തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി.

ആറന്‍മുളയിലെ വീട്ടില്‍ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നല്‍കിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാന്‍ പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ പി ശങ്കരദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തില്‍ ഉണ്ടായിരുന്ന 'സ്വര്‍ണം പൂശിയ' എന്ന പരാമര്‍ശം ഒഴിവാക്കി ദേവസ്വം കമ്മിഷണര്‍ എന്‍.വാസു നല്‍കിയ ശുപാര്‍ശ ദേവസ്വം ബോര്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എന്‍.വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കിയിരുന്നത്. ഡിസംബര്‍ 3ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പ് പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.

പത്മകുമാറിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ നോട്ടിസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ നേരത്തേ അറസ്റ്റിലായ എന്‍. വാസുവിനെ വ്യാഴാഴ്ച വൈകീട്ട് നാലുമണി വരെ എസ്ഐടിയുടെ കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകുന്നതെന്ന് എസ്‌ഐടി വൃത്തങ്ങള്‍ പറയുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.

സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.