- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് പോയതിന്റെ പേരില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഭീഷണി; പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
പത്തനംതിട്ട: ശബരിമല ഡ്യൂട്ടി ചോദിച്ച് വാങ്ങി പോയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഓ നിഷാന്ത് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവല്ല സ്റ്റേഷനിലെ എസ്.സി.പി.ഓ പുഷ്പദാസിനെയാണ് ഭീഷണിപ്പെടുത്തിയത്.
നിഷാന്തിനെതിരേയുള്ള തുടര്‍ച്ചയായ രണ്ടാമത്തെ നടപടിയാണിത്. തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ എസ് സി പി ഓ ആയിരുന്ന നിഷാന്തിനെ ഗുണ്ടാ ബന്ധത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ കഴിഞ്ഞ മാസമാണ് ചിറ്റാര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. അസോസിയേഷന്‍ അറിയാതെ ശബരിമല ഡ്യൂട്ടി പുഷ്പദാസ് സംഘടിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു നിഷാന്തിന്റെ ഭീഷണി. ഇതു സംബന്ധിച്ച ശബ്ദരേഖ വെളിയില്‍ വന്നതാണ് നിഷാന്തിന് കുരുക്കായത്. ഇതു സംബന്ധിച്ച് എസ്.പി ആര്‍. ആനന്ദ് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
നിങ്ങള്‍ അസോസിയേഷനെ വെല്ലുവിളിച്ച് ശബരിമലയില്‍ പോകുമല്ലേ എന്ന് ചോദിച്ചായിരുന്നു നിഷാന്തിന്റെ സംഭാഷണം. ജനുവരി 21 വരെ മാത്രമേ ശബരിമല ഡ്യൂട്ടിയുള്ളൂ. നിങ്ങള്‍ അത് മനസിലാക്കണം. അതു കഴിയുമ്പോള്‍ നിങ്ങള്‍ തിരുവല്ലയില്‍ വരും. ഈ വോയ്സ് വച്ച് നിങ്ങള്‍ പരാതി കൊടുക്കണം. നിങ്ങള്‍ ഒരു സംഘടനയെ ആണ് വെല്ലുവിളിക്കുന്നത്. ജനുവരി 21 ന് ശേഷം നേരിട്ടു കാണാം.-എന്നിങ്ങനെയായിരുന്നു നിഷാന്തിന്റെ ഭീഷണി. ശബരിമല ഡ്യൂട്ടി നിശ്ചയിക്കുന്നത് എസ്.പിയായിരിക്കേ നിഷാന്ത് താനാണ് ഡ്യൂട്ടിയിടുന്നത് എന്ന രീതിയില്‍ സംശയിച്ചതാണ് വിനയായത്.
നിഷാന്തിനെതിരേ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗുണ്ടാബന്ധം. പീച്ചി സ്വര്‍ണ കവര്‍ച്ച കേസില്‍ ഒന്നാം പ്രതി തിരുവല്ല സ്വദേശി റോഷന്‍, 10-ാം പ്രതി കിരണ്‍ എന്നിവരുമായി നിഷാന്തിന് അടുത്ത ബന്ധമുളളതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം നിഷാന്ത് ഒരുക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, അസോസിയേഷനുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഇയാള്‍ക്കെതിരേ ഒരു നടപടിയും വന്നില്ലെന്ന് മാത്രമല്ല, തിരുവല്ല സ്റ്റേഷനില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിഷാന്ത് പി. ചന്ദ്രന്‍ പ്രതിയായിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിജോ ചെറിയാനെയും മറ്റും കോവിഡ് സമയത്ത് മര്‍ദിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. കോടതിയില്‍ വിചാരണ തുടരുന്ന കേസ് അട്ടിമറിക്കാന്‍ നിഷാന്തിന് എളുപ്പം കഴിയുമെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് അടക്കമുള്ള പ്രവൃത്തികള്‍ ഇയാള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് വാദിഭാഗം ഭയക്കുന്നത്.
അസോസിയേഷന്‍ നേതാവ് എന്ന നിലയില്‍ കേസുകളില്‍ വഴിവിട്ട് ഇടപെടുന്നതായും നിഷാന്തിനെതിരേ പരാതിയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന സുഹൃത്തുക്കളെ ഇറക്കി വിടുന്നതിനും മറ്റും വേണ്ടി ഇയാള്‍ സ്റ്റേഷനുകളില്‍ വിളിച്ച് സ്വാധീനം ചെലുത്താറുണ്ടെന്നും പറയുന്നു. അസോസിയേഷന്‍ നേതാവ് ആയതിനാല്‍ അച്ചടക്ക നടപടിയൊന്നും ബാധകമല്ല എന്നാണ് പോലീസില്‍ നിന്ന് തന്നെയുളള ആക്ഷേപം. ആരോപണങ്ങള്‍ രൂക്ഷമായപ്പോഴാണ് ഇയാളെ ചിറ്റാര്‍ സ്റ്റേഷനിലേക്ക് എസ്.പി സ്ഥലം മാറ്റിയത്.




