- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഴിമതിക്കാരെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? ഉത്തരവില്‍ അങ്ങനെ എഴുതേണ്ടി വരും; നിയമത്തെ അംഗീകരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണം'; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളായ ആര്‍ ചന്ദ്രശേഖരനെയും മുന്‍ എം ഡി പി എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. രണ്ടു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലാണ് വിമര്‍ശനം. പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരനും മുന്‍ എം ഡി പി എ രതീഷിനും സര്‍ക്കാര്‍ എന്തിനാണ് സംരക്ഷണം ഒരുക്കുന്നതെന്നും കോടതി ചോദിച്ചു.
അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടി വരുമെന്നും സിംഗിള്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. നിയമത്തെ അംഗീകരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണം. രണ്ടു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
സിബിഐക്കു സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 45 ദിവസത്തിനുള്ളില്‍ വീണ്ടും തീരുമാനമെടുക്കാനും അന്ന് നിര്‍ദേശിച്ചിരുന്നു. കശുവണ്ടി ഇറക്കുമതിയില്‍ 500 കോടിയുടെ അഴിമതിയാരോപണം ഉയര്‍ന്ന സംഭവത്തിലാണ് 13 വര്‍ഷത്തെ ഇടപാടുകള്‍ സിബിഐ പരിശോധിച്ചത്. അഴിമതി കണ്ടെത്തി കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്.
2006 - 2015 കാലത്തെ തോട്ടണ്ടി ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണു സിബിഐ ഏറ്റെടുത്തത്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് തുടങ്ങിയവരാണു പ്രതിസ്ഥാനത്ത്. അഞ്ച് വര്‍ഷത്തോളം അന്വേഷിച്ച സിബിഐ, കോടികളുടെ ക്രമക്കേടു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയശേഷം പ്രോസിക്യൂഷന് അനുമതി തേടിയെങ്കിലും വ്യവസായ വകുപ്പ് അപേക്ഷ തള്ളുകയായിരുന്നു. ഇതു റദ്ദാക്കിയ ഹൈക്കോടതി വിഷയം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി അഴിമതി നടത്തിയെന്നതിന് പുതിയ തെളിവുകളൊന്നും ഹാജരാക്കാന്‍ സിബിഐക്ക് സാധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിലെ പാളിച്ചകളും ഭരണപരമായ വീഴ്ചകളുമാണ് സിബിഐ പ്രധാനമായും പരാമര്‍ശിക്കുന്നത്.
എന്നാല്‍ ഇതിനു പിന്നില്‍ ഏതെങ്കിലും വിധത്തില്‍ അനധികൃതമായി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നോ ദുരുദ്ദേശമുണ്ടെന്നോ ഉള്ള കണ്ടെത്തലുകളൊന്നും നടത്താന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷനുള്ള അനുമതി നിഷേധിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്.




