- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ജയിച്ചിട്ടും പതിനഞ്ചാം വയസില്‍ ചേട്ടന്‍ വേണ്ടി പഠനം ഉപേക്ഷിച്ചു; ഏഴ് വര്‍ഷത്തിനിടെ മീന്‍ കച്ചവടമടക്കം ചെയ്യാത്ത ജോലികളൊന്നുമില്ല; ഒടുവില്‍ അനിയന് നല്കിയ ആ വാക്ക് പാലിച്ച് ചേട്ടന്‍; എംകോമിന് ഒന്നാം റാങ്കിന്റെ ഇരട്ടി മധുരത്തിനൊപ്പം അസിസ്റ്റന്റ് പ്രൊഫസറായി ജോലിയും; പട്ടാഴിയിലെ സഹോദരങ്ങളുടെ ജീവിതപോരാട്ടം ഇങ്ങനെ
പത്തനാപുരം: പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ജയിച്ചിട്ടും മൂത്ത സഹോദരന്റെ ഉപരിപഠനത്തിന് വേണ്ടി തന്റെ പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ ഇരട്ടി മധുരം സമ്മാനിച്ച് ചേട്ടന്‍. പത്തനാപുരം പട്ടാഴി വടക്കേക്കര മാലൂര്‍ മല്ലശേരില്‍ പടിഞ്ഞാറ്റേതില്‍ മുഹമ്മദ് കനി അഫ്രാരിസാ(24 )ണ് അനുജന്‍ മുഹമ്മദ് കനി സഫ്രാരിസി(22)ന്റെ ആഗ്രഹം പോലെ എം കോമിന് ഉന്നത വിജയം നേടിയത്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ പ്രൈവറ്റായി എം.കോം പഠിച്ച അഫ്രാരിസ് ഒന്നാം റാങ്കോടെയാണ് പാസായത്.
പത്തനാപുരം മാലൂര്‍ കോളേജിന് സമീപം താമസിക്കുന്ന ഷാജിമോന്റെയും ഷീജയുടെയും മക്കളാണ് ഇരുവരും. നിര്‍ധന കുടുംബമാണ് ഇവരുടേത്. വിവിധ രോഗങ്ങളോട് മല്ലിടുന്ന പിതാവ് ഷാജിമോനും കുടുംബവും കടക്കെണിയിലായി, മുന്നോട്ടുള്ള വഴിയറിയാതെ നില്‍ക്കുമ്പോഴാണ് കുടുംബ പ്രാരബ്ധങ്ങള്‍ ഏറ്റെടുത്ത് ഇളയ മകന്‍ സഫ്രാരിസ് പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടും പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങുന്നത്. കല്യാണ ഓഡിറ്റോറിയങ്ങളിലും മറ്റും വിളമ്പാന്‍ പോയായിരുന്നു തുടക്കം. പിന്നീട് മീന്‍ കച്ചവടവും പെയിന്റിങ്ങും മുതല്‍ ഏത് ജോലിയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി.
കുടുംബത്തിന്റെ ആശ്രയമായിരുന്ന ഷാജിക്ക് വാഹനാപകടമുണ്ടായതാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിന് ശേഷം വിവിധ രോഗങ്ങളുടെ ഇരയായ ഷാജിമോന് തുടര്‍ന്ന് ജോലിക്കുപോകാന്‍ കഴിയാതെ വന്നു.തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ഉമ്മയുടെ വരുമാനത്തിലേക്ക് വീട് ചുരുങ്ങി മുന്നോട്ടുള്ള വഴിയറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് ഇളയ മകന്‍ സഫ്രാരിസ് കുടുംബ പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്ത് പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങുന്നത്. പത്താംക്ലാസില്‍ മൂന്ന് എ പ്‌ളസുണ്ടായിരുന്ന സഫ്രാരിസ് രണ്ട് വയസിനു മൂത്ത ജ്യേഷ്ഠന്റെ പഠനം മുടങ്ങുമെന്നായപ്പോള്‍ പതിനഞ്ചാം വയസ്സുമുതല്‍ കൂലിപ്പണിക്കിറങ്ങി.
പഠനത്തില്‍ മിടുക്കനായ ചേട്ടനെ പഠിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നു മനസ്സിലാക്കിയ സഫ്രാരിസ് തടിപ്പണി, ഉത്സവപറമ്പില്‍ കുലുക്കി സര്‍ബത്ത് വില്‍പ്പന എന്നിങ്ങനെ എന്തും ചെയ്യും കുമാരനായി. ഈ ജോലിക്കള്‍ക്കിടയിലും പ്ലസ്ടു പഠനം സഫ്രാരിസ് പൂര്‍ത്തിയാക്കി. എസി മെക്കാനിക്ക് ട്രേഡ് പഠിക്കാന്‍ പോയെങ്കിലും ചേട്ടന്റെ പഠനത്തിനും വീട്ടുചെലവിനും കൂടുതല്‍ പണം കണ്ടെത്തേണ്ടി വന്നതോടെ സഫ്രാരിസ് പഠനം പൂര്‍ണമായി നിര്‍ത്തി.
തന്റെ പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങുമ്പോള്‍ സഫ്രാരിസ് ഒറ്റ കാര്യമേ തന്റെ സഹോദരന്‍ അഫ്രാരിസിനോട് ആവശ്യപ്പെട്ടുള്ളൂ. പഠിച്ച് വലിയൊരാളാകണം. അതിന് എത്ര പണം വേണമെങ്കിലും കണ്ടെത്താം. അന്നു മുതല്‍ പഠനത്തിലായി അഫ്രാരിസിന്റെ ശ്രദ്ധ. ആ യാത്രയില്‍ ജെആര്‍എഫ് ലഭിച്ച അഫ്രാരിസ്, ഇപ്പോള്‍ എംകോമിന് ഒന്നാം റാങ്ക് നേടുകയും ചെയ്തു. ഇനി ഗവേഷണത്തിന് ചേരണമെന്നും തനിക്കുവേണ്ടി അനുജന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നും പറയുന്ന അഫ്രാരിസ് ഇനി അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നുമാണ് പറയുന്നത്. അടുത്ത കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ് അഫ്രാരിസ്.




