ന്യൂഡല്‍ഹി: മേക്കേദാട്ടു ബാലന്‍സിങ് റിസര്‍വോയര്‍ കം ഡ്രിങ്കിങ് വാട്ടര്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിന് കര്‍ണാടകയ്ക്ക് നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നല്‍കിയ അപേക്ഷ സുപ്രീം കോടതി തള്ളിയ വിധി കേരളത്തിന് ഗുണകരമായേക്കും. ഒരു സംസ്ഥാനത്തിന് അനുവദിച്ച വെള്ളം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ ജലവിഹിതം കുറയ്ക്കുന്നില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സുപ്രധാന വിധി, ജലവിഭവങ്ങളുടെ വിനിയോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വിഹിതം ഉപയോഗിക്കാനുള്ള അധികാരത്തെ ഊന്നിപ്പറയുന്നതാണ്. മുല്ലപ്പെരിയാറിലെ പുതിയ ഡാം എന്ന ആവശ്യം ശക്തമാക്കാന്‍ കേരളത്തിനെ സഹായിക്കുന്നതാണ് ഈ വിധിയെന്നാണ് വിലയിരുത്തല്‍.

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ 2018 നവംബര്‍ 22-ന് കര്‍ണാടകയുടെ സ്ഥാപനമായ കര്‍ണാടക കാവേരി നീരവാരി നിഗം ലിമിറ്റഡിന് ഡിപിആര്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വിപുല്‍ എം. പാഞ്ചോലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തങ്ങള്‍ക്ക് അനുവദിച്ച ജലം സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കാന്‍ ഓരോ സംസ്ഥാനത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

'ഒരു പ്രത്യേക സംസ്ഥാനത്തിന് അനുവദിച്ച വെള്ളത്തിന്റെ മാനേജ്മെന്റും വിനിയോഗവും സംബന്ധിച്ച തീരുമാനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ അവകാശമില്ല. അത്തരം നടപടികളിലൂടെ ആ സംസ്ഥാനത്തിന് അനുവദിച്ച വെള്ളം കുറയുന്നില്ലെങ്കില്‍ ഇത് ബാധകമാണ്,' ബെഞ്ച് നിരീക്ഷിച്ചു. ദീര്‍ഘകാലമായി നിലനിന്നിരുന്ന കാവേരി നദീജല തര്‍ക്കം 2018-ല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിയിലൂടെ പരിഹരിച്ചിരുന്നു. ഈ വിധിയില്‍ കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലവിഹിതം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തമിഴ്നാടിന് അനുവദിച്ച ജലം കോടതിയുടെ വിധി പ്രകാരം ബിലിഗുണ്ടുലുവിലെ അളവ് പോയിന്റില്‍ എത്തുന്നുണ്ടോ എന്ന് സെന്‍ട്രല്‍ വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ റെഗുലേറ്ററി കമ്മിറ്റിയും ഉറപ്പാക്കുമെന്നും വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. വിദഗ്ദ്ധ സമിതികളായ ഇവയ്ക്ക് ഈ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഈ വിധി, അന്തര്‍സംസ്ഥാന ജലതര്‍ക്കങ്ങളില്‍ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ വിഹിതം വിനിയോഗിക്കാനുള്ള വകാശം ഊട്ടിയുറപ്പിക്കുകയും, ഭാവിയിലെ സമാനമായ കേസുകള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്നു.

കാവേരിനദിക്കു കുറുകെ മേക്കേദാട്ടുവില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെച്ചൊല്ലി അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള പോര് കടുത്തിരുന്നു. അണക്കെട്ട് നിര്‍മിക്കുന്നതിനെതിരേ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈവര്‍ഷം കര്‍ണാടകത്തില്‍ അധികമഴ ലഭിച്ചതിനാല്‍ കാവേരി ജലം പങ്കുവെക്കുന്നതില്‍ തര്‍ക്കമുണ്ടായില്ല. എന്നാല്‍, മേക്കേദാട്ടു പദ്ധതിയുടെപേരില്‍ തര്‍ക്കം തുടരുകയാണ്. സംസ്ഥാനത്തിന് നീതിലഭിച്ചുവെന്ന് സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. മേക്കേദാട്ടു പദ്ധതി തമിഴ്നാടിനും പ്രയോജനം ചെയ്യുമെന്നും ജലവിഭവവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന ശിവകുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വന്തം പണം ഉപയോഗിച്ച് ഒരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും മേക്കേദാട്ടു പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 1000 കോടി രൂപയാണ് പദ്ധതിക്കായി കര്‍ണാടക സര്‍ക്കാര്‍ വകയിരുത്തിരിക്കുന്നത്. എന്നാല്‍, അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയുമെന്നാണ് തമിഴ്നാട് ജലസേചന മന്ത്രി ദുരൈമുരുകന്റെ പ്രതികരണം. ഇതിന് എതിരാണ് സുപ്രീംകോടതി ഉത്തരവ്.