- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയന്‍ സെനറ്റില്‍ നാടകീയ രംഗങ്ങള്‍; വലതുപക്ഷ നേതാവ് പൗളിന്‍ ഹാന്‍സണ്‍ ബുര്‍ഖ ധരിച്ചെത്തി; പൗളിന്റെ ശ്രമം ബുര്‍ഖ നിരോധിക്കാനുള്ള ബില്‍ അവതരണത്തിന്റെ ഭാഗമായി; വംശീയമെന്ന് വിമര്‍ശനം; സഭ നിര്‍ത്തിവെച്ചു; 'വണ്‍ നേഷന്‍' പാര്‍ട്ടി നേതാവിന് സസ്പെന്ഷന്
ഓസ്ട്രേലിയന്‍ സെനറ്റില്‍ നാടകീയ രംഗങ്ങള്‍
കാന്‍ബെറ: ഓസ്ട്രേലിയന്‍ സെനറ്റ് ചേംബറില്‍ വലതുപക്ഷ 'വണ്‍ നേഷന്‍' പാര്‍ട്ടി നേതാവ് പൗളിന്‍ ഹാന്‍സണ്‍ ബുര്‍ഖ ധരിച്ചെത്തിയത് വന്‍ പ്രതിഷേധത്തിനും ബഹളത്തിനും കാരണമായി. രാജ്യത്ത് മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന ബില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 71-കാരിയായ ഹാന്‍സണ്‍ ബുര്‍ഖ ധരിച്ച് സെനറ്റിലെത്തിയത്.
ബില്‍ അവതരിപ്പിക്കാന്‍ മറ്റ് സെനറ്റ് അംഗങ്ങള്‍ അനുവദിക്കാതെ വന്നതോടെ, കറുത്ത ബുര്‍ഖയും മുട്ടിന് മുകളില്‍ കയറിയ പൂക്കളുള്ള വസ്ത്രവും ധരിച്ചാണ് ഹാന്‍സണ്‍ തിരിച്ചെത്തിയത്. ഹാന്‍സന്റെ ഈ പ്രവൃത്തിയെ സഹ സെനറ്റര്‍മാര്‍ 'വംശീയം' എന്ന് വിശേഷിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു.
പ്രതിഷേധം രൂക്ഷം, സഭ നിര്‍ത്തിവെച്ചു
ബുര്‍ഖ നീക്കം ചെയ്യാന്‍ ഹാന്‍സണ്‍ വിസമ്മതിച്ചതോടെ സെനറ്റില്‍ വലിയ ബഹളമുണ്ടാവുകയും സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ഹാന്‍സണ്‍ ഇതേ പ്രതിഷേധം നടത്തുന്നത്. 2017-ലും അവര്‍ ബുര്‍ഖ ധരിച്ച് സഭയിലെത്തിയിരുന്നു. ഈ വസ്ത്രം സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് പ്രതിഷേധം.
ഗ്രീന്‍ സെനറ്റര്‍ മെഹ്രീന്‍ ഫാറൂഖി ഹാന്‍സന്റെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ചു: 'ഇത് ഒരു വംശീയ സെനറ്റര്‍ പ്രകടമാക്കുന്ന വംശീയതയും ഇസ്ലാം വിദ്വേഷവുമാണ്. ഇത് ചോദ്യം ചെയ്യാന്‍ അധ്യക്ഷസ്ഥാനത്തിരിക്കുന്ന താങ്കള്‍ക്ക് ബാധ്യതയുണ്ട്,' ഫാറൂഖി പറഞ്ഞു.
ഹിജാബ് ധരിക്കുന്ന സ്വതന്ത്ര സെനറ്റര്‍ ഫാത്തിമ പയ്മാന്‍ വിഷയത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ചു: 'അവര്‍ ഒരു മതത്തെയും, ഓസ്‌ട്രേലിയയിലെ മുസ്ലീങ്ങളെയും അപമാനിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. തുടര്‍ നടപടികളിലേക്ക് കടക്കുന്നതിനുമുമ്പ് ഇത് ഉടന്‍ പരിഹരിക്കണം,' പയ്മാന്‍ ആവശ്യപ്പെട്ടു.
'മാന്യത കാണിക്കണം' - പെന്നി വോങ്
വിദേശകാര്യ മന്ത്രി പെന്നി വോങ് വിമര്‍ശനവുമായി രംഗത്തെത്തി. സഭയില്‍ മാന്യതയും മര്യാദയും കാണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 'ഈ സഭയില്‍ വരുന്ന എല്ലാവര്‍ക്കും വലിയ പദവിയുണ്ട്. എല്ലാ മതക്കാരെയും എല്ലാ പശ്ചാത്തലത്തിലുള്ളവരെയും നാം പ്രതിനിധീകരിക്കുന്നു. അത് മാന്യമായി ചെയ്യണം,' വോങ് പറഞ്ഞു.
ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍, 'അനുയോജ്യമായ' വസ്ത്രം ധരിച്ച് തിരിച്ചെത്താന്‍ സെനറ്റര്‍മാര്‍ വോട്ടെടുപ്പിലൂടെ ഹാന്‍സനോട് ആവശ്യപ്പെടുകയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഇതോടെ ഹാന്‍സന്റെ ബില്ലിനെക്കുറിച്ച് സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ അവസരം ലഭിച്ചില്ല.
ബുര്‍ഖ നിരോധിക്കും വരെ ധരിക്കും: ഹാന്‍സണ്‍
സംഭവത്തിന് ശേഷം ഹാന്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. 'ബുര്‍ഖ നിരോധിക്കുന്നത് വരെ താന്‍ ഇത് ധരിക്കുന്നത് തുടരും,' അവര്‍ പറഞ്ഞു.
'ഇന്ന്, പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും മറ്റ് മുഖാവരണങ്ങളും നിരോധിക്കാനുള്ള എന്റെ ബില്‍ സെനറ്റ് തടഞ്ഞു. 24 രാജ്യങ്ങള്‍ (ഇസ്ലാമിക രാജ്യങ്ങള്‍ ഉള്‍പ്പെടെ) നിരോധിച്ചിട്ടും, നമ്മുടെ പാര്‍ലമെന്റിലെ കപടന്‍മാര്‍ എന്റെ ബില്‍ നിരസിച്ചു.' 'അതുകൊണ്ട്, പാര്‍ലമെന്റ് ഇത് നിരോധിക്കുന്നില്ലെങ്കില്‍, നമ്മുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഈ അടിച്ചമര്‍ത്തുന്ന, തീവ്രവാദപരമായ, ശിരോവസ്ത്രം ഞാന്‍ സെനറ്റില്‍് പ്രദര്‍ശിപ്പിക്കും,' ഹാന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
ഹാന്‍സന്റെ പ്രവൃത്തിയെ ഗ്രീന്‍സ് നേതാവ് ലാരിസ വാട്ടേഴ്സ് 'അതിക്രമം' (abomination) എന്ന് വിശേഷിപ്പിച്ചു. 'ഹാന്‍സന്റെ പ്രകടനം ആരുടെയും വാടക കുറയ്ക്കുകയോ, പലചരക്ക് ബില്ലുകള്‍ കുറയ്ക്കുകയോ ചെയ്യുന്നില്ല. ഈ രാജ്യത്തെ ചില വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം കുറഞ്ഞതായി തോന്നാന്‍ മാത്രമേ ഇത് സഹായിക്കൂ,' വാട്ടേഴ്സ് പറഞ്ഞു.




