ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ അന്വേഷണം തുടരുന്നതിനിടെ രാജ്യത്തുള്ള ജെയ്‌ഷെ സ്ലീപ്പര്‍ സെല്ലുകളെ കണ്ടെത്താനായി എന്‍ഐഎയുടെ വ്യാപക പരിശോധന. വൈറ്റ് കോളര്‍ ഭീകര സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ. രാജ്യത്ത് ജെയ്‌ഷെ സ്ലീപ്പര്‍ സെല്ലുകളുണ്ടാക്കാന്‍ ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേര്‍ ഉമര്‍ മുഹമ്മദ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഒരു ശൃംഖല ഉണ്ടാക്കുന്നതിന് വേണ്ടി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കൃത്യമായ ആസൂത്രണത്തോടെ ഇടപെടല്‍ നടത്തിയിരുന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ചെങ്കോട്ട ഭീകരാക്രമണത്തില്‍ പൊട്ടിത്തെറിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി എന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. ഭീകരര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും കാറില്‍ കൊണ്ടുപോകവെ ബോംബ് പൊട്ടിത്തെറിച്ചെന്നുമാണ് കണ്ടെത്തല്‍. പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ ആണെന്ന് ഇതിനകം തന്നെ എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേര്‍ ഉമര്‍ മുഹമ്മദിന്റെ കൂട്ടാളി കശ്മീര്‍ സമ്പൂര സ്വദേശി അമീര്‍ റാഷിദ് അലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റാഷിദ് അലി, സ്‌ഫോടനം നടത്താന്‍ ഉമറുമായി ഗൂഢാലോചന നടത്തുകയും ഇതിനായി ഡല്‍ഹിയിലെത്തി കാര്‍ വാങ്ങി സ്വന്തംപേരില്‍ രജിസ്റ്റര്‍ചെയ്തതായും എന്‍ഐഎ അറിയിച്ചു. ഉമറിന് വീട് വാടകയ്ക്കുനല്‍കിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ഭീകരന്‍ ആദിലിന്റെ സഹോദരന്‍ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാള്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ആണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തുര്‍ക്കിയില്‍ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടര്‍മാരെ നിയന്ത്രിച്ചത്. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.

അറസ്റ്റിലായ വനിത ഡോക്ടര്‍ ഷഹീന് ലഷ്‌ക്കര്‍ ഇ ത്വയ്ബയുമായും ബന്ധമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍ കിട്ടി. കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന തുടരുകയാണ്. കേസിലെ പ്രധാന പ്രതി ഉമര്‍ നബിയുടെ സഹായി അമീര്‍ റാഷിദിനെ എന്‍ഐഎ ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വനിതാ ഡോക്ടര്‍ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഏജന്‍സി രേഖപ്പെടുത്തും.

ഹരിയാനയില്‍നിന്ന് മറ്റുരണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അതേസമയം, തീവ്രവാദികളുമായി ബന്ധമുണ്ടെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത മൂന്നുഡോക്ടര്‍മാരടക്കം നാലുപേരെ വിട്ടയച്ചു. ഡോക്ടര്‍മാരായ മുഹമ്മദ്, റഹാന്‍, മസ്താഖിം, വളം വ്യാപാരി ദിനേശ് സിഗ്‌ള എന്നിവരെയാണ് വിട്ടയച്ചത്.

സ്‌ഫോടകവസ്തു ഉണ്ടാക്കുന്നതിനായി വലിയ അളവില്‍ ഉമര്‍ എന്‍പികെ വളം വാങ്ങിയിരുന്നു. ഇതില്‍നിന്നാണ് സ്‌ഫോടകവസ്തുവുണ്ടാക്കിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ചാവേറാകാന്‍ തയ്യാറായവരെ ഉമര്‍ അന്വേഷിച്ചുവരുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ ജാസിര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചാവേറാകാന്‍ ഉമര്‍ നിര്‍ബന്ധിച്ചെന്ന് ഇയാളും മൊഴിനല്‍കിയിട്ടുണ്ട്.