- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെവിടെയുള്ള സ്വത്തുക്കള്‍ക്കും നികുതി ഏര്‍പ്പെടുത്തി ബ്രിട്ടന്‍; അതിസമ്പന്നര്‍ നാട് വിടുന്നു; ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തി ബ്രിട്ടനില്‍ താമസം ഉറപ്പിച്ച ലക്ഷ്മി മിത്തല്‍ ദുബായിലേക്ക് താമസം മാറ്റി; നികുതി എന്റിറ്റി സ്വിറ്റ്സര്‍ലാന്‍ഡില്‍; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം
ലണ്ടന്‍: ശതകോടീശ്വരനും ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സായിരുന്നവരില്‍ ഒരാളുമായ ലക്ഷ്മി മിട്ടല്‍ ബ്രിട്ടന്‍ വിടുകയാണ്. റെയ്ച്ചല്‍ റീവ്‌സിന്റെ, സമ്പന്നര്‍ക്ക് മേല്‍ നടത്തുന്ന നികുതിവേട്ടയാണ് കാരണം. തന്റെ ഭാവി ജീവിതത്തില്‍ ഏറെയും ദുബായില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജനായ ഈ വ്യവസായി നികുതി ആവശ്യങ്ങള്‍ക്കായി സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് വസതിയായി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍ഹെരിറ്റന്‍സ് ടാക്സ് നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് മിട്ടലിനെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പുതിയ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി മിട്ടലിന്റെ വിദേശങ്ങളില്‍ ഉള്ള സ്വത്തുക്കള്‍ക്ക് മേല്‍ കൂടി ലെവി ചുമത്തപ്പെടുമെന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നാണ് കുടുംബവുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ദുബായിയിലെ എമിരേറ്റ്‌സ് ഹില്ലില്‍ ഇതിനോടകം തന്നെ മിട്ടല്‍ 152,7 മില്യന്‍ പൗണ്ടിന്റെ ഒരു ആഡംബര സൗധം സ്വന്തമാക്കി എന്നാണ് ചില റിപ്പോര്‍ട്ടുകല്‍ പറയുന്നത്. മിഡില്‍ ഈസ്റ്റിലെ ബേവര്‍ലി ഹില്‍സ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
റിവോള്‍ട്ട് ഉടമ നിക്കോളയ് സ്റ്റോറോന്‍സ്‌കി, ആസ്റ്റണ്‍ വില്ല എഫ് സിയുടെ സഹ ഉടമയും ഈജിപ്ഷ്യന്‍ വംശജനുമായ നസ്സെഫ് സവിരിസ് എന്നീ നിരവധി ശതകോടീശ്വരന്മാര്‍ ഇതിനോടകം തന്നെ ബ്രിട്ടനില്‍ നിന്നും താമസം മാറ്റിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേ ആളാണ് ലക്ഷ്മി മിട്ടല്‍. യു കെയിലെ ഏഴാമത്തെ വലിയ സമ്പന്നനായ മിട്ടലിന്റെ കുടുംബത്തിന്‍- മൊത്തം 14.9 ബില്യന്‍ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
വിദേശങ്ങളില്‍ നിന്നെത്തി ബ്രിട്ടനില്‍ താമസമാക്കിയ പല സമ്പന്നര്‍ക്കും മനസ്സിലാകാത്ത കാര്യമാണ്, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള തങ്ങളുടെ സ്വത്തുക്കള്‍ക്ക് എന്തിനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നികുതി ചുമത്തുന്നത് എന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മനംമടുത്ത് രാജ്യം വിടുകയല്ലാതെ ഇവര്‍ക്ക് മുന്‍പില്‍ മറ്റൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ല എന്നതാണ് വാസ്തവം.




