടകയ്ക്കെടുത്ത വീടുകളില്‍ നിന്ന് ഏകദേശം 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കളും ബോംബ് നിര്‍മ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികള്‍ക്ക് ജെയ്ഷെ ബന്ധമുള്ളതായും അന്വേഷണ സംഘം സംശയിക്കുന്നു. സയീദിന്റെ കാറില്‍ നിന്ന് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് എന്‍.ഐ.എ പറയുന്നു.
ആറ് സംസ്ഥാനങ്ങളില്‍ പരിശോധന
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ ഐ എയുടെ നിര്‍ണായക പരിശോധന. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലുള്ള ഭീകരരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എന്‍ ഐ എ പരിശോധന എന്നാണ് വ്യക്തമാകുന്നത്. ഹരിയാനയില്‍ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണില്‍ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു. ഹരിയാനയിലെ നൂഹില്‍ നിന്നും അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരില്‍ ഒരാളുടെ ഫോണില്‍ നിന്നാണ് സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എന്‍ ഐ എ നടത്തുന്നത്.
സ്‌ഫോടന കേസില്‍ കസ്റ്റഡിയിലുള്ള ഭീകരരെ എന്‍ ഐ എ സംഘം വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡോക്ടര്‍മാരായ മുസമ്മില്‍, ആദില്‍, ഷെഹീന എന്നിവരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടത്തിയ ഉമര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പലതവണ നൂഹ് സന്ദര്‍ശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഉമര്‍ നബി ബോംബ് വിദഗ്ധന്‍ എന്ന വിവരങ്ങളും എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഭീകരര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഉമര്‍ ക്യാമ്പസിനുള്ളില്‍ താമസിക്കുന്ന വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ പരീക്ഷിക്കാന്‍ ലാബ് തയ്യാറാക്കി. നുഹുവിലും വാടക വീട് എടുത്ത് 10 ദിവസം താമസിച്ചുവെന്നും വീട് സംഘടിപ്പിച്ചത് ക്യാമ്പസിലെ ഇലക്ട്രീഷ്യനാണെന്നും മൊഴി നല്‍കി. ഇലക്ട്രീഷ്യനെയും വീടിന്റെ ഉടമസ്ഥനെയും എന്‍ ഐ എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ചെങ്കോട്ട സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.




