- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്ത ഡോക്ടറായ മകള്‍; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റൂഡിയോട് തോറ്റ പഴയ ആര്ജെഡിക്കാരി; അച്ഛന് വൃക്ക കൊടുത്തതില്‍ ഇപ്പോള്‍ വേദിക്കുന്ന സ്വന്തം ചോര! മൂന്ന് പെണ്‍മക്കള്‍ കൂടി പാട്നയിലെ വീടു വിട്ടു; ലാലുവിന്റെ കുടുംബത്തില്‍ കലാപമോ? അഴിമതിക്ക് ജയിലിലായ ബീഹാര്‍ ബാബു വീട്ടിലും ഒറ്റപ്പെടുന്നു
പട്ന: ബീഹാറിനെ അടക്കി വാണിരുന്ന ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണം അടക്കം പല അഴിമതിയും പുറത്തു വന്നു. ജയിലില്‍ കിടന്നു. ഇതോടെയാണ് ആര്‍ജെഡിയുടെ പ്രസക്തി ബീഹാര്‍ രാഷ്ട്രീയത്തില്‍ കുറഞ്ഞത്. അഴിമതിയില്‍ കുടുങ്ങി ജയിലിലേക്ക് പോയപ്പോള്‍ ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രി പോലുമാക്കിയ രാഷ്ട്രീയ ചാണക്യന്‍. പക്ഷേ അതെല്ലാം ഇന്ന് പഴംകഥ. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെണ്‍മക്കള്‍ കൂടി വീടുവിട്ടു. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ, താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബത്തെ തള്ളിപ്പറയുകയാണെന്നും പ്രഖ്യാപിച്ചതോടെയാണ് കുടുംബത്തിലെ പൊട്ടിത്തെറി ആരംഭിച്ചത്. ലാലുവിന് വൃക്ക നല്‍കിയ മകളാണ് രോഹിണി. ഇന്ന് തന്റെ വൃക്ക പോയതിനെ കുറിച്ചോര്‍ത്ത് ദുഖിക്കുകയാണ് മകള്‍. അച്ഛന് ഇന്ന് രാഷ്ട്രീയ സ്വാധീനമില്ല. ആര്‍ജെഡി പൂര്‍ണ്ണമായും മകന്‍ തേജസ്വി യാദവിന്റെ പിടിയില്‍. തേജസ്വിയാകട്ടെ പാര്‍ട്ടിയെ പടുകുഴിയിലുമാക്കി. ഇതോടെയാണ് ലാലുവിന്റെ പാര്‍ട്ടി പ്രതിസന്ധിയിലാകുന്നത്.
ലാലുവിന്റെ കുടുംബത്തിലും പാര്‍ട്ടിയിലും കോളിളക്കം സൃഷ്ടിക്കുന്നതാണ് രോഹിണിയുടെ പ്രഖ്യാപനം. നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് ജനശക്തി ജനതാദള്‍ രൂപീകരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. തേജ് പ്രതാപ് യാദവിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയതില്‍ രോഹിണിയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ നീരസം അവര്‍ പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തു. സെപ്റ്റംബറില്‍, രോഹിണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് എല്ലാ രാഷ്ട്രീയ നേതാക്കളെയും കുടുംബാംഗങ്ങളെയും അണ്‍ഫോളോ ചെയ്തിരുന്നു. ഇതിനുപിന്നാലെ തന്നെപ്പറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന ഒരു പോസ്റ്റും രോഹിണി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഇപ്പോഴിതെല്ലാം പൊട്ടിത്തെറിയിലേക്ക് മാറുകയാണ്.
ലാലു പ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍ കുട്ടികളോടൊപ്പം പട്നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2022-ല്‍ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ സീറ്റിനും പണത്തിനും പകരമായാണ് പിതാവിന് താന്‍ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആര്‍ജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവ്, ദീര്‍ഘകാല സഹപ്രവര്‍ത്തകനായ റമീസ് എന്നിവരുമായുള്ള വാക്കുതര്‍ക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാള്‍ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമിച്ചുവെന്നും വികാരപരമായ പോസ്റ്റുകളിലൂടെ രോഹിണി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അച്ഛന് വൃക്ക നല്‍കിയതിനെ കുറിച്ചോര്‍ത്ത് ഈ മകള്‍ പശ്ചാത്തപിക്കുന്നത്.
'ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു ശനിയാഴ്ചത്തെ അവരുടെ എക്‌സ് കുറിപ്പ്. രോഹിണിയുടെ സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയകുടുംബത്തില്‍നിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവ് പ്രതികരണവുമായി രംഗത്തെത്തി. തനിക്കെതിരായ പല ആക്രമണങ്ങളും താന്‍ സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ സഹോദരിയുടെ അപമാനം അസഹനീയമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ അനീതിയുടെ പ്രത്യാഘാതങ്ങള്‍ കഠിനമായിരിക്കുമെന്ന് പറഞ്ഞ തേജ് പ്രതാപ് ''അച്ഛാ, ഒരു സൂചന തരൂ, ഒന്നു തലയാട്ടിയാല്‍ മതി, ബിഹാറിലെ ജനങ്ങള്‍ ഈ ജയചന്ദ്മാരെ കുഴിച്ചുമൂടും.'' എന്ന് ലാലു പ്രസാദ് യാദവിനോടായി പറഞ്ഞു.
ഈ വര്‍ഷം ആദ്യം തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം ജന്‍ശക്തി ജനതാദള്‍ (ജെജെഡി) പാര്‍ട്ടി രൂപീകരിക്കുകയും മഹ്വ നിയമസഭാ സീറ്റില്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി കനത്തപരാജയം നേരിട്ട് തൊട്ടുപിറ്റേന്നാണ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ പൊട്ടിത്തെറി. ഡോക്ടര്‍ കൂടിയായ രോഹിണി, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്തതും രോഹിണി ആയിരുന്നു.




