ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേര്‍ ബോംബായി മാറി 13 പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഉമര്‍നബി മുമ്പും തീവ്രനിലപാടുള്ളയാളെന്ന് ഒപ്പം ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ഉമര്‍നബി തട്ടമിടാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ജമ്മു കശ്മീരിലെ അനന്ത്നാഗിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തുതന്നെ മതപരമായ കാര്യങ്ങളില്‍ കടുത്ത കാഴ്ച്ചപ്പാടുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തുന്ന വനിതാ രോഗികളോട് എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തതെന്നും, തല ശരിയായി മൂടാത്തതെന്തെന്നും ചോദിക്കാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

തന്റെ ചിന്താഗതിയ്ക്കപ്പുറത്തുള്ള നീക്കങ്ങളേയും നിലപാടുകളേയും ഉമര്‍നബി കടുത്ത തോതില്‍ വിമര്‍ശിച്ചിരുന്നു. ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചിരുത്തണമെന്ന് നിര്‍ബന്ധം പറയുന്ന ആളായിരുന്നു ഉമര്‍. രോഗികളോട് രോഗത്തേക്കാളേറെ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പരാതി ഉയരുകയും മാനേജ്‌മെന്റ് ഇയാളെ പുറത്താക്കുകയും ചെയ്‌തെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. പിന്നീടാണ് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വ്വകലാശാലയില്‍ ഉമര്‍ നബി അസിസ്റ്റന്റ് പ്രൊഫസറായി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ ചാവേറായി മാറിയ ഉമര്‍ നബി റെക്കോര്‍ഡ് ചെയ്ത എല്ലാ വിഡിയോയും മെറ്റയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

അതേ സമയം 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരകളിലും 2007-ലെ ഗൊരഖ്പുര്‍ സ്‌ഫോടനക്കേസിലും പ്രതിയായ മിര്‍സ ഷദാബ് ബെയ്ഗ്, അല്‍ ഫലാഹ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മിര്‍സ ഷദാബ് ബെയ്ഗ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് ബിടെക് പൂര്‍ത്തിയാക്കിയത്. ഇക്കാര്യം കണ്ടെത്തിയതിനു പിന്നാലെ, ഭീകരരുടെ പട്ടികയില്‍ ഇയാളുടെ പേരും അന്വേഷണസംഘം ചേര്‍ത്ത് പരിശോധന വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ഫലാഹ് സര്‍വകലാശാലയുടെ സാമ്പത്തികഭരണപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

അഹമ്മദാബാദ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിര്‍സ ഷദാബ് ബെയ്ഗിന്റെ അല്‍ ഫലാഹ് ബന്ധം അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനത്തിനു പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് മറ്റൊരു പ്രതിയുടെ വിവരം കൂടി അന്വേഷണസംഘത്തിന്റെ പരിധിയില്‍ എത്തുന്നത്. എന്നാല്‍, ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് എന്ത് എന്നതോ മറ്റു വിവരങ്ങളോ ഔദ്യോഗികമായി അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

അസംഗഢ് ജില്ലയിലെ ബരിദി കാല്‍ഗഞ്ച് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് മിര്‍സ ഷദാബ് ബെയ്ഗ്. 2007-ലാണ് ഇയാള്‍ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിന് ചേരുന്നത്. ഇയാള്‍ രാജ്യത്തുടനീളം അഞ്ചോളം സ്‌ഫോടനങ്ങള്‍ നടത്തിയതായാണ് ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ഇയാള്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയില്‍ ജോലിചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന പത്തുപേരെ കാണാനില്ലെന്നാണ് വിവരം. പത്തുപേരുടെയും മൊബൈല്‍ ഫോണുകള്‍ സിച്ച്ഓഫാണ്. ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നിഗമനം.

പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ്, ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ 'സദാപേ' എന്ന വാലറ്റ് ആപ്പിലൂടെ 20,000 പാക് രൂപവീതം സംഭാവന ആവശ്യപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി. ഉമര്‍ നബിയുടേതടക്കം ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്. ചാവേറാക്രമണത്തെ മതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തിയായി ഉമര്‍ വീഡിയോ ചെയ്ത് ഫോണില്‍ സൂക്ഷിച്ചതിനു പുറമേ ഇത് 11 വ്യക്തികള്‍ക്ക് അയച്ചതായും സ്ഥിരീകരിച്ചു. ചാവേറാക്രമണവും ഭീകരാക്രമണവും വിഷയമായ എഴുപതിലധികം വീഡിയോകള്‍ ഉമറിന്റെ ഫോണില്‍നിന്ന് ഫൊറന്‍സിക് സംഘം വേര്‍തിരിച്ചതായാണ് വിവരം.