മുംബൈ: വിവാഹ ദിനത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് ശ്രീനിവാസിനെയും അണുബാധയേറ്റ് ഭാവി വരനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും ഡീലിറ്റ് ചെയ്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹവുമായും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്മൃതി ഡീലിറ്റ് ചെയ്തത്.

പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സ്മൃതി ഡീലിറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്. അതേസമയം, പലാഷ് മുച്ചലിന്റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയശേഷം വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്ന സ്മൃതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇന്നലെയായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസിനെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെച്ചിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്രീനിവാസിന് ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പലാഷ് മുച്ചലിനെയും അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈറല്‍ അണുബാധയും ദഹനപ്രശ്‌നങ്ങളെയും തുടര്‍ന്നാണ് മുച്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുച്ചല്‍ പിന്നീട് ആശുപത്രി വിട്ടിരുന്നു.

പലാഷ് മുച്ചല്‍ മുംബൈയില്‍ തിരിച്ചെത്തി വിശ്രമിക്കുകയാണെന്നും സുഖം പ്രാപിച്ചുവരുന്നതായും പലഷിന്റെ അമ്മ അമിത മുച്ചല്‍ സ്ഥിരീകരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തിലാണ് മകന്റെ ആരോഗ്യ വിവരമടക്കം അമ്മ അമിത വിശദീകരിച്ചത്. പലഷിന് സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയുമായി വലിയ അടുപ്പമുണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിന് അസുഖം വന്ന വാര്‍ത്ത പലഷിനെ ഞെട്ടിക്കുകയും വിവാഹം മാറ്റിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് അമ്മ പറയുന്നു.

സ്മൃതിയേക്കാള്‍ ഇരുവരും അടുപ്പത്തിലാണ്. അദ്ദേഹത്തിന് അസുഖം വന്നപ്പോള്‍, സ്മൃതിയെക്കാള്‍ മുന്‍പ് അങ്കിള്‍ സുഖം പ്രാപിക്കുന്നതുവരെ ഫെരെ (വിവാഹ ചടങ്ങുകള്‍) നടത്തേണ്ടെന്ന് പലഷ് തീരുമാനിക്കുകയായിരുന്നു,' അവര്‍ പറഞ്ഞു.

ശ്രീനിവാസ് മന്ദാനയുടെ അസുഖം കാരണം കരച്ചിലടക്കാന്‍ കഴിയാതിരുന്ന പലഷിനെ അത് എങ്ങനെ ബാധിച്ചുവെന്ന് അമിത പങ്കുവെച്ചു: 'ഹല്‍ദി കഴിഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ അവനെ പുറത്തുപോകാന്‍ അനുവദിച്ചില്ല. കരഞ്ഞ് കരഞ്ഞ് പെട്ടെന്ന് അവന് തീരെ വയ്യാതായി. 4 മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തേണ്ടി വന്നു. ഐ.വി. ഡ്രിപ്പ് നല്‍കി, ഇസിജിയും മറ്റ് ടെസ്റ്റുകളും ചെയ്തു. എല്ലാം സാധാരണമായിരുന്നു, പക്ഷേ അവന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു

പലഷ് മുംബൈയില്‍ തിരിച്ചെത്തി സുഖം പ്രാപിക്കുകയാണെന്ന് അമിത പങ്കുവെച്ചു. 'ഞങ്ങള്‍ പലഷിനെ ഇപ്പോള്‍ മുംബൈയിലേക്ക് തിരിച്ചെത്തിച്ചു. അവന്‍ സുഖം പ്രാപിക്കുകയും ഇപ്പോള്‍ വിശ്രമിക്കുകയും ചെയ്യുന്നു... പക്ഷേ സമ്മര്‍ദ്ദമുണ്ട്... അവന്റെ സഹോദരി പാലകും സംഗ്ലി വിട്ട് അവനോടൊപ്പം ചേരാന്‍ വരുന്നുണ്ട്,' അവര്‍ പറഞ്ഞു.