തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. ജയതിലകിതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത് നല്‍കിയ റൂള്‍ 7 പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് നിയമവകുപ്പുമായി ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ തെളിവുകളോടെയുള്ള പരാതിയില്‍ നടപടി എടുത്തില്ലെങ്കില്‍ അത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വലിയ തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കൃത്യമായ തെളിവുകളോടെ, രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം റവന്യു, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും ഉണ്ട്. റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവര്‍ത്തകനുമായ ശ്രീ. അനില്‍ ബോസ് കാഞ്ഞിരപ്പള്ളി വിജിലന്‍സില്‍ 6.11.25 ന് സമര്‍പ്പിച്ച വിശദമായ പരാതിയില്‍ ഓരോന്നും എടുത്ത് പറയുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു. ജയതിലകുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇറങ്ങുകയാണ് മുന്‍ കളക്ടര്‍ കൂടിയായ പ്രശാന്ത്. ജയതിലകിനെതിരായ ആക്ഷേപങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സസ്പെന്‍ഷനിലാണ് പ്രശാന്ത്.

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകള്‍ സഹിതം പരാതി ലഭിക്കുന്നത്. ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ (Dr. A. Jayathilak IAS) All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടി ആവശ്യപ്പെട്ട് റൂള്‍ 7 പരാതി നല്‍കിയ വിവരം പ്രശാന്താണ് പുറത്തുവിട്ടത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡോ. ജയതിലകിന്റെ നിയമപരമായ സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍ തുടങ്ങിയ രേഖകളും തമ്മിലുള്ള വലിയ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ മറച്ചുവെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് ബെനാമി കരാറുകളിലൂടെ പണം കൈപ്പറ്റുക എന്നിവയെല്ലാം ആരോപിക്കപ്പെടുന്നു.റവന്യു, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പരാതിയിലുണ്ട്. ഇതിനെല്ലാം തെളിവായി കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന ലംഘനങ്ങള്‍ All India Service (Conduct) Rules, 1968 ലെ അനുഛേദം 3, 13, 16 എന്നിവയുടെ ഗുരുതരമായ ലംഘനങ്ങളാണ്.

GAD വകുപ്പ് കൈകാര്യം ചെയ്യുന്നത് ഡോ. ജയതിലക് ആയതിനാല്‍, സ്വയം സസ്പെന്‍ഡ് ചെയ്യാനുള്ള ഫയല്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം മടി കാണിക്കുമെന്നും, അതുകൊണ്ടാണ് ഡിസിപ്ലിനറി അഥോറിറ്റിയായ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതെന്നും പ്രശാന്ത് ഐ.എ.എസ് കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനായ തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അന്നത്തെ ചീഫ് സെക്രട്ടറിയുടെ താല്‍പ്പര്യത്തില്‍ മൂന്ന് ദിവസത്തിനകം സസ്പെന്‍ഡ് ചെയ്ത കാര്യം പ്രശാന്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്നതിനാല്‍, ഇത്രയും ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നാണ് നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി കൂടിയാണ് മുഖ്യമന്ത്രി. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങള്‍ എത്രയോ ഗൗരവതരമായിരിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധിക്കില്ലല്ലോ. ഐഎഎസുകാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകാണ് നിമയം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍, നീതിബോധവും ധര്‍മ്മവും ഉണ്ടെങ്കില്‍, ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് നിയമജ്ഞര്‍ പറയുന്നത്. ഡോ. ജയതിലകിന്റെ നിയമലംഘനങ്ങള്‍ക്ക് ''തീവ്രത'' കുടുതലാണെന്നതില്‍ തര്‍ക്കമില്ലല്ലോ-ഇങ്ങനെയാണ് തന്റെ പരാതിയെ കുറിച്ച് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

പ്രശാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ

ഡോ. ജയതിലകിതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി റൂള്‍ 7 പരാതി സമര്‍പ്പിച്ചു. കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി (Disciplinary Authority) കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കു മുമ്പാകെ, ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് റൂള്‍ 7 പരാതി നല്‍കിയ വിവരം അറിയിക്കട്ടെ.

കൃത്യമായ തെളിവുകളോടെ, രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം റവന്യു, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും ഉണ്ട്. (റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവര്‍ത്തകനുമായ ശ്രീ. അനില്‍ ബോസ് കാഞ്ഞിരപ്പള്ളി വിജിലന്‍സില്‍ 6.11.25 ന് സമര്‍പ്പിച്ച വിശദമായ പരാതിയില്‍ ഓരോന്നും എടുത്ത് പറയുന്നുണ്ട്.)

ഡോ. ജയതിലകിന്റെ നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍, സൊസൈറ്റി രേഖകള്‍ എന്നിവയും തമ്മിലുള്ള താരതമ്യം ഈ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് പലവിധ ബെനാമി കരാറുകള്‍ ഉണ്ടാക്കി പണം കൈപ്പറ്റുക, സര്‍ക്കാരില്‍ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത്. കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെയാണ് പല ഡീലുകളുടേയും തെളിവുകള്‍ എന്നതാണ് രസം.

ഈ വിഷയത്തില്‍ പ്രത്യേകമായി എടുത്തുപറയുന്ന ലംഘനങ്ങള്‍ അഖിലേന്ത്യാ സര്‍വീസ് (നടപടി) ചട്ടങ്ങള്‍, 1968 (AIS (Conduct) Rules, 1968) പ്രകാരമാണ്: അനുഛേദം 3 (Rule 3): സമ്പൂര്‍ണ്ണ സത്യസന്ധത, കടമയോടുള്ള കൂറ്, താല്‍പ്പര്യ സംഘര്‍ഷം (Conflict of Interest) ഒഴിവാക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നിവ ഉറപ്പുവരുത്തുന്ന വിവിധ ഉപവിഭാഗങ്ങളുടെ ലംഘനം, അനുഛേദം 13 (Rule 13): മുന്‍കൂര്‍ അനുമതിയില്ലാതെ കച്ചവടത്തിലോ മറ്റു തൊഴിലുകളിലോ ഏര്‍പ്പെടുക, ബിസിനസ്സ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, സര്‍ക്കാരുമായി ഇടപാടുള്ളവരില്‍ നിന്ന് പണവും മറ്റും സ്വീകരിക്കുക, സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതിഫലം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലെ വീഴ്ച, അനുഛേദം 16 {Rule 16(3), 16(4)} : സ്വത്ത് ഇടപാടുകള്‍ക്ക് മുന്‍കൂര്‍ വിവരം നല്‍കുക/അനുമതി തേടുക, പാട്ടങ്ങളും വാടകയിനത്തില്‍ വരുമാനം ലഭിക്കുന്നത് ിപ്പോര്‍ട്ട് ചെയ്യുക, വാര്‍ഷിക സ്വത്ത് റിട്ടേണ്‍ പൂര്‍ണ്ണമായും സത്യസന്ധമായും സമര്‍പ്പിക്കുക എന്നീ കാര്യങ്ങളിലെ ചട്ടലംഘനം.

ആനുപാതികമല്ലാത്ത സ്വത്തുക്കള്‍ (disproportionate assets) ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതരമായ ക്രിമിനല്‍ ദുഷ്പെരുമാറ്റം (criminal misconduct) വ്യക്തമാക്കുന്ന രേഖകള്‍ ശ്രീ. അനില്‍ ബോസ് കാഞ്ഞിരപ്പള്ളി വിജിലന്‍സില്‍ സമര്‍പ്പിച്ചത് 6.11.25 നാണ്. GAD വകുപ്പ് ഡോ. ജയതിലക് തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ സ്വയം സസ്പെന്റ് ചെയ്യാനുള്ള ഫയല്‍ ഡിസിപ്ലിനറി അഥോറിറ്റിക്ക് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് മടി കാണും. അതുകൊണ്ടാണ് ഇന്ന് ഈ പരാതി രേഖാമൂലം ഡിസിപ്ലിനറി അഥോറിറ്റിയായ ബഹു.മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത്.

ഏതായാലും ഡോ. ജയതിലകിന്റെ ചട്ടലംഘനങ്ങള്‍ ഔപചാരികമായി ഇന്ന് 15-11-2025-ന് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

08-11-2024-ന് ഒരു സോഷ്യല്‍ മീഡിയില്‍ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന്, മൂന്ന് ദിവസത്തിനകം (11-11-2024) എന്നെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത് ഓര്‍ക്കുമല്ലോ. ആരുടെയും പരാതി ഇല്ലാതെ തന്നെ, അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ താല്പര്യമെടുത്താണ് ആ നടപടി ഉണ്ടായത്.

നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങള്‍ എത്രയോ ഗൗരവതരമായിരിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധിക്കില്ലല്ലോ. IAS കാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകാണ് All India Service (Discipline & Appeal) Rules, 1968. അതിനാല്‍, ഭരണഘടന ഉണ്ടെങ്കില്‍, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍,

നീതിബോധവും ധര്‍മ്മവും ഉണ്ടെങ്കില്‍, ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് നിയമജ്ഞര്‍ പറയുന്നത്. ഡോ. ജയതിലകിന്റെ നിയമലംഘനങ്ങള്‍ക്ക് ''തീവ്രത'' കുടുതലാണെന്നതില്‍ തര്‍ക്കമില്ലല്ലോ.

മേല്‍ ചട്ടങ്ങള്‍ അറിയാവുന്ന വ്യക്തി എന്ന നിലയില്‍, ഈ വസ്തുതകള്‍ ബന്ധപ്പെട്ട അധികാരിയുടെയും (competent authority) പൊതുജനങ്ങളുടെയും മുമ്പാകെ കൊണ്ടുവരേണ്ടത് എന്റെ ധാര്‍മികമായ കടമയാണ്. സര്‍ക്കാര്‍ ജീവനക്കാരായ ക്ലാര്‍ക്കിനെയും, വില്ലേജ് അസിസ്റ്റന്റിനെയും, തഹസില്‍ദാരെയും, ഡോക്ടറെയും, ടീച്ചറെയും, പ്രൊഫസറെയും, എഞ്ചിനിയറെയും സാധാരണ പൊലീസുകാരെയും അച്ചടക്കവും നിയമവും പഠിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സ്വയം മര്യാദ കാണിക്കണം. ആ മിനിമം മര്യാദ കാണിക്കാത്ത IAS ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരമുള്ളത് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്കാണ്.