- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടിട്ടും സ്മൃതി-പലാഷ് വിവാഹ കാര്യത്തില്‍ പ്രതികരിക്കാതെ കുടുംബം; പലാഷിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് പ്രചരണം; മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍; സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുതെന്ന് ബന്ധു
മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടെങ്കിലും സ്മൃതി-പലാഷ് വിവാഹത്തെക്കുറിച്ച് പ്രതികരിക്കാതെ കുടുംബം. വിവാഹം മാറ്റിവച്ചതല്ല, മറിച്ച് റദ്ദാക്കിയതാണെന്നും പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് കാരണം എന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പലാഷ് മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതിനെക്കുറിച്ചും ഇരുകുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് പലാഷുമായി സംസാരിച്ചതിന്റെ തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പ്രതകിരിച്ചിട്ടുമില്ല. യുവതിയെ മാരിയറ്റ് ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്റെ മറുപടികളുമാണ് വാട്‌സാപ്പ് ചാറ്റിലുള്ളത്.
അതേ സമയം പലാഷിനെ പിന്തുണച്ച് സാമൂഹികമാധ്യമത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുവായ നീതി തക്. അപവാദ പ്രചരണങ്ങളുടെ പേരില്‍ പലാഷിനെ മുന്‍വിധിയോടെ കാണരുതെന്ന് നീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പലാഷ് വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്- എന്നാണ് നീതി കുറിച്ചത്. ഇന്ന് സാങ്കേതികവിദ്യ മനുഷ്യരേക്കാള്‍ മുന്നിലാണെന്നും, അതിനാല്‍ കിംവദന്തികളുടെ പേരില്‍ പലാഷിനെ വിലയിരുത്തരുതെന്നും നീതി കുറിച്ചു. പലാഷിനായി പ്രാര്‍ഥിക്കണം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി മന്ദാന തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി ഡീലിറ്റ് ചെയ്തിരുന്നു. സ്മൃതിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിരുന്നു. അതേസമയം, പലാഷ് മുച്ചലിന്റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്.
ഞായറാഴ്ച സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകന്‍ പലേഷ മുച്ചലിന്റെയും വിവാഹം നടക്കേണ്ട ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനിടെയാണ് ശ്രീനിവാസ് മന്ദാനയെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിവാഹം മാറ്റിവെച്ചിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ശ്രീനിവാസ് മന്ദാനയെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആന്‍ജിയോഗ്രാഫിയില്‍ ഹൃദയധമനികളില്‍ ബ്ലോക്കുകളൊന്നും കണ്ടെത്താനായിരുന്നില്ല. അപകടനില തരണം ചെയ്തതിനെതുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ശ്രീനിവാസ് മന്ദാനയെ ഡിസ്ചാര്‍ജ് ചെയ്തതതെന്ന് കുടുംബത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു. ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരനായ പലാഷ് മുച്ചലിനെ വൈറല്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍ പലാഷിനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
അതേ സമയം സ്മൃതിയുടെ അച്ഛനുമായി പലാഷിന് വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവെക്കാന്‍ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പലാഷിന്റെ അമ്മ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ പലാഷിന് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും അവന്‍ വലിയ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും പലാഷിന്റെ അമ്മ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്.




