വെനീസ്/റോം: പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിനും 'എക്സ്റ്റിന്‍ഷന്‍ റിബലിയന്‍' പ്രവര്‍ത്തകര്‍ക്കും ഇറ്റലിയിലെ വെനീസില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി. നഗരത്തിലെ പ്രധാന കനാലായ ഗ്രാന്‍ഡ് കനാലില്‍ പച്ച ചായം കലക്കി പ്രതിഷേധിച്ചതിനാണ് നടപടി.

22 വയസ്സുള്ള ഗ്രെറ്റ തന്‍ബെര്‍ഗിന് 150 യൂറോ (ഏകദേശം 130 പൗണ്ട്) പിഴ ചുമത്തുകയും നഗരത്തില്‍ പ്രവേശിക്കുന്നതില്‍ 48 മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഗ്രെറ്റ ഉള്‍പ്പെടെ 35 പ്രവര്‍ത്തകര്‍ക്കാണ് ഒരേ പിഴയും വിലക്കും ലഭിച്ചത്.

ഫോസില്‍ ഇന്ധനത്തിനെതിരെ പ്രതിഷേധം

ബ്രസീലില്‍ സമാപിച്ച കോപ് 30 യു.എന്‍. കാലാവസ്ഥാ സമ്മേളനത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതില്‍ രാജ്യങ്ങള്‍ ധാരണയിലെത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നത്.

ഗ്രാന്‍ഡ് കനാലില്‍ പ്രവര്‍ത്തകര്‍ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പച്ച ചായം കലര്‍ത്തി വെള്ളത്തിന് നിറം മാറ്റുകയും റിയാള്‍ട്ടോ പാലത്തില്‍ 'പരിസ്ഥിതി നശീകരണം നിര്‍ത്തുക' (Stop Ecocide) എന്നെഴുതിയ ബാനര്‍ തൂക്കുകയും ചെയ്തു. ബൊളോണിയ, ജെനോവ, മിലാന്‍, പദുവ, പലേര്‍മോ, ട്രീസ്റ്റെ, ടൂറിന്‍, ടാരന്റോ തുടങ്ങി ഇറ്റലിയിലെ 10 നഗരങ്ങളിലെ നദികള്‍, കനാലുകള്‍, ജലധാരകള്‍ എന്നിവിടങ്ങളിലും എക്സ്റ്റിന്‍ഷന്‍ റിബലിയന്‍ പ്രവര്‍ത്തകര്‍ സമാനമായ പ്രതിഷേധങ്ങള്‍ നടത്തി.

വെനീസ് ഗവര്‍ണര്‍ ലൂക്കാ സൈയ ഈ നടപടിയെ അപലപിച്ചു. 'നഗരത്തോടും അതിന്റെ ചരിത്രത്തോടും കാണിച്ച അനാദരവാണിത്. പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനേക്കാള്‍ സ്വന്തം പ്രചാരണം ലക്ഷ്യമിടുന്നവര്‍ക്കൊപ്പം ഗ്രെറ്റ ചേര്‍ന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു,' അദ്ദേഹം പറഞ്ഞു.

ഇറ്റലിക്കെതിരെ വിമര്‍ശനം

കാലാവസ്ഥാ ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തടഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലിയെന്നും എക്സ്റ്റിന്‍ഷന്‍ റിബലിയന്‍ ആരോപിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ആവശ്യപ്പെട്ടുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം എണ്ണ ഉത്പാദക രാജ്യങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അന്തിമ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇസ്രായേലില്‍ തടവിലായ അനുഭവം

നേരത്തെ, ഗസ്സയിലേക്ക് സഹായം എത്തിക്കാനുള്ള 'ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില'യില്‍ പങ്കെടുത്തതിന് ഇസ്രായേല്‍ സൈന്യം പിടികൂടി തടവിലാക്കിയപ്പോള്‍ താന്‍ പീഡനത്തിന് ഇരയായതായി ഗ്രെറ്റ തന്‍ബെര്‍ഗ് ആരോപിച്ചിരുന്നു. 'തന്നെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു' എന്നും, തടവില്‍ ശുദ്ധജലം ലഭിച്ചില്ലെന്നും, ചില തടവുകാര്‍ക്ക് മരുന്നുകള്‍ നിഷേധിക്കപ്പെട്ടുവെന്നും ഗ്രെറ്റ പറഞ്ഞിരുന്നു.

നെഗേവ് മരുഭൂമിയിലെ കെറ്റ്സിയോട്ട് ജയിലില്‍ അഞ്ച് ദിവസമാണ് ഗ്രെറ്റയെ തടവിലിട്ടത്. പ്രാണികളുള്ള സെല്ലുകളില്‍ തടവിലിട്ടെന്നും, കാവല്‍ക്കാര്‍ പരിഹസിക്കുകയും സെല്‍ഫിയെടുത്ത ശേഷം തന്റെ സ്യൂട്ട്‌കേസില്‍ വൃത്തികെട്ട വാക്കുകള്‍ എഴുതുകയും ചെയ്‌തെന്നും അവര്‍ ആരോപിച്ചിരുന്നു. തന്നെ മര്‍ദിച്ചതായും കൈകള്‍ കേബിളുകള്‍ കൊണ്ട് ബന്ധിച്ചതായും അവര്‍ വെളിപ്പെടുത്തി.

ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വന്തം ദുരിതത്തിന് പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് കരുതിയാണ് നേരത്തെ ഈ വിവരങ്ങള്‍ പങ്കുവെക്കാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം നിരസിച്ചിട്ടുണ്ട്.

ഹേഗില്‍ അറസ്റ്റ്

ഫോസില്‍ ഇന്ധന സബ്സിഡിക്കെതിരെ പ്രതിഷേധിച്ചതിന് ഗ്രെറ്റ തന്‍ബെര്‍ഗിനെ കഴിഞ്ഞ ഏപ്രിലില്‍ നെതര്‍ലാന്‍ഡ്സിലെ ഹേഗില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എ12 ഹൈവേ ഉപരോധിക്കാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രവര്‍ത്തകരെ തടയുന്നതിനിടെയായിരുന്നു അറസ്റ്റ്.