- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപോരാട്ടത്തില്‍ സിപിഎമ്മിനെ മലര്‍ത്തിയടിച്ചു; ഇനി ജനവിധി അറിയാന്‍ വൈഷ്ണ മുട്ടടയിലേക്ക്; ബാസ്കറ്റ്ബോളിലും കര്‍ണാടക സംഗീതത്തിലും മികവ് തെളിയിച്ച നിയമ വിദ്യാര്‍ഥിനി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ ഇളമുറക്കാരി ഉടന്‍ പത്രിക നല്‍കും
തിരുവനന്തപുരം: വോട്ട് ചെയ്യാനും സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുമുള്ള അവകാശം നിയമപോരാട്ടത്തിലൂടെ നേടിയെടുത്തതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷ് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയയായിരിക്കുകയാണ്. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഇളമുറക്കാരി മുട്ടടയില്‍ ജനവിധി തേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് നീക്കിയ നടപടി റദ്ദാക്കി. ഇതോടെ വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉടന്‍ പത്രിക നല്‍കും.
തദ്ദേശതെരഞ്ഞെടുപ്പിലെ പ്രചാരണം മുറുകവെ വീറും വാശിയും ഏറ്റവും പ്രകടമായത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥിത്വത്തിനായുള്ള വൈഷ്ണയുടെ നിയമപോരാട്ടമായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ് സ്ഥാനാര്‍ത്ഥിയെന്ന് പേരിലായിരുന്നു വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധിക്കപ്പെട്ടതെങ്കില്‍, വോട്ടു ചെയ്യാനും സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നിയമപോരാട്ടമായി പിന്നെ ശ്രദ്ധാകേന്ദ്രം. ഒടുവില്‍ ഹൈ്‌ക്കോടതിയുടെ ഇടപെടല്‍ നിര്‍ണായകമായി.
മുട്ടടയിലെ യുവ സ്ഥാനാര്‍ത്ഥി വൈഷ്ണയെ ജനം സ്വീകരിച്ചുയെന്ന പ്രതീതി നില്‍നില്‍ക്കെയാണ് സിപിഎമ്മിന്റെ പരാതി എത്തുന്നതും, തുടര്‍ന്ന് വോട്ട് നീക്കം ചെയ്യുന്നതുമെല്ലാം. ഇതിനെതിരെ നിയമപോരാട്ടം നടത്തിയപ്പോള്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം മലയാളികളുടെ മുഴുവന്‍ ശ്രദ്ധ നേടുന്നതിലേക്ക് വളര്‍ന്നു. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങളും കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നവയുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം നടത്തിയ നീക്കങ്ങള്‍ വൈഷ്ണക്ക് തന്നെ അനുകൂലമായി മാറുന്നതാണ് കണ്ടത്.
ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവമായ 24 വയസ്സുകാരി വൈഷ്ണ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ നിന്നാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂര്‍ക്കട ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു.
തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പഴ്‌സന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെഎസ്യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്‌കറ്റ്‌ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയുമാണ്. സുരേഷ് കുമാര്‍, ലെളി സുരേഷ് എന്നിവരാണ് മാതാപിതാക്കള്‍.
നിയമപോരാട്ടം ജയിച്ചു, ഇനി ജനവിധി...
വോട്ടര്‍ പട്ടികയില്‍ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു ചെറുപ്പക്കാരി മത്സരിക്കാന്‍ തയാറായി എത്തുമ്പോള്‍ ഇത്തരത്തിലാണോ പെരുമാറേണ്ടത്. അത് അനീതിയാണ്. സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് 24 കാരിയുടെ വോട്ടവകാശം തടയരുതെന്നും കോടതി പറഞ്ഞിരുന്നു.
സാങ്കേതികത്തിന്റെ പേരില്‍ 24 വയസുളള പെണ്‍കുട്ടിയ്ക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിനകം വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോടതിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഉത്തരവ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ആ നാടകം പൊളിഞ്ഞു
തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായത്. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ മത്സരിക്കാന്‍ കഴിയൂ. ഇതോടെ സ്ഥാനാര്‍ഥിയെ മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പട്ടികയില്‍നിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കമ്മിഷന് നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയെ കമ്മിഷന്‍ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചെങ്കിലും അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു.




