കോഴിക്കോട്: ബിഗ് ബോസ് മത്സരാര്‍ത്ഥികളും ലസ്ബിയന്‍ കപ്പിള്‍സുമായ ആദിലയും നൂറയും വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്ന മലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എകെ ഫൈസലിന്റെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നതിനിടെ കടുത്ത വിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം റെസ്മിന്‍ ഭായ്. കഴിഞ്ഞ ദിവസമായിരുന്നു ഫൈസലിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ആദില നൂറ ഉള്‍പ്പെടെ ബിഗ് ബോസ് സീസണ്‍ 7ലെ മത്സരാര്‍ത്ഥികളും എത്തിയിരുന്നു.

എന്നാല്‍ ആദിലയും നൂറയും തന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് തന്റെ അറിവോടെ അല്ലെന്ന് പറഞ്ഞ് ഫൈസല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ ഫൈസലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആദില നൂറയുടെ ഉറ്റ സുഹൃത്തായ റെസ്മിനും രംഗത്തെത്തിയത്.

തന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും എകെ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ രണ്ട് പെണ്‍കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് തന്റെ അറിവോടെ ആയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

'എന്റെ ഗൃഹപ്രവേശന ചടങ്ങുകളില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ആഗോള തലത്തില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ എന്റെ പരിപാടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ പങ്കെടുത്തത് എനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല.

പൊതു സമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മാധ്യമത്തില്‍ താറടിച്ചും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലയ്ക്കെടുക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല എന്ന തിരിച്ചറിഞ്ഞ് കൊണ്ട് എന്റെ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു' -എകെ ഫൈസല്‍ കുറിച്ചു.

എന്നാല്‍ വിളിക്കാതെയല്ല ആദിലയും നൂറയും അവിടെ പോയതെന്നും ക്ഷണിച്ച് വരുത്തിയ ശേഷം ഇത്തരത്തില്‍ അപമാനിക്കുന്നത് വളരെ മോശം ആണെന്നും അവരോട് വിയോജിപ്പ് ഉണ്ടെങ്കില്‍ ക്ഷണിക്കാതിരിക്കാമായിരുന്നുവെന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നതിനിടെയാണ് റെസ്മിന്റെ പ്രതികരണം. തനിക്ക് ഒരുപാട് ബഹുമാനവും സ്നേഹവും ഉള്ള വ്യക്തിയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു കാര്യം വന്നതില്‍ ഒരുപാട് സങ്കടം ഉണ്ടെന്നാണ് റെസ്മിന്‍ പറയുന്നത്. തന്റടുത്ത് നിന്നാണ് ആദില നൂറയുടെ കോണ്‍ടാക്റ്റ് വാങ്ങി അവരെ കോണ്‍ടാക്റ്റ് ചെയ്തതെന്നും എന്നിട്ട് എന്തുകൊണ്ടാണ് ഫൈസല്‍ ഇക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്നും റെസ്മിന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

'ഭയങ്കര സങ്കടകരമായിട്ടുള്ള കാര്യം രാവിലെ തന്നെ കണ്ടു. വേറെ ഒന്നുമല്ല, ഞങ്ങള്‍ കഴിഞ്ഞ ദിവസം ഒരു പ്രോഗാമിന് പോയിരുന്നു. ഞാനും എന്റെ സീസണില്‍ ഉണ്ടായിരുന്ന നോറ, അതുപോലെ സീസണ്‍ 7ലെ ആദില നൂറയും ആയിട്ട് നമ്മുടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഫൈസല്‍ ഇക്കയുടെ ഗൃഹപ്രവേശനത്തിന് കോഴിക്കോട് പോയിട്ടുണ്ടായിരുന്നു.

ഞങ്ങളെ ഇങ്ങട് വിളിച്ചു. ക്ഷണം അയച്ചു, ഒരുവിധം എല്ലാ മേഖലയില്‍ ഉള്ളവരും അവിടെ വന്നിട്ടുണ്ടായിരുന്നു. ഞങ്ങളെ വളരെയധികം നല്ല രീതിയില്‍ തന്നെയാണ് ട്രീറ്റ് ചെയ്തതും. നമ്മളെ കൊണ്ട് നടന്ന് ഓരോ സ്ഥലങ്ങളും എക്സ്പ്ലോര്‍ ചെയ്യാന്‍ ത്രൂ ഔട്ട് ഒരാള്‍ കൂടെ ഉണ്ടായിരുന്നു. അതിലൊക്കെ ഒരുപാട് ഒരുപാട് സന്തോഷം.

പക്ഷേ ഇന്ന് രാവിലെ ഒരു എഫ്ബി പോസ്റ്റ് കണ്ടിരുന്നു. അതും നമ്മള്‍ പോയ ഫൈസല്‍ ഇക്കയുടെ എഫ്ബി പോസ്റ്റായിരുന്നു. വേറൊന്നുമല്ല, വീട്ടില്‍ വിളിച്ച് വരുത്തിയിട്ട് അപമാനിക്കുക എന്ന് പറയില്ലേ..എന്നെ അല്ല, എന്റെ സുഹൃത്തുക്കളെയാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ പറ്റാത്ത ആള്‍ക്കാരാണെന്ന് അറിയുമ്പോള്‍ ഭയങ്കര സങ്കടം. ഒരിക്കലും ഫൈസലിക്കയുടെ അടുത്ത് നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല.

എനിക്ക് ഒരുപാട് ബഹുമാനവും ഒരുപാട് സ്നേഹവും ഉള്ളൊരു വ്യക്തി തന്നെയാണ് ഫൈസലിക്ക. പക്ഷേ ഫൈസലിക്കയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു കാര്യം വന്നതില്‍ ഒരുപാട് ഒരുപാട് സങ്കടം ഉണ്ട്. ഈ ഒരു പോസ്റ്റ് കണ്ടതോടു കൂടി എല്ലാം പോയി. ഫൈസലിക്കാ, എനിക്ക് മനസ്സിലാകുന്നില്ല, ആദില നൂറ എന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഒരുപാട് കഷ്ടപ്പെട്ട്, ഒരുപാട് സ്ട്രഗിള്‍ ചെയതാണ് അവര്‍ ഈ ഒരു പൊസിഷന്‍ വരെ എത്തിയത്.

നിങ്ങളാണ് അവരെ ക്ഷണിച്ചത്. എന്റടുത്ത് നിന്നാണ് അവരുടെ കോണ്‍ടാക്റ്റ് വാങ്ങി അവരെ കോണ്‍ടാക്റ്റ് ചെയ്തതും കോര്‍ഡിനേറ്റ് ചെയ്ത് ഞങ്ങള്‍ ഒരുമിച്ച് വന്നതും. എന്നിട്ട് എന്തുകൊണ്ടാണ് ഫൈസല്‍ ഇക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. അതായത് സമൂഹത്തില്‍ അംഗീകരിക്കുന്നില്ല, അല്ലെങ്കില്‍ വീട്ടുകാരെ അത്രയും ബുദ്ധിമുട്ടിച്ചു... പിന്നെ അവര്‍ എന്താ ചെയ്യേണ്ടത്. വീട്ടുകാര്‍ അംഗീകരിച്ചില്ല, എന്നും പറഞ്ഞ് അവര്‍ പോയി മരിക്കണോ ?

സ്വന്തം മക്കളെ കൊല്ലാന്‍ പോലും മടിക്കാത്ത വീട്ടുകാരാണ് അവരുടേത്. അപ്പോള്‍ അങ്ങനെയുള്ള വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുക അല്ലാതെ അവിടെ തന്നെ അടിമകളെ പോലെ അവര്‍ പറയുന്നതും അനുസരിച്ച് താല്‍പ്പര്യം ഇല്ലാത്ത കല്യാണവും കഴിച്ച് രണ്ട് പേരുടെയും ജീവിതം തൊലിച്ച് നടക്കണോ..എനിക്കത് മനസ്സിലാകുന്നില്ല.

ഈ ഒരു ഇഷ്യൂ കണ്ടപ്പോള്‍ ഭയങ്കര സങ്കടം ഉണ്ട്. ഫൈസലിക്കയുടെ അടുത്ത് നിന്നും ഇത് ഒട്ടും ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ഇനി നിങ്ങളെ തിരുത്താനോ പറഞ്ഞ് മനസ്സിലാക്കാനോ ഞാന്‍ ആളല്ല. പക്ഷേ മനുഷ്യനെ മനുഷ്യനായി കണ്ടുകഴിഞ്ഞാല്‍ അത്രയും നല്ലത്. അത്രയെ പറയാനുള്ളു.

ഫൈസല്‍ എകെയെ വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരവും ആദില-നൂറയുടെ സുഹൃത്തുക്കളുമായ ദിയ സന രംഗത്ത് വന്നിട്ടുണ്ട്. ദിയ സനയുടെ പ്രതികരണം ഇങ്ങനെ: '' വലിയ വലിയ നന്മകള്‍ ചെയ്യുന്ന മനുഷ്യനല്ലേ.. വിളിച്ചു വരുത്തി നല്ലോണം ട്രീറ്റ് ചെയ്തിട്ട് മതവും കൂട്ടരും കൂടെ ചോദ്യം ഉന്നയിച്ചപ്പോ തള്ളിപ്പറയാന്‍ കാണിച്ച അന്തസ് നല്ലതാണ് ഫൈസല്‍ക.. ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു ഇനിയും അവര്‍ ജീവിക്കും.. അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ അവരുടെ കൂടെ തന്നെയുണ്ട്..''