ന്യൂഡല്‍ഹി: ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യസൂത്രധാരനായ അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി. ഇയാള്‍ ബുധനാഴ്ച ഇന്ത്യയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നയതന്ത്ര വിജയം കൂടിയാണ്. ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളിയും അധോലോക നേതാവുമായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്ണോയി. എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബാ സിദ്ദിഖിയെ (66) നഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനെന്നു കരുതുന്ന ആളാണ് അന്‍മോല്‍.

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിയെ 2024 ഒക്ടോബറില്‍ കൊലപ്പെടുത്തിയ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളാണ് അന്‍മോല്‍. ഇയാളെ നാടുകടത്തിയ വിവരം യുഎസ് അധികൃതര്‍ ബാബ സിദ്ദിഖിയുടെ കുടുംബത്തെ അറിയിച്ചു. ഇ മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കുടുംബം പുറത്തുവിട്ടു.

ബാബാ സിദ്ധിഖി വധത്തിന് പിന്നാലെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ നിരവധി അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അന്‍മോലിന്റെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ മറ്റുകേസുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ നേടിയ റഷ്യന്‍ പാസ്‌പോര്‍ട്ടുമായി കാനഡയില്‍വെച്ച് ഇയാള്‍ നേരത്തെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്‍മോലിനെ കണ്ടെത്തുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് മുംബൈ പോലീസ് അന്‍മോലിന്റെ കൈമാറ്റത്തിനായുള്ള നടപടികള്‍ തുടങ്ങിയത്. അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസില്‍ നിന്ന് നാടുകടത്തിയെന്ന വിവരം ബാബാ സിദ്ദിഖിയുടെ മകനും മുന്‍ എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖി സ്ഥിരീകരിച്ചു. തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഇ-മെയില്‍ ലഭിച്ചിരുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെട്ടു.

നടന്‍ സല്‍മാന്‍ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി 2024 ഒക്ടോബര്‍ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുന്‍ മന്ത്രി കൂടിയായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ മകന്റെ ഓഫിസിനു മുന്നില്‍ നിന്നു കാറില്‍ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി 2024 ജനുവരിയിലാണ് അജിത് പക്ഷത്ത് ചേര്‍ന്നത്. മകന്‍ ഷീസാന്‍ സിദ്ദിഖി എംഎല്‍എയാണ്. ഹരിയാന സ്വദേശി ഗുര്‍മൈല്‍ സിങ് (23), ധര്‍മരാജ് കശ്യപ് (19) എന്നിവരെ സംഭവത്തില്‍ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ നിന്നു രണ്ടു തോക്കുകളും 28 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്കു ഹരിയാനയിലെ ജയിലില്‍ കഴിയവേ പരിചയപ്പെട്ട പ്രതികള്‍ക്ക് ജയിലിലുണ്ടായിരുന്ന ബിഷ്‌ണോയ് സംഘാംഗമാണ് കൊലപാതകത്തിനു 3 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.