തിരുവനന്തപുരം: പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ബി.എല്‍.എയെ ബി.എല്‍.ഒ കൊണ്ടു പോയതിന് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. ഇതിനു പുറമെയാണ് ജോലിയുടെ സമ്മര്‍ദ്ദവും. ഇതെല്ലാമാണ് ബി.എല്‍.ഒയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതേക്കുറിച്ച് ഗൗരവതരവും എല്ലാവരെയും ബോധ്യപ്പെടുത്തുന്നതുമായ അന്വേഷണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറെക്കൂടി ഗൗവരവത്തില്‍ ഈ വിഷയം പഠിക്കണം. അമിതമായ ജോലി ഭാരമുണ്ടെന്ന് സംസ്ഥാനത്ത് ഉടനീളെ ബി.എല്‍.ഒമാര്‍ പരാതിപ്പെടുന്നുണ്ട്. ബി.എല്‍.ഒമാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്ക് ജോലി ചെയ്ത് തീര്‍ക്കാനാകുന്നില്ല. മൂന്നു തവണ ഒരു വീട്ടില്‍ പോകണമെന്നാണ് നിര്‍ദ്ദേശം. 700 മുതല്‍ 1500 വോട്ടുകള്‍ വരെ ഓരോ ബൂത്തുകളിലുമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും എസ്.ഐ.ആര്‍ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് അനുകൂല വോട്ടുകള്‍ ചേര്‍ക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദുരുദ്ദേശ്യത്തോടെ ബി.ജെ.പി എസ്.ഐ.ആര്‍ നടപ്പാക്കുമ്പോള്‍ ആ ദുരുദ്ദേശ്യം സി.പി.എം മറ്റൊരു തരത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണ്. അതിനെ ശക്തിയായി എതിര്‍ക്കും. എസ്.ഐ.ആറിലൂടെ സത്യസന്ധമായ തിരഞ്ഞെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യുമെന്നും സതീശന്‍ വിശദീകരിച്ചു.

ബി.ജെ.പിയില്‍ ഇപ്പോള്‍ രണ്ട് ആത്മഹത്യകള്‍ നടന്നു. ഒരാള്‍ ആത്മഹത്യാ ശ്രമം നടത്തി. കരിനിഴല്‍ വീണ ബി.ജെ.പി നേതാക്കളുടെ സാമ്പത്തിക ബന്ധങ്ങളെ കുറിച്ചാണ് ആത്മഹത്യാ കുറിപ്പുകളില്‍ പറയുന്നത്. ബി.ജെ.പി നേതാക്കള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് രണ്ട് ആത്മഹത്യാ കുറിപ്പുകളിലും പറയുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് എം.എസ് കുമാറും ഗുരുതര ആരോപണമാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഴയ തലമുറയില്‍പ്പെട്ട നേതാക്കളാണ് ബി.ജെ.പിയുടെ പുതിയ നേതൃത്വത്തെ കുറിച്ച് ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ആടിയുലയുന്ന ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കാനാണ് തിരുവനന്തപുരത്ത് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മില്‍ നിന്നും രാജി വച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ദേശാഭിമാനി ബ്യൂറോ ചീഫും ആയിരുന്ന രണ്ടു പേര്‍ ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രന് എതിരെ ഉന്നയിച്ചിരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രന്‍ എന്ന മുന്‍ മന്ത്രി ബി.ജെ.പി ഏജന്റാണെന്നാണ് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നത്. അതിന്റെ ഭാഗമായി പാങ്ങോട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്ന ആളെയാണ് നിര്‍ത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം രംഗത്തിറങ്ങിയിരിക്കുകയാണ്. ബി.ജെ.പി- സി.പി.എം അവിഹിത ബന്ധത്തന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ വിട്ട് ആര്‍.എസ്.എസ് നേതാവ് ഹൊസബളെയുമായി ചര്‍ച്ച നടത്തിക്കുകയും പൂരം കലക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ബി.ജെ.പി തകരുമ്പോള്‍ തകരാതെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതെല്ലാം തിരുവനന്തപുരത്തെയും കേരളത്തിലെയും വോട്ടര്‍മാര്‍ തിരിച്ചറിയും.

തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിക്കുന്ന വൈഷ്ണ സുരേഷ് ആ വാര്‍ഡിലെ വോട്ടറാണ്. വോട്ടര്‍പട്ടികയില്‍ തെറ്റായ വീട്ടു നമ്പര്‍ രേഖപ്പെടുത്തിയതിനാണ് അവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ഹിയറിങ് നടത്തിയപ്പോള്‍ കൃത്യമായ തെളിവും നല്‍കിയിട്ടുണ്ട്. വൈഷ്ണ വ്യാജ വോട്ടറല്ല. പരാതി നല്‍കിയ ആളിന്റെ പേരില്‍ പല വോട്ടുകളുണ്ട്. സി.പി.എമ്മും ബി.ജെ.പിയും വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥാനാര്‍ത്ഥി ആകുമെന്ന് മുന്‍കൂട്ടി കണ്ട് വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാനുള്ള കുത്സിത പ്രവര്‍ത്തനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടു നില്‍ക്കരുത്. വൈഷ്ണ സുരേഷിന്റെ വോട്ടവകാശം പുനസ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം-സതീഷന്‍ പറഞ്ഞു.