ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച ഫ്‌ലോര്‍ മില്‍ അന്വേഷണ സംഘം കണ്ടെടുത്തു. യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഫ്‌ലോര്‍ മില്‍ ആണ് കണ്ടെത്തിയത്. ഡോ. മുസാമിലിന്റ സുഹൃത്തായ കാര്‍ ഡ്രൈവറുടെ വീട്ടില്‍ നിന്നാണ് ഫ്‌ലോര്‍ മില്‍ കണ്ടെത്തിയത്. ഫ്‌ലോര്‍ മില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മുസമ്മില്‍, ഫരീദാബാദിലെ ധോജ് ഗ്രാമത്തിലുള്ള ഒരു വീടിനുള്ളില്‍ നിന്നുമാണ് ഫ്‌ലോര്‍ മില്‍ കണ്ടെടുത്തത്. രാസവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള വര്‍ക്ക്ഷോപ്പാക്കി ഇത് മാറ്റിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ ഭീകരതയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

ധാന്യങ്ങള്‍ പൊടിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്‌ലോര്‍ മില്‍ എങ്കിലും ഖര രൂപത്തിലുള്ള രാസ സംയുക്തങ്ങളെ നേര്‍ത്ത പൊടിയാക്കി മാറ്റാനും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഈ പൊടി പിന്നീട് സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള രാസപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനാണ് മുസമ്മില്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് വിവരം.

ഹരിയാനയിലെ ഫരീദാബാദിലെ വാടക വീട്ടില്‍ ഇയാള്‍ മെഷീന്‍ സ്ഥാപിച്ചിരുന്നുവെന്നും മാസങ്ങളോളം അവിടെ ബോംബ് നിര്‍മ്മാണ രാസവസ്തുക്കള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നുവെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഡല്‍ഹി, ജമ്മു കശ്മീര്‍ പൊലീസ് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡി) നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഒരു ഹാന്‍ഡ്ലര്‍ ഷക്കീലുമായി ബോംബ് നിര്‍മ്മാണ വീഡിയോകള്‍ പങ്കിട്ടതായി അവകാശപ്പെടുന്ന എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

മുസമ്മില്‍ ഗനായിയുടെയും ഉമറിന്റെയും അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഡയറിക്കുറിപ്പുകളും നോട്ട്ബുക്കുകളും ഇവര്‍ ഒന്നിലധികം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന നല്‍കുന്നു. കോഡുഭാഷയിലുള്ള പരാമര്‍ശങ്ങളും, പേരുകളും, നമ്പറുകളും, 'ഓപ്പറേഷന്‍' എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗവും ഇവര്‍ ഒന്നിലധികം ആക്രമണങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ട്ബുക്കുകളിലും ഡയറികളിലും നവംബര്‍ 8 മുതല്‍ 12 വരെയുള്ള തീയതികളും കോഡുഭാഷയിലുള്ള പരാമര്‍ശങ്ങളും പേരുകളും നമ്പറുകളും ഉണ്ടായിരുന്നു. ഡയറികളില്‍ 2530 ആളുകളുടെ പേരുകളും കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കശ്മീരില്‍ നിന്നുള്ളവരും ഫരീദാബാദില്‍ നിന്നുള്ളവരും ആയിരുന്നു. ഡോക്ടര്‍ മൊഡ്യൂള്‍ സംഘത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ഒരു പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വഴി ഹന്‍സുല്ല ഷക്കീലുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡോക്ടര്‍മാരെ തീവ്രവാദികളാക്കുകയും അവരെ ''വൈറ്റ് കോളര്‍'' ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി അഹമ്മദ് ആരോപിച്ചു.